Wednesday 16 July 2008

പഞ്ഞ മാസം വന്നു ചേര്‍ന്നു!

ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തു ഒരു ശനിയാഴ്ച അമ്മ സ്പെഷ്യല്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോ ഞാനും കൂടെ പോയി. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു മാത്രം. അല്ലാതെ അതു ലേഡീസ് കോളെജായതുകൊണ്ടൊന്നുമല്ല, ശ്ശെ ശ്ശെ!.അതൊരു പതിവായിരുന്നു. കോളെജിലെ വലിയ ലൈബ്രറിയില്‍ പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല.

പക്ഷേ അന്നു വായിക്കാന്‍ അമ്മ എടുത്തു തന്ന പുസ്തകം ആദ്യം കണ്ടപ്പോ എനിക്കു തീരെ പിടിച്ചില്ല.പടങ്ങളൊന്നുമില്ലാത്ത കഥപുസ്തകം. പേരു മാലി രാമായണം. "നീ ഒന്നു വായിച്ചു തുടങ്ങ്, ഞാന്‍ വേഗമിങ്ങു വരാം" എന്നു പറഞ്ഞിട്ടു അമ്മ പോയി. അങ്ങനെയാണ്‌ ഞാന്‍ രാവണനെയും രാമനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ടതു.

അടുത്ത ദിവസങ്ങളില്‍തന്നെ ഒരു സ്വന്തം കോപ്പി വാങ്ങിപ്പിച്ചു. പലവുരു വായിച്ചു. അങ്ങനെ അതിലെ കഥാപാത്രങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞു. നന്നായി പതിഞ്ഞു.

ദേവീ വിലാസം, കുമാരനല്ലൂര്‍ ദേവസ്വം വക സ്കൂളായതുകൊണ്ട്‌ എല്ലാ കര്‍ക്കിടകമാസത്തിലും രാമായണമാസാചരണം നടത്താറുണ്ടായിരുന്നു. രാമായണ പരായണവും , പ്രശ്നോത്തരിയുമാണ്‌ മല്‍സരങ്ങള്‍. ഞാന്‍ ചേര്‍ന്ന കൊല്ലവും പതിവു പോലെ നോട്ടീസ് വന്നു. അവസാനത്തെ പീരിയഡിന്റെ സമയത്തു പ്രശ്നോത്തരിയില്‍ പങ്കെടുക്കാനായി ഞാന്‍ കയറി ചെന്നപ്പോ എന്നെ അറിയാവുന്ന അദ്ധ്യാപകരില്‍ ചിലരുടെ മുഖത്തു ഒരു അമ്പരപ്പു ഞാന്‍ കണ്ടു. കുറ്റം പറയാന്‍ പറ്റില്ല, ആദ്യമായിട്ടായിരിക്കും ഒരു നസ്രാണി രാമായണം പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ കയറി ചെല്ലുന്നതു എന്നെനിക്കും തോന്നി.

എല്ലാ വര്‍ഷവും ചോദിക്കുന്നതും, എല്ലാവരും ഉത്തരം പറയുന്നതുമായ ചില ചോദ്യങ്ങളുണ്ട്‌. രാമായണത്തിന്റെ കര്‍ത്താവാരു? അദ്ധ്യാത്മ രാമായണം എഴുതിയതാരു? രാമായണത്തില്‍ എത്ര കാണ്ഡങ്ങളുണ്ട്‌ , തുടങ്ങിയവ. അതൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. മാലി രാമായണത്തില്‍ അതൊന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും എനിക്കറിയില്ലെന്നു കണ്ടപ്പോ ഒരു ടീച്ചര്‍ വന്നു രഹസ്യമായി പറഞ്ഞു , " ജോസേ, ഇതു രാമായണത്തെ പറ്റിയുള്ള മല്‍സരമാണ്, ജോസിനു ബുദ്ധിമുട്ടായിരിക്കും ". ചെറുതായി ഒന്നു ചിരിച്ചിട്ടു ഞാന്‍ അടുത്ത ചോദ്യം ശ്രദ്ധിച്ചു.

" രാവണന്റെ ജേഷ്ഠ സഹോദരന്റെ പേരെന്തു?"

ആ ഉത്തരം എഴുതിയ നാലോ അഞ്ചോ പേരില്‍ ഒരാള്‍ ഞാനായിരുന്നു.

പിന്നീടങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായി. കഥാപാത്രങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ എനിക്കു എളുപ്പമായിരുന്നു. ഒടുവില്‍ മല്‍സരം തീര്‍ന്നപ്പോ എനിക്കു യു.പി. വിഭാഗം രണ്ടാം സ്ഥാനം.

അടുത്ത മൂന്നു കൊല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഞാനും ഉണ്ടായിരുന്നു.

പക്ഷേ മാലി രാമായണത്തില്‍ നിന്നും ഞാന്‍ വളരാന്‍ പിന്നെയും സമയമെടുത്തു. പത്താം ക്ലാസ്സില്‍ ലക്ഷ്മണോപദേശം പഠിച്ചപ്പോളാണു അദ്ധ്യാത്മ രാമായണം വായിക്കണമെന്ന ആഗ്രഹമുണ്ടായതു. അടുത്ത പുസ്തക പ്രദര്‍ശനത്തിനു പോയി ഒരെണ്ണം വാങ്ങി വായിച്ചു.

പലപ്പോഴും വ്യക്തമായ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല. എങ്കിലും വായിച്ചു. ഇന്നും ഇടയ്ക്കു വായിക്കാറുണ്ട്‌.

നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്‍ക്കുമ്പോള്‍, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....

Wednesday 9 July 2008

ആട് ചതിച്ച ചതി...

[ആദ്യമായി ഒരു മുന്നറിയിപ്പു.ഈ കഥയില്‍ അല്പ്പം അശ്ലീലമുണ്ട്.അതുകൊണ്ടു സദാചാരത്തിന്റെ വക്താക്കള്‍ ഇതു വായിച്ചു വഴക്കിനു വരരുതു. 'ഇവനൊരു വഷളനാണല്ലോ' എന്നു കരുതുകയും അരുതു.]

ചാനലുകളും മാസികകളുമെല്ലാം ബഷീറിനെ അനുസ്മരിക്കുന്നതു കാണുമ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ്മ വരുന്നു.

പതാം ക്ളാസില്‍ പഠിക്കുന്ന കാലം . അതായതു 1999-2000. മലയാളം സെക്കന്റ് പേപ്പറായി ബഷീറിന്റെ 'പാത്തുമ്മയുടെ ആടു' പഠിക്കാനുണ്ടായിരുന്നു. ബഷീരും അബ്ദുള്‍ ഖാദറും അബുവും പാത്തുമ്മയും പിന്നെ ആടുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി ക്ളാസ്സില്‍കൂടി ഓടി നടക്കുമായിരുന്നു രാധാകൃഷ്ണന്‍ സാര്‍ ക്ളാസ്സെടുക്കുമ്പോള്‍.

ഈ കാലത്താണു നമ്മുടെ സാംസ്കാരികവേദിയില്‍ വളരെ സജീവമായ മട്ടൊരു സാഹിത്യശാഖ എന്റെ ശ്രദ്ധയില്‍പ്പെടുന്നതു. നീലമയമായ ചെറുകഥകളും, നോവലുകളും 'യാത്രാവിവരണങ്ങളും'എല്ലാം പ്രത്യക്ഷപ്പെടുന്ന മാസികകള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നതു ഒറ്റപ്പേരിലാണു. 'കൊച്ചു പുസ്തകം'.[ ഞാന്‍ ആദ്യം പറഞ്ഞ അശ്ളീലം ഇതാണു കേട്ടോ. ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറില്‍, അതിനേക്കള്‍ നിലവാരം കുറഞ്ഞ അച്ചടിയും, നിലവാരമേ ഇല്ലാത്ത കുറേ കഥകളും- അതാണു സാധനം. ഈ വിവരണം ഇതെന്തെന്നു മനസ്സിലാകാത്ത പാവങ്ങള്‍ക്കു വേണ്ടി മാത്രം] .

ഒരു ദിവസം , ഇങ്ങനെ കൈ മാറി വന്ന ഒരു കൃതി എന്റെ കൈയ്യില്‍ പെട്ടു പോയി. ഒടേക്കരന്റെ കയ്യില്‍ കൊടുത്തില്ലെങ്കില്‍ വിലയായ അമ്പതു രൂപ ഞാന്‍ കൊടുക്കണം. അവന്‍ അന്നു ബെല്ലടിച്ചപ്പളേ ഇറങ്ങിയോടി. അപ്പൊ ഇതു ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കണ്ട ചുമതല എനിക്കായി. ഓര്‍ത്തപ്പളേ മുട്ടിടിക്കാന്‍ തുടങ്ങി.പക്ഷേ വേറെ നിര്‍വ്വാഹമില്ലത്തതുകൊണ്ടു ഇതുമായിട്ടു വീട്ടിലോട്ടു വിട്ടു. അപ്പനും അമ്മയും വരുന്നതിനു മുന്പേ വീട്ടിലെത്തിയതു കൊണ്ടു ചെന്നപ്പളേ 'ഐറ്റം' മേശയ്ക്കകത്താക്കി. തുറന്നിരുന്നാല്‍ ആരേലും തുറക്കുമ്പോള്‍ കണ്ടെങ്കിലോ എന്നു പേടിച്ചു ആദ്യം കയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ അകത്തു വെച്ചു. സേഫ് അന്റ് സെക്യുവര്‍! പാത്തുമാടെ ആടിന്റെ അകത്താണു വെച്ചതു. അമ്പടീ ആടേ, 'ശബ്ദങ്ങള്‍' തിന്നതു പോലെ ഇതു നീ തിന്നരുതു കേട്ടോ എന്ന ഒരു തമാശയും എനിക്കു തോന്നി...

അമ്മ പി.എച്.ഡി [ അമ്മുസാര്‍ പറയുന്നതു പിച്ഡി!] തീസിസിന്റെ തിരക്കിലായിരുന്നതു കൊണ്ടു അന്നത്തെ പാചകം അപ്പന്‍ ഏറ്റെടുത്തു. എന്നു വെച്ചാല്‍ കൂടുതലായി ഒന്നുമില്ല, ചപ്പാത്തിക്കുള്ള മാവു അമ്മ കുഴച്ചു പരത്തി കൊടുത്താല്‍, പുള്ളി ചുടും. അങ്ങനെ ഭാര്യക്കും മക്കള്‍ക്കും തനിക്കുമുള്ള ചപ്പാത്തികള്‍ അപ്പന്‍ ചുട്ടെടുക്കുന്നു. അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞാനും ജോണിയും പഠനമൊഴിച്ചു വേറെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം!

പെട്ടന്നു കൊച്ചുപറമ്പില്‍ ജോസഫിന്റെയുള്ളിലെ ബഷീര്‍ ആരാധകന്‍ ഉണരുന്നു." അപ്പുവേ... പാത്തുമായുടെ ആടു എവിടാ ഇരിക്കുന്നെ?...." എന്നു ചോദിച്ചു എന്റെ മുറിയിലേയ്ക്കു പോകുന്നതു ഞാന്‍ കണ്ടതാണു. എന്നിട്ടും എനിക്കു കത്തിയില്ല. "മേശയ്ക്കകത്തുണ്ടപ്പാ.." എന്നു സത്യസന്ധമായ മറുപടിയും കൊടുത്തു. പിന്നേം ഒരഞ്ചു മിനിറ്റു കഴിഞ്ഞാണു എനിക്കു ഒരകവാള്‍ അനുഭവപ്പെട്ടതു. സെന്റീശ്വരാ........

പതിയെ മുറിയില്‍ ചെന്നു മേശ പരിശോധിച്ചപ്പോള്‍ സംഗതി അവിടെ ഇല്ല. പെട്ടു!

അനിയന്‍ ഉറങ്ങി കഴിഞ്ഞു മാതാ-പിതാ വക നീണ്ട ഉപദേശങ്ങളും, കരച്ചിലും പിഴിച്ചിലും എന്നു വേണ്ട, ആകെ പാടെ അടിപൊളി തക ധിമി തോം.!

അതൊന്നു വായിക്കാന്‍ പറ്റിയോ അതുമില്ല, മാനഹാനിയും ധനനഷ്ടവും മാത്രം മിച്ചം.

Thursday 3 July 2008

ഉച്ചക്കഞ്ഞി

കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ ചിലരെയെങ്കിലും വിദ്യാലയങ്ങളോടു ചേര്‍ത്തു നിറുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ ഉച്ചക്കഞ്ഞി.എന്റെ ദേവീവിലാസത്തിലും ഉച്ചക്കഞ്ഞി എന്ന ആവി പറക്കുന്ന പ്രതിഭാസം നിലനിന്നു പോരുന്നു.

ഉച്ചക്കഞ്ഞിയുടെ ചിലവു സര്‍ക്കാര്‍ വഹിക്കുന്നു എന്നാണു വെപ്പെങ്കിലും അതിനായി കിട്ടുന്ന ഗ്രാന്റ് ഒരിക്കലും തികയാറില്ല എന്നതാണ്‌ വാസ്തവം. പോരാതെ വരുന്നതു പി.ടി.എ. ആണു വഹിച്ചിരുന്നതു. ആയതിലേയ്ക്കായി എല്ലാ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചുള്ളതു നല്‍കുന്നു.

ഞാന്‍ ചേര്‍ന്നു കഴിഞ്ഞു ഒരു തവണ വഴിയില്‍ വെച്ചു എന്റെയമ്മയെ കണ്ടപ്പോ എന്റെ ക്ലാസ്സ് ടീച്ചര്‍ ഈ ആവശ്യം അറിയിക്കുകയും, സംഭാവന എന്റെ കയ്യില്‍ കൊടുത്തുവിടാമെന്നു അമ്മ സമ്മതിക്കുകയും ചെയ്തു. എത്ര കൊടുക്കണം എന്നു വീട്ടില്‍ ചര്‍ച്ച ചെയ്തപ്പോ അപ്പന്‍ ചെറുതായി ഒന്നു കണക്കുകൂട്ടി നോക്കി . സി.ബി.എസ്.ഇ. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു എനിക്കൊരു കൊല്ലം ചിലവു വന്നിരുന്നതു നാലായിരത്തോളം രൂപയായിരുന്നു, ദേവീ വിലാസത്തിലെ ചിലവു, കൊല്ലം നാലു രൂപ ഇരുപത്തിയഞ്ച് പൈസാ![ ഇഹു വിശദമായി പിന്നെ പറയാം, അറിഞ്ഞിരിക്കേണ്ട കാര്യമാണ്‌]. പിന്നെ ഇതൊരു നല്ല കാര്യത്തിനുമാണല്ലോ എന്നോര്‍ത്തു അപ്പന്‍ അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തു തന്നു. പിറ്റേന്നതുകൊണ്ടുപോയി ടീച്ചറിന്റെ കയ്യില്‍ കൊടുത്തപ്പോ പുള്ളിക്കാരിക്കു ആകെ വേവലാതിയായി. വേറെയെന്തിനെങ്കിലും തന്നു വിട്ടതാണോ എന്നു പല തവണ ചോദിച്ചു ഉറപ്പു വരുത്തിയിട്ടു നേരെ ഹെഡ്മിസ്റ്ററസ്സിന്റെ മുറിയിലേയ്ക്കു. രസീത്‌ ഒക്കെ തന്നു പറഞ്ഞു വിട്ടു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം, രാവിലെ ചോറു കെട്ടാന്‍ വൈകിയ കാരണം പറഞ്ഞു ഞാന്‍ അമ്മയോടു വഴക്കുണ്ടാക്കി നിക്കുമ്പോ അപ്പന്‍ വന്നു പറഞ്ഞു "ആയിരം രൂപാ കൊടുത്തതല്ലേ, ഇടയ്ക്കു പോയി ആ കഞ്ഞിയും കുടിയെടാ" എന്നു. തരക്കേടില്ലല്ലോ എന്നെനിക്കും തോന്നി. പാത്രവുമായി ക്യൂ നിന്നു ചൂടു കഞ്ഞിയും ചെറുപയറുകറിയും മേടിച്ചു ഊതി ഊതി കുടിച്ചു. മൂന്നും നാലും കറി കൂട്ടി ഉണ്ടു പഠിച്ചിരുന്നതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടൊഴിച്ചാല്‍ സംഗതി നല്ല രസം.

പിന്നെപ്പിന്നെ ഇതൊരു പതിവായി. ചോറ്റുംപാത്രത്തില്‍ മീന്‍കറിയുമായി സ്കൂളില്‍ പോകും [ ഇച്ചിരി മീന്‍ ഇല്ലാതെ ഇറങ്ങാന്‍ പാടാ, വേരുകള്‍ കുമരകത്തല്ലേ?]. പിള്ളേച്ചന്റെ കടയില്‍ നിന്നും അമ്പതു പൈസയുടെ ഒരച്ചാര്‍കൂടി വാങ്ങിയാല്‍, കാര്യം ജഗപൊക!.

ഒമ്പതാം ക്ലാസ്സോടെ വീട്ടില്‍ പോയി ഉണ്ണാന്‍ തുടങ്ങി. അതോടെ ഉച്ചക്കഞ്ഞി കുടി നിന്നു പോയി. പക്ഷേ അനിയന്‍ പിന്നേം കുറേ നാളു കൂടി കുടിച്ചിരുന്നു എന്നാണ്‌ ഓര്‍മ്മ.


അനുബന്ധം:
--------------

എന്റെ വല്ല്യമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവും പാലുംവെള്ളവുമായിരുന്നു റേഷന്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന പാല്‍പ്പൊടി അപ്പാപ്പന്‍ കട്ടു തിന്നു എന്നോ മറ്റൊരു കഥ അമ്മച്ചി പറഞ്ഞതായി ഓര്‍ക്കുന്നു.

മോഹന്‍ലാലിന്റെ 'സോള്‍ട്ട്‌ മാംഗോ ട്രീ'യും ഓര്‍മ്മ വരുന്നു.

ജഗതി: ഇംഗ്ലീഷ് മീഡിയം ആയിരിക്കും

ലാല്‍ : അതെ

ജഗതി : മ്മ്.....

Wednesday 2 July 2008

എന്നു സ്വന്തം അപ്പു - ഭാഗം 2

ഭാഗം 1 വായിക്കാത്തവര്‍ അതു വായിക്കണമേ എന്നപേക്ഷ

സഹപാഠിയും അയല്‍വാസിയുമായിരുന്ന കുട്ടുവായിരുന്നു അതു. സ്കൂളില്‍ പോകാന്‍ അവന്‍ റെഡിയായി എന്നുള്ള സൂചന.അന്നു നേരായ വഴിയേ തന്നെ പോയി. അവളുടെ വീടിന്റെ മുന്നില്‍ ചെന്നതും ഞാന്‍ പേടിക്കാതെ തലയുയര്‍ത്തി നടന്നു. ഇടതു വശത്തോട്ടു നോക്കിയാല്‍ അവളുടെ മുറ്റത്തു ആരേലും ഉണ്ടെങ്കിലോ!

രാവിലത്തെ പരീക്ഷയൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോളാണ്‌ അവളുടെ ക്ലാസ്സിലെ നമ്മുടെയൊരു അടുത്ത സുഹൃത്ത്‌ എന്നെ തിരഞ്ഞു വന്നതു. എന്റെ സാഹസത്തെപറ്റി ഈ പെണ്‍കുട്ടിക്കും ഞാന്‍ ഒരു സൂചന കൊടുത്തിരുന്നു. ചിരിച്ചോണ്ട്‌ നടന്നു വരുന്നതു കണ്ടപ്പോ എനിക്കും പ്രതീക്ഷകള്‍ മുളച്ചു. " എഴുത്തു കൊടുത്തിട്ടു എന്നോടൊന്നു പറഞ്ഞില്ലല്ലോ" എന്നവള്‍ ചോദിച്ചപ്പോ ഞാന്‍ 'അഭിമാനം' കലര്‍ന്ന പുഞ്ചിരിയോടെ മിണ്ടാതെ നിന്നു. പക്ഷേ അതു കഴിഞ്ഞു അവള്‍ പറഞ്ഞ വാചകം എന്നെ അങ്ങു മരപ്പിച്ചു കളഞ്ഞു. " അവള്‍ അന്നു തന്നെ അതു അവളുടെ അമ്മേടെ കയ്യില്‍ കൊടുത്തു എന്നു കേട്ടു. പരീക്ഷ കഴിയുമ്പോ ചോദിക്കാനിരിക്കുവാന്നാ കേട്ടേ..".

പ്രശ്നമായി. അത്രേം നേരം കൂടെ നിന്ന തലതെറിച്ചവന്‍മാരൊക്കെ കൈ മലര്‍ത്തി. പരീക്ഷ എങ്ങനേലും ഒന്നു തീര്‍ന്നുകിട്ടിയാ മതി എന്നു ആഗ്രഹിച്ചിരുന്ന ഞാന്‍ അപ്പോ തൊട്ടു പരീക്ഷ തീരല്ലേ എന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ വിധിയെ തടുക്കാന്‍ മനുഷ്യനാര്? പരീക്ഷ തീരുന്ന ആ മംഗള ദിനം പറന്നെത്തി. ഉച്ചയോടെ എന്റെ പരീക്ഷ തീരും. അവള്‍ക്കു ഉച്ചകഴിഞ്ഞു മാത്രമേ ഉള്ളൂ. 12 മണിക്കു പരീക്ഷ കഴിഞ്ഞ ഞാന്‍ ഇടവഴിയില്‍ കാത്തു നിന്നു. 1 മണിയോടെ അവള്‍ നടന്നടുത്തു. വേറെയൊന്നും വിചാരിക്കല്ലേ, വീട്ടില്‍ പറഞ്ഞു എന്ന കാര്യം സത്യമാണോ എന്നൊന്നു ചോദിക്കണം എന്നു മാത്രേ എനിക്കുണ്ടായിരിന്നുള്ളൂ.

അവളടുത്തെത്തി.

" പരീക്ഷകളൊക്കെ എങ്ങനെയുണ്ടായിരുന്നു?"

" കുഴപ്പമില്ലായിരുന്നു"

നിശബ്ദത...

" വീട്ടില്‍ പറഞ്ഞു അല്ലേ?"

" ഹ്‌മ്...."

" അമ്മ എന്തു പറഞ്ഞു?"

" ഒന്നും പറഞ്ഞില്ല"

" ചേട്ടന്‍ അറിഞ്ഞോ?"

" ഹ്‌മ്.." [ തൊലഞ്ഞു!]

" അച്ഛനോ?"

" ഇല്ല" [ അത്രേം ആശ്വാസം. പക്ഷേ ഇന്നു വൈകിട്ടു അറിയുമാരിക്കും!]

" ആ എന്നാ ശരി. പൊക്കോ. ഓള്‍ ദ ബെസ്റ്റ്"

അവള്‍ നടന്നകന്നു.

ഞാന്‍ വീട്ടിലെത്തിയതു ഒരുറച്ച തീരുമാനത്തോടെയായിരുന്നു. എന്തു വന്നാലും ധൈര്യമായി നേരിടുക.അല്ലാതെ പേടിച്ചു കഴിഞ്ഞാല്‍ എത്ര ദിവസം ഇങ്ങനെ നടക്കും? വരുന്നതു പോലെ വരട്ടെ.

[ അവസാനത്തെ വാചകം ഞാന്‍ ആലോചിച്ചതു കുമരകത്തെ എന്റെ തറവാട്ടിലിരുന്നാ കേട്ടോ. വീട്ടില്‍ ചെന്നു ഒരാഴ്ചത്തേയ്ക്കുള്ള തുണിയും പൊതിഞ്ഞു 4 മണിയോടെ ഞാന്‍ കുമരകം പിടിച്ചു. ഞാനാരാ മൊതലു!]

അനുബന്ധം
------------------

വലിയ തട്ടുകേടൊന്നുമില്ലതെ കാര്യം ഒതുങ്ങി കേട്ടോ. അവളുടെ ചേട്ടനും [ പുള്ളി നമ്മടെ ഫ്രണ്ടായിരുന്നു] പിന്നെ അമ്മയും കുറേയധികം കളിയാക്കി. അങ്ങനെ കുറെ നാളത്തേയ്ക്കു ഞാന്‍ പിന്നെ അവര്‍ക്കു മുഖം കൊടുക്കാറില്ലായിരുന്നു. അങ്ങനെ അങ്ങനെ അതങ്ങു അവസാനിച്ചു.

ഇനി, ഇതിപ്പോ ഓര്‍ക്കാന്‍ കാരണം , കഴിഞ്ഞ ഞായറാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോ അവളും അമ്മയും അപ്പനും കൂടി അവിടെ നില്‍ക്കുന്നതു കണ്ടു. അപ്പോ പെട്ടന്നു നൊസ്റ്റാള്‍ജിയായുടെ ഒരസ്കിത!

കഥയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും, പ്രത്യേകിച്ചു അവള്‍ക്കും , ഒരു നല്ല ജീവിതം ആശംസിക്കുന്നു.!

Tuesday 1 July 2008

എന്നു സ്വന്തം അപ്പു..

Disclaimer:
-------------
വലിയ ഒരു കാലവിളംബം വന്നതിനു ക്ഷമാപണം. [ "ഓ പിന്നെ! എന്നു വെച്ചാ ഇവിടെ കുറേപേരു ഇതും നോക്കിയിരുപ്പല്ലേ.." എന്നു എന്റെ മനസ്സു പറയുന്നുണ്ടു, എന്നാലും..]. എല്ലാം ക്രമമായി
എഴുതണമെന്നൊക്കെയാരുന്നു വിചാരിച്ചിരുന്നതു. അതു നടപ്പാകും എന്നു തോന്നുന്നില്ല.
---------------

ഒരു പാടു പേരെഴുതി തകര്‍ത്ത, തേഞ്ഞു തീര്‍ന്ന ഒരു കഥയാണ്‌ പുറകേ വരുന്നതു. ഒരു പാടൂഹിക്കണ്ട, അതു തന്നെ ...ആദ്യ പ്രേമലേഖനം!

കഥാ നായിക എന്നെപ്പോലെ തന്നെ, എന്റെ സ്കൂളില്‍ നിന്നും ദേവീ വിലാസത്തിലേയ്ക്കു ചേക്കേറിയ ഒരു മാടപ്രാവായിരുന്നു. ഒരു കൊല്ലത്തിനിളപ്പം. അയല്‍ക്കാരി. ആങ്ങളമാരു രണ്ടും എന്റെ
കളിക്കൂട്ടുകാര്‍. നല്ല പരിചയം.

ദേവീ വിലാസത്തില്‍ പരീക്ഷിച്ചിട്ടുള്ള തല്ലുകൊള്ളിത്തരങ്ങള്‍, അതിന്റെ പാരമ്യത്തിലെത്തിയതു ഒമ്പതാം ക്ളാസ്സിലായിരുന്നു. ഏറ്റവും പുറകിലേ ബെഞ്ചില്‍, സൈലേഷും സുമേഷും കൃഷ്ണകുമാറും പിന്നെ ഞാനും കൂടി ചേര്‍ന്ന മാഫിയ. അര ഭിത്തിക്കു നേരെ മുകളില്‍ കൂടി മേലോട്ടു നോക്കിയാല്‍, രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ എട്ടു-എ ഡിവിഷന്‍. എന്താ കാരണം എന്നറിയില്ല, പക്ഷേ കാണാന്‍ ഒരു സുഖമുള്ള കുറേയധികം പെമ്പിള്ളേര്‍ ആ ക്ളാസ്സിലുണ്ടായിരുന്നു. നമ്മുടെ കഥാനായികയും അതേ ക്ളാസ്സില്‍.

