Wednesday 22 October 2008

നയന്റീന്‍ നയന്റി സിക്സ് - എ [ഫെയില്‍ഡ്‌] ലവ് സ്റ്റോറി

ദേവീ വിലാസത്തിലെ കളര്‍ഫുള്‍ കൌമാരങ്ങളുടെ പ്രേമകഥകള്‍ പറയാതെ ദേവീ വിലാസ-വിലാസങ്ങള്‍ എങ്ങനെ പൂര്‍ണ്ണമാകും?

എന്റെ ഒരനുഭവം മുന്നെ എഴുതിയിരുