Tuesday 23 September 2008

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

ദേ,

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...

അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...

Wednesday 17 September 2008

സാ..പാ..സാ..

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വിളയാടിയിരുന്ന സമയത്താണ്‌, എന്റെയമ്മയ്ക്ക്‌ പെട്ടന്നൊരു തോന്നലുണ്ടായത്‌ : മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം.

അന്നു കുമാരനല്ലൂരാണു താമസം. കാക്കനാട്ട്‌ കുന്നുംപുറത്തിന്റെ ഒത്ത നെറുകയിലാണ്‌ വീടു. കവലയില്‍ ബസിറങ്ങി 1 കിലോമീറ്റര്‍ നടന്നിട്ടു, പിന്നെ സെക്കന്റ്‌ ഗിയറില്‍ കുന്നുകേറി വരുമ്പോ, ഒന്നു നിര്‍ത്തി ഫസ്റ്റ്‌ ഗിയറിലേയ്ക്കു തട്ടുന്ന ഒരു ചെറിയ വളവുണ്ട്‌. അതിനെ നേരെ വലതു വശത്തായിരുന്നു, ആ കാലത്തു തന്നെ കുമാരനല്ലൂര്‍ പ്രദേശത്തു അറിയപ്പെട്ടിരുന്ന ശ്രീ കുമാരനല്ലൂര്‍ ശരവണന്‍ സാറിന്റെ വീട്‌. അദ്ദേഹം തൃപ്പൂണിത്തറ സംഗീത കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, വീട്ടില്‍ സംഗീത ക്ലാസ്സുകളും നടത്തിയിരുന്നു.

അപ്പോ മേല്‍പ്പറഞ്ഞ വളവില്‍, ഒന്നു ശ്വാസം വിടാനായി നിന്നിരുന്ന സമയങ്ങളില്‍ , പുള്ളിയുടെ വീട്ടിലിരുന്നു കുട്ടികള്‍ പാടി പഠിക്കണതു കണ്ടപ്പോ തൊട്ടാണ്‌ അമ്മയ്ക്കും അങ്ങനെയൊരാഗ്രഹം തോന്നിയത്‌.

അങ്ങനെ, ഏതോ ഒരു ഞായറാഴ്ച രാവിലെ , വെറ്റിലയും പാക്കും ദക്ഷിണയും കൊടുത്തു ഞങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി.

" സാ....പാ...സാ" പാടി തുടങ്ങിയാല്‍, അതു തന്നെ പാടി അവസാനിപ്പിക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന ക്ലാസ്സുകള്‍ ജീവിതത്തിന്റെ ഭാഗമായി.

ആദ്യത്തെ ഒരു ഉഷാറൊക്കെ കഴിഞ്ഞപ്പോ ഇതൊരു ചെറിയ കുരിശാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ശനിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയുമാണ്‌ ക്ലാസ്സ്‌. ശനിയാഴ്ച വൈകുന്നേരത്തെ കളി തടസ്സപ്പെടുന്നു, ഞായറാഴ്ച അതിരാവിലെ എഴുന്നേല്ക്കുകയും വേണം. ഇതിനെല്ലാം പുറമേ, തലേ ക്ലാസ്സില്‍ പഠിപ്പിച്ചതു ഇടദിവസങ്ങളില്‍ പാടി പഠിക്കണം.

ഞായറാഴ്ച രാവിലെ കുഴപ്പമില്ല. തലേന്നു പാടിയതു്‌ എങ്ങനെയേലും ഓര്‍ത്തു പാടാം. പക്ഷേ പിറ്റേ ശനിയാഴ്ച ചെല്ലുമ്പോ എല്ലാം മറന്നിരിക്കും. ആദ്യമൊക്കെ സാര്‍ ഉപദേശരൂപേണ പറഞ്ഞു നോക്കി, പിന്നെ സ്നേഹം കലര്‍ന്ന ശകരാം, പിന്നെ പരിഹാസം കലര്‍ന്ന ശകരാം, നല്ല ശകാരം അങ്ങനെ എല്ലാം പരീക്ഷിച്ചു, കിം ബഹുനാ! പിന്നെ വന്നെ ശനിയാഴ്ചകളിലും ഞങ്ങള്‍ പതിവുപോലെ മിഴിച്ചിരുന്നു.

ആദ്യം സ്വരസ്ഥാനങ്ങളും, പിന്നെ വരിശകളും, ഗീതങ്ങളും,വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമൊക്കെയായി നാലു നാലര വര്‍ഷം അങ്ങനെയങ്ങനെയങ്ങു പോയി.

ആ കാലത്തു, എന്റെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു പരുപാടിയുണ്ടെങ്കിലും, എല്ലാം കഴിയുമ്പോ അമ്മ ഒരു പ്രസ്താവന അങ്ങു നടത്തും.

" ഇനി അപ്പുവും ജോണിയും കൂടി ഒരു പാട്ടു പാടും".

പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങടെ ശാസ്ത്രീയം കേക്കാതെ ആരും സമ്മതിക്കില്ല. വരികളൊന്നും ഓര്‍മ്മയില്ല എന്നു പറയാന്‍ പറ്റില്ല, കാരണം മാഗി ടീച്ചര്‍ പാട്ടിന്റെ ബുക്കും എടുത്തോണ്ടാണല്ലോ പോന്നിരിക്കുന്നതു. അങ്ങനെ കൊച്ചുപറമ്പില്‍-ആകശാല കുടുംബങ്ങള്‍ പല തവണ "ശ്രീ ഗണ നാഥാ"യും , "വരവീണ"യുമൊക്കെ കേട്ടു കയ്യടിച്ചിരിക്കുന്നു.

[ എല്ലാം കഴിയുമ്പോ അമ്മു സാറിന്റെ ഒരു ചോദ്യമുണ്ട്‌ : " ശാസ്ത്രീയ സംഗീതത്തില്‍ നമ്മുടെ പാട്ടൊന്നും ഇല്ലേ?".. ഏതു? നമ്മുടെ പാട്ടേ!!!]

" വാ താ പി ഗണപതി" ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ ഇപ്പോ ഏതാണ്ടൊക്കെ ആയി എന്നെനിക്കു തോന്നി തുടങ്ങി. "സാ തിം ചനേ"യും "എന്തരോ മഹാനു ഭാവുലൂ"-വും കൂടി കഴിഞ്ഞപ്പോ, മതിയല്ലോ എന്നായി.ആറു മാസം കൂടി കഴിഞ്ഞു അരങ്ങേറ്റം നടത്തിയേക്കാം എന്നൊക്കെ സാറു വീട്ടുകാരോടു പറഞ്ഞിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ' ഇനി മുതല്‍ ഞാനില്ല' എന്നു ഞാനങ്ങു തീരുമാനിച്ചു. അതോടെ ജോണിയും പോക്ക്‌ നിറുത്തി.

പക്ഷേ , പിന്നീട്‌ അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.

പഠിച്ചിരുന്ന കാലത്തു, എന്നും സാധകം ചെയ്യാന്‍ വേണ്ടി അമ്മ വാങ്ങി തന്നെ ആ പഴയ ഹാര്‍മോണിയം ഇപ്പോഴും വീട്ടിലിരിപ്പുണ്ട്‌.

ഇത്തവണ പോയപ്പോ ഒന്നു പൊടി തൂത്തു വെച്ചു. ശ്രുതിയിട്ടു. നാലു വരി പാടി.

അമ്മ പറയാറുള്ളതു തന്നെ പിന്നേം പറഞ്ഞു : " അന്നു നീയൊരുത്തന്‍ കാരണമാ അതു നിന്നു പോയത്‌"

നേരാ.

Tuesday 9 September 2008

ചതുരവടിവില്‍ ഒരത്തപ്പൂക്കളം!

ഇതു ദേവീവിലാസത്തിലെ കഥയല്ല. ദേവീ വിലാസം എന്ന 'ലോ ക്ലാസ്സ്‌' സ്കൂളില്‍ ചേരുന്നതിനു മുമ്പ്‌ ഞാന്‍ അങ്കംവെട്ടിയിരുന്ന സി.ബി.എസ്‌.സി സ്കൂളിലെ കഥ.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലമായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. ആ വര്‍ഷമാദ്യം , ഞങ്ങടെ ക്ലാസ്സ്‌ ടീച്ചറായി ഒരു റെയ്ച്ചല്‍ മിസ്സ്‌ സ്കൂളില്‍ ചേര്‍ന്നു. ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്‌, വിവാഹശേഷം കുറേ കൊല്ലം ഇന്ത്യക്കു പുറത്ത്‌, ആ ബഡായിയെല്ലാംകൂടി ഞങ്ങടെ പുറത്ത്‌ - അതായിരുന്നു അവസ്ഥ.

അങ്ങനെയിരുന്നപ്പോ ഓണം വന്നു. ഓണപ്പരീക്ഷ കഴിഞ്ഞു പിറ്റേന്ന്‌ സ്കൂളില്‍ ഓണാഘോഷം. ക്ലാസ്സ്‌തലത്തില്‍ അത്തപ്പൂക്കള മല്‍സരം.

അതിനു മുമ്പുള്ള വര്‍ഷങ്ങളില്ലാം ഇതു നടന്നിരുന്നതു കൊണ്ട്‌ കാര്യങ്ങളെങ്ങനെ വേണമെന്നതിനു ഒരേകദേശരൂപം ഞങ്ങള്‍ക്കുണ്ടായിരുന്നു.അതിങ്ങനെ :-

എല്ലാവരും കൂടി പിരിവിട്ടു ഒരു 150 രൂപയ്ക്കുള്ള പൂവ്‌ പുറത്തു നിന്നു മേടിക്കുന്നു, പിന്നെ അവനവന്റെ വീട്ടിലുള്ള പൂവെല്ലാം പറിച്ചുകൊണ്ടു വരുന്നു, പഴയ 'വനിത' പതിപ്പുകളിലെ വലിയ ആര്‍ഭാടമില്ലാത്ത ഒരു പൂക്കളമിടുന്നു- ഉള്ള ഭംഗി മതി. സമ്മാനം നിര്‍ബന്ധമില്ല.

കാശ്‌ പിരിച്ചു. പറ്റിയ ഡിസൈന്‍ തപ്പിയെടുക്കാന്‍ താളുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോ റെയ്ച്ചല്‍ മിസ്സ്‌ കേറി വന്നു. കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്കും വലിയ താല്‍പ്പര്യം, കൂടെ കൂടി. പക്ഷേ ഒരു കളവും പുള്ളിക്കാരിക്കു്‌ ഇഷ്ടപ്പെടുന്നില്ല. കയ്യിലെ സ്റ്റോക്ക്‌ തീര്‍ന്നപ്പോ ഡിസൈന്റെ കാര്യം മിസ്സ്‌ ഏറ്റെടുത്തു. വീട്ടില്‍ നല്ല കുറേ ഡിസൈന്‍സ്‌ ഉണ്ടെന്നും അതില്‍ കൊള്ളാവുന്ന ഒരെണ്ണം കൊണ്ടുവരാമെന്നും പുള്ളിക്കാരി ഏറ്റു.

പിന്നെ പരീക്ഷകളുടെ സമയമായിരുന്നു. ഇതിന്റെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല.

പരീക്ഷ തീരുന്ന അന്നു വൈകിട്ടു, ഏതൊക്കെ നിറത്തിലുള്ള പൂവുകള്‍ മേടിക്കണം എന്നു ചോദിക്കാന്‍ സ്റ്റഫ്‌ റൂമില്‍ ചെന്നപ്പോ, പുള്ളിക്കാരി നേരത്തേ പോയി എന്നറിഞ്ഞു. പതിവു പോലെ ജമന്തിയും വാടാമുല്ലയും മേടിക്കാം എന്നു തീരുമാനിച്ചു പിരിഞ്ഞു.

രാവിലെ എണീക്കാന്‍ അല്‍പ്പം വൈകി. പല്ലു തേച്ചിട്ടു പൂ പറിക്കാന്‍ ഇറങ്ങിയപ്പോഴാണ്‌ ചതി മനസ്സിലായത്‌. അതിരാവിലെ എഴുന്നേറ്റ്‌ പ്രിയ സഹോദരന്‍ പൂവെല്ലാം പറിച്ചു കൂട്ടിലാക്കി. ആകെ മിച്ചം വെച്ചിരിക്കുന്നതു മൊസാണ്ടയും [ 'ഞാനാരുമല്ലേ, എനിക്കാരുമാകണ്ടേ' എന്ന രീതിയില്‍ തളര്‍ന്നു കിടക്കുന്ന ഒരു പൂവ്‌], പിന്നെ പൂച്ചവാലന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന , പേരു പോലെ തന്നെ പൂച്ചവാലു പോലെ നീണ്ട ഒരു പൂവും.

അമ്മയുടെ അഭ്യര്‍ത്ഥന, അപ്പന്റെ ഭീഷണി - ഒന്നും വിലപ്പോയില്ല. അവന്‍ പറിച്ചതില്‍ നിന്നും ഒരിതള്‌ പോലും അവന്‍ തന്നില്ല. എന്റെ അനിയനായതുകൊണ്ട്‌ പറയണതല്ല, അന്നുമതെ ഇന്നുമതെ, അവന്റെ കയ്യില്‍ നിന്നും എന്തേലും കിട്ടണമെങ്കില്‍ ഒരു ശകലം പാടാണ്‌.

അങ്ങനെ രാവിലെ തന്നെ കലിപ്പടിച്ചാണ്‌ സ്കൂളിലെത്തിയത്‌.

അപ്പോ അറിയുന്നു, ഡിസൈനുമായി എത്തേണ്ട പാര്‍ട്ടി എത്തിയിട്ടില്ല, വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന്‌. വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്നു പിറുപിറുത്തുകൊണ്ട്‌ മിസ്സിനായി കാത്തു നിന്നു. ബാക്കി ക്ലാസ്സുകാരെല്ലാം ഇട്ടു പകുതിയായി. അല്പ്പം കഴിഞ്ഞപ്പോ മന്ദഗതിയില്‍ അവരു നടന്നുവരുന്നതു കണ്ട്, സമയം ലാഭിക്കാന്‍ ഓടി അവരുടെ അടുത്ത്‌ ചെന്നു.

" മിസ്സേ, ഡിസൈന്‍ താ. നേരം പോയി..."

"ഡിസൈന്? വാട്ട്‌ ഡിസൈന്?"

" അയ്യോ മിസ്സല്ലേ അന്നു പറഞ്ഞതു പൂക്കളത്തിനുള്ള ഡിസന്‍ കൊണ്ടുവരാമെന്നു"

" ഓ..ശോ...മൈ ഗോഡ്!........."

ചുരുക്കം പരഞ്ഞാല്‍ അവരാക്കാര്യം മറന്നു. കുന്തസ്യ ഗുണം ദേവസ്യ സമം.. അതു തന്നെ!

സമചിത്തത വീണ്ടെടുത്ത മിസ്സ്‌ , ആ സാധനം വീണ്ടെടുക്കാത്ത ഞങ്ങളോട്‌ :

" നോ പ്രോബ്ലം. ഞാന്‍ ഇപ്പോ ഒരെണ്ണം റെഡിയാക്കാം"

സ്റ്റാഫ്‌ റൂമിലേയ്ക്കു പോയിട്ടു 2 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കടലാസ്‌ കഷണവുമായി ക്ലാസ്സിലെത്തി. ചുരുങ്ങിയ സമയം കൊണ്ട്‌ താന്‍ രൂപപ്പെടുത്തിയ കലാരൂപം, അഭിമാനത്തോടെ ക്ലാസ്സിലെ ബോര്‍ഡിലേക്കു പകര്‍ത്തി.

ഒരു വലിയ സമചതുരത്തില്‍, പതിനാറു സമചതുരങ്ങള്‍. ജനലഴികള്‍ പോലെ, ജയിലഴികള്‍ പോലെ കളങ്ങള്‍. ആകെപ്പാടെ കളകളം, കുളംകുളം.

മനസ്സിലായില്ല?, ദേ ഇങ്ങനെ..






എന്താണ്‌ അവരെ ഇങ്ങനെ തോന്നിപ്പിച്ചത്‌ എന്നെനിക്കറിയില്ല. വേറെയൊരു ഡിസൈന്‍ തപ്പിയെടുത്ത്‌ ഉള്ള സമയം കൊണ്ട്‌ ഒരു പൂക്കളം തട്ടിക്കുട്ടിയതെങ്ങനെയെന്നും.

Monday 1 September 2008

നരസിംഹം...

മമ്മൂട്ടിയുടെ പുതിയ പടം പരുന്തിന്റെ റിലീസും അതുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുമൊക്കെ കേട്ടപ്പോ, ഇതുപോലെ റിലീസ്‌ പടങ്ങള്‍ കണ്ടു നടന്നിരുന്ന കാലം ഓര്‍മ്മ വരുന്നു. [ കാലം.. അതാണു കാലം...]

കോട്ടയം പട്ടണത്തില്‍ കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോയി തുടങ്ങിയതു ഏഴാം ക്ലാസ്സു മുതലാണു. സ്ഥിരമായി പോയി തുടങ്ങിയതു ഒമ്പതാം ക്ലാസ്സില്‍ വെച്ചും. വീട്ടില്‍ പറഞ്ഞും പറയാതെയും എത്രയെത്ര സിനിമകള്‍! കോട്ടയത്തെ [അനുപമ, അഭിലാഷ്‌,ആനന്ദ്‌, ആഷ, പിന്നെ വല്ലപോഴും അനശ്വര]തിയറ്ററുകളിലെ സീറ്റുകളില്‍ നിതംബക്ഷതങ്ങള്‍ മാറി മാറി ഏല്പ്പിച്ചിരുന്ന കാലം.

2000 ജനുവരി 26-നാണ്‌ നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയുമായി നരസിംഹം റിലീസായതു. 2 ദിവസം മുമ്പു തന്നെ കോട്ടയം പട്ടണവും പ്രാന്ത പ്രദേശങ്ങളും പോസ്റ്ററുകള്‍ കൊണ്ട്‌ നിറഞ്ഞു. കറുത്ത ഷര്‍ട്ടില്‍ ചെറിയ വെള്ള നക്ഷത്രങ്ങളുള്ള ഷര്‍ട്ടിട്ടു, കയ്യില്‍ മുനയുള്ള ഒരു ഇടിവളയൊക്കെ കേറ്റി ലാലേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു. റിലീസു ഷോ തന്നെ കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

അന്നു രാവിലെ തന്നെ പോയി ടിക്കറ്റിനായി ഗുസ്തി പിടിക്കണം എന്നൊക്കെ തീരുമാനിച്ചു ഇരിക്കുമ്പോഴാണു ഒരു ചെറിയ തടസ്സം നേരിട്ടതു. ജനുവരി ആദ്യ ആഴ്ച കോട്ടയത്തു വെച്ചു നടന്ന ഒരു ഉപന്യാസമല്‍സരത്തിനു എനിക്കും കിട്ടിയിരുന്നു ഒരു സമ്മാനം. അതിന്റെ കാശ് അവാര്‍ഡ്, റിപ്പബ്ലിക്കു ദിന പരേഡിന്റെ സമയത്തു അന്നത്തെ മന്ത്രി [പരേതനായ] സഖാവു്‌ ടി.കെ.രാമകൃഷണന്റെ കയ്യില്‍ നിന്നും കൈപ്പറ്റണം.