കുടുംബമുള്‍പ്പടെ പരിചയമുള്ളതുകൊണ്ടു അവളെ വിട്ടു ബാക്കിയെല്ലാവരെയും മടുപ്പില്ലാതെ വായിനോക്കുന്ന കാലത്താണു, കൂടെ പഠിക്കുന്ന ഒരു കൊശവന്‍ വന്നു എന്നോട്‌ അവന്റെ മനസ്സു തുറന്നതു. അവനു ലവളോട്‌ പ്രേമമാണുപോലും. ആരോടെന്നോ? നമ്മുടെ നായികയോട്‌." അതിനു ഞാനിപ്പോ എന്തോ വേണം, നീ തന്നെ പോയി പറയെടാ.." എന്നൊക്കെ പറഞ്ഞു അവനെ വിട്ടെങ്കിലും എനിക്കു പെട്ടെന്നു എവിടെയോ ഒരു വിഷമം. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒന്നു മല്‍സരിച്ചാല്‍ കൊള്ളാമെന്നു മാണി കോണ്‍ഗ്രസ്സുകാരു പറയുമ്പോ ഒര്‍ജിനല്‍ കോണ്‍ഗ്രസ്സുകാര്‍ക്കു തോന്നുന്ന ഒരു ബുദ്ധിമുട്ടു. ശ്ശെടാ! എനിക്കിപ്പോ ഇങ്ങനെ തോന്നണ്ട കാര്യമെന്താ എന്നൊക്കെ ഞാന്‍ പല തവണ ആലോചിച്ചു. ഉത്തരമില്ല.

പിന്നെ കുറേയധികം നിദ്രാവിഹീനങ്ങളായ രാവുകള്‍.ഒടുവില്‍ ഞാനാ വലിയ രഹസ്യം കണ്ടെത്തി. എനിക്കവളോട്‌ മുടിഞ്ഞ "ഐ ലവ്യൂ" ആണെന്ന പരമ സത്യം. ഹൊ! അപ്പോ കാര്യത്തിനു ഒരു തീരുമാനമായി. ഇനിയിപ്പോ ഇതൊന്നു ചെന്നു പറയണ്ട കാര്യമേയുള്ളൂ. റൂട്ടു ക്ളീന്‍. ദൈവം സഹായിച്ചു , ഒത്ത ശരീരവും മുട്ടന്‍ തലയുമൊക്കെയായിട്ടു ആകെപ്പാടെ ഒരാനചന്തം എനിക്കുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി തീരെയില്ലാണ്ടാവില്ലല്ലോ അല്ലേ?

നേരെ പോയി പറയാന്‍ വല്ലായ്മക്കുറവിന്റെ ഒരില്ലായ്മക്കുറവ്‌. അങ്ങനെയാണ്‌ ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ പ്രേമലേഖനത്തിനു കളമൊരുക്കിയതു. യു.പി . സ്കൂള്‍ മുതല്‍ സ്ഥിരമായി ഉപന്യാസമല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ളതുകൊണ്ടു എഴുത്തു നമുക്കു ചീള്‌ കേസ്‌! വലിയ പരീക്ഷക്കു പഠിക്കാനെന്നു പരഞ്ഞു പുരപ്പുറത്തു കേറിയ ഒരു സായാഹ്നത്തില്‍ ഞാനാ മംഗള കര്‍മ്മത്തിനു തുടക്കം കുറിച്ചു. എഴുതി പഠിക്കാന്‍ കയ്യിലെടുത്തിരുന്ന "കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ"[അപ്പനു അവിടെയാണു ജോലി] ഒരു ലെറ്റര്‍പാഡിലായിരുന്നു സര്‍ഗ്ഗസൃഷ്ടി. ആരു കണ്ടാലും , അതു ഞങ്ങടെ വീട്ടില്‍ നിന്നുമാണു പബ്ലിഷു ചെയ്തതു എന്നു മനസ്സിലാകും. പക്ഷേ അന്നതൊന്നും ആലോചിച്ചില്ല.

എഴുതി തീര്‍ത്തിട്ടു വായിച്ചു നോക്കിയപ്പോള്‍ നല്ല ഒന്നാന്തരം ഒരു ഉപന്യാസം. ആമുഖം, വിഷയാവതരണം, ഉള്ളടക്കം, ഉപസംഹാരം എന്നിങ്ങനെ പാരഗ്രാഫു തിരിച്ചു പടച്ചു വെച്ചിരിക്കുന്നു. അല്പ്പം കൂടി റൊമാന്റിഫിക്കേഷന്‍ ചെയ്യണോ എന്നൊന്നു സംശയിച്ചതാ, പിന്നെ വേണ്ടന്നു വെച്ചു. പിറ്റേന്നു സ്കൂളില്‍ കൊണ്ടു പോയി, ലൌലെറ്റര്‍ കലയില്‍ വെറ്ററനായ സൈലേഷിനെ കാണിച്ചു. 'ഇതില്‍ സാഹിത്യമില്ല' എന്നതായിരുന്നു പുള്ളിയുടെ കമന്റ്‌. അവന്‍ പോക്കറ്റില്‍ നിന്നും ഒരു കടലാശ്‌ പുറത്തെടുത്തു. അതില്‍ അക്കമിട്ടെഴുതിയിരിക്കുന്ന വരികള്‍ ഞാന്‍ വേഗത്തില്‍ വായിച്ചു.