കുടുങ്ങി! പരേഡും കലാപരിപാടികളുമൊക്കെ കഴിഞ്ഞു കാശ്‌കയ്യില്‍ കിട്ടുമ്പോ സമയം പോകും. പോയില്ലെങ്കിലും കുഴപ്പമില്ല, കാശ്‌ സ്കൂളിലോട്ടു വന്നോളും എന്നു പറഞ്ഞെങ്കിലും അപ്പന്‍ സമ്മതിച്ചില്ല. ഞാന്‍ അവിടെപ്പോയി തന്നെ മേടിക്കണം, പോരാത്തതിനു പുള്ളിയും വരുന്നുണ്ടു, അപ്പോ എല്ലാം ഒത്തു!

ഒക്കെ ഞങ്ങളേറ്റു എന്നു പറഞ്ഞ സ്നേഹസ്തീര്‍ത്ഥ്യരില്‍ വിശ്വാസമര്‍പ്പിച്ചു രാവിലെ മേല്‍പ്പറഞ്ഞ ചടങ്ങിനു പോയി ഇടപാടെല്ലാം തീര്‍ത്തിട്ടു അഭിലാഷില്‍ എത്തിയപ്പോ ഗേറ്റ് തുറന്നിരുന്നു.ഫസ്റ്റ് ക്ളാസിന്റെ ക്യൂ നീണ്ട് നീണ്ട് കിടക്കുന്നു. കൂട്ടുകാരില്‍ ഒരുത്തനെപ്പോലും കാണാനില്ല. ക്യൂവിന്റെ മുന്‍ഭാഗം ഒരു ഇടനാഴിയിലാണ്‌ നിലയയുറപ്പിച്ചിരിക്കുന്നതു. അതില്‍ അവരുണ്ട്‌ എന്നു വിശ്വസിക്കാമെങ്കിലും, ടിക്കറ്റുമായി പുറത്തു വന്നാലേ അതുറപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടു എന്റെ വഴിക്കും ടിക്കറ്റിനായി ഒരു ശ്രമം നടത്താം എന്നു തീരുമാനിച്ചു, ഞാന്‍ ബാല്‍ക്കണി ക്യൂവിന്റെ ഇടയിലേയ്ക്കു കടന്നു. ടിക്കറ്റിനായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ആന്റിയോ ചേച്ചിയോ കനിയണം , എന്നാലേ രക്ഷയുള്ളൂ.

"[വിനയത്തോടെ] ചേച്ചീ...[അതിവിനയത്തോടെ]..ഒരു ടിക്കറ്റെടുത്തു തരാവോ.."

എന്ന ചോദ്യത്തിന്‌...

"..ഇപ്പോ തന്നെ 4 എണ്ണമുണ്ട്‌ മോനേ... ഒരാള്‍ക്കു രണ്ടെണ്ണമേ തരത്തുള്ളൂ എന്നാ കേട്ടേ..."

എന്നു തുടങ്ങി

".. ആഹാ.. അതു കൊള്ളാല്ലോ... അപ്പോപിന്നെ ഈ ക്യൂ നിക്കുന്നവരെല്ലാം പൊട്ടന്‍മാരാണോ !.."

എന്നു വരെയുള്ള പതിവുമറുപടികള്‍ കേട്ടു തുടങ്ങി. പക്ഷേ അനുകൂലമായ ഒരുത്തരം നഹീ നഹീ.

ഇടിച്ചുതിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം പെട്ടെന്നു ഒന്നൊതുങ്ങുന്നതു കണ്ട ഞാന്‍ , സന്തോഷത്തോടെ മുന്നോട്ടു കേറി ഇരക്കാന്‍ തുടങ്ങിയതാരുന്നു.

എല്ലാം പെട്ടെന്നായിരുന്നു. "ഠപ്പേ!!" എന്നടി വീണതും " എന്റമ്മേ!!!" എന്നു ഞാന്‍ കരഞ്ഞതും എല്ലാം.

ലാത്തി പിടിച്ചു മടുത്ത ഒരു കാക്കി, ആ കാക്കിക്കുള്ളിലെ കലാഹൃദയം ഒരു ചൂരലിലൂടെ പുറത്തെടുത്തത്‌ എന്റെ തോളിലേയ്ക്ക്‌..