1." അല്ലിമലര്‍കാവിലെ ആമ്പല്‍പൂവേ..അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി.. ആവില്ല മുത്തേ നിന്നെ പിരിയാന്‍.. അത്രക്കു നിന്നെ ഞാന്‍ സ്നേഹിച്ചു പോയി"

2. " ഒരു നാള്‍ ഞാന്‍ മരിക്കും, എനിക്കതു നിന്നെ സ്നേഹിച്ചുകൊണ്ടു മരിക്കണം"

എന്നിങ്ങനെ മലയാളത്തില്‍ നല്ല കിടിലം വരികള്‍.[ അക്ഷരപ്പിശകുകളുണ്ട്‌. അവനെഴുതിയതല്ലേ?]

ഏറ്റവും അവസാനം ഇംഗ്ലീഷിലും ഒരു സാധനം -- Love me for a reason, Let the reason be love...! എന്റമ്മെ!!!

ചില വരികളൊക്കെ എനിക്കിഷ്ടപ്പെട്ടു, പക്ഷേ അവയൊന്നും ഞാനെഴുതിയ എഴുത്തിനു ചേരുന്നില്ല. എന്റെ എഴുത്തിനു പറ്റിയതു പ്രേമവിവാഹങ്ങളുടെ അവലോകന ഗ്രാഫ്‌ ആണെന്നു വരെ തോന്നിപ്പോയി. ഒടുവില്‍ വെച്ചുകെട്ടുകളൊന്നുമില്ലാതെ സംഗതി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അടുത്ത പ്രശ്നം ഇതെപ്പോ കൊടുക്കും എന്നതായി. പതിവ് പ്രവൃത്തി ദിനങ്ങളില്‍ അവളുടെ അനിയനും കൂടെ കാണും. പക്ഷേ പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍, അവള്‍ക്കു ഉച്ചക്കാണ്‌ പരീക്ഷ എന്നുള്ളതുകൊണ്ട്‌ അവള്‍ തനിയെ ആണു വരുന്നതു. അപ്പോ പിന്നെ പരീക്ഷക്കിടയില്‍ തന്നെ കാര്യം സാധിക്കണം.

ആരു കൊണ്ടു പോയി കൊടുക്കും? ഞാനോ? നോക്കിയിരുന്ന മതി. വേറെയൊന്നുമുണ്ടായിട്ടല്ല, എനിക്കു പേടിയാ, അത്ര തന്നെ!. ആ ജോലി സൈലേഷും സുമേഷും ഏറ്റെടുത്തു. അങ്ങനെ , എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1999 മാര്‍ച്ചു 9 ചൊവ്വാഴ്ച ആ സംഭവം നടന്നു. വീട്ടിലെ ഉത്തരവാദിത്തമുള്ള മകനായ, കുടുംബത്തിലെ നല്ല പിള്ളയായ ഞാന്‍ എഴുതിയ ഒരു പ്രേ.ലേ., ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ ചെന്നു പെട്ടു.

ടെന്‍ഷന്‍ എന്നൊക്കെ പറയുന്നതു എന്താണെന്നു അറിഞ്ഞ ദിവസമായിരുന്നു. വൈകുന്നേരം മുതല്‍ ഗേറ്റിലേയ്ക്കു കണ്ണ്‌ നട്ടു കാത്തിരുന്നു. ഒരു കയ്യില്‍ എഴുത്തും മറു കയ്യില്‍ ഒരു പത്തലുമായി കയറി വരുന്ന അവളുടെ പിതാമഹനെ കാത്തു. പിറ്റേന്നു പരീക്ഷക്കു അവളുടെ വീടിന്റെ മുന്നിലൂടെയുള്ള വഴി ഒഴിവാക്കി, വളഞ്ഞ വഴിയേ പോയി. സ്കൂളില്‍ ചെന്നിട്ടു, പതിവില്ലാത്ത വിധം പരീക്ഷാഹാളിനുള്ളില്‍ തന്നെയിരുന്നു സമയം കളഞ്ഞു. പക്ഷേ അന്നു വൈകിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ പേടി മാറി ഒരു ചെറിയ പ്രതീക്ഷയുടെ രൂപത്തിലായി.

പിറ്റേന്നു രാവിലെ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ ആരോ എന്നെ വിളിക്കുന്നതു ഞാന്‍ കേട്ടതു.."അപ്പൂ...."

[തുടരും]