അടിയുടെ വേദനയില്‍ ചാടി മാറിയപ്പോ എന്റെ കയ്യിലിരുന്ന ബാഗ്‌ നിലത്തും വീണു. അതിനകത്താണ്‌ , ഒരല്‍പ്പം മുമ്പ്‌ കൈപറ്റിയ സപ്രിട്ടികറ്റ്‌.

ടിക്കറ്റ് കൌണ്ടറിന്റെ മുന്‍വശം പോലീസ്‌ കീഴടക്കി. ആ പ്രദേശത്തോട്ടു ചെല്ലുന്നവനു ചൂരല്‍ കഷായം. " സാറെ.. എന്റെ ബാഗൊന്നെടുക്കണം" എന്നു പറയാനുള്ള ഒരു സാവകാശം പുള്ളി തരുന്ന ലക്ഷണവുമില്ല. എന്തു ചെയ്യും! ആകെപാടെ കണ്‍ഫ്യൂഷന്‍.

എന്തു ചെയ്യും എന്നു വ്യാകുലപെട്ട്‌ ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ നിക്കുമ്പോ, പെട്ടെന്നാണു പിന്നില്‍ നിന്നും വന്ന ഒരു തള്ളലില്‍ ഞാന്‍ തെറിച്ചു മുന്നോട്ട്‌ വീണതു.

കോട്ടയം അഭിലാഷ്‌ തിയറ്റര്‍ അറിയാവുന്നവര്‍ക്കറിയാം, അതിന്റെ ബാല്‍ക്കണി കൌണ്ടര്‍ ഒരു ഓപ്പണ്‍-എയര്‍ തിയറ്റര്‍ പോലെയാണ്‌. ഉയര്‍ന്ന ഒരു പ്രതലത്തില്‍ നിന്നാണ്‌ ചുറ്റും നില്ക്കുന്ന പുരുഷാരം നോക്കുന്നതു.

ക്യൂവിലല്ലാത്ത ആരോ തന്റെ അധികാരപരിധിയിലേയ്ക്കു ചാടി എന്നു മനസ്സിലായ കാക്കി തിരിഞ്ഞു നോക്കിയപ്പോ , ദേണ്ടെ നിക്കുന്നു ഞാന്‍. മുഖം വലിഞ്ഞു മുറുകുന്നു, നടന്നടുക്കുന്നു, ചൂരല്‍ ഉയരുന്നു...

പിന്നെ ഒരലര്‍ച്ചയാണ്‌ അവിടെയെല്ലാവരും കേട്ടതു....

" അയ്യോ.. ഇനീം തല്ലല്ലേ സാറേ.... എന്റെ ബാഗെടുക്കാനാണേ......"

എങ്ങും ശശ്മാന മൂകത. എല്ലവരുടെയും നോട്ടം എന്റെ മുഖത്ത്‌. എന്റെ നോട്ടം പോലീസുകാരന്റെ മുഖത്തു.

നീണ്ട നിശബ്ദതയ്ക്കു ശേഷം പോലീസ്‌ ഉവാച: "എടുത്തോണ്ട്‌ പോടാ.."

ആകെ നാണക്കേടായി. വേറെയേതേലും പടമായിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോന്നേനേ. ലാലേട്ടനെയോര്‍ത്ത്‌ മാത്രം അവിടെ നിന്നു.

ടിക്കറ്റ്‌ കൊടുത്തുതുടങ്ങിയപ്പോ , എനിക്കുവേണ്ട ടിക്കറ്റുമായി മ്മടെ പിള്ളേരിറങ്ങി വന്നു.

പിന്നെയൊരു രണ്ടര-മൂന്ന്‌ മണിക്കൂര്‍ സമയത്തേയ്ക്കു, ആ അടിയുടെ വേദനയൊന്നും ഞാനറിഞ്ഞില്ല.

" ...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്‌, ഇപ്പോ പേരു നരസിംഹം എന്നാണ്‌. ദാ കാണ്‌!!!!......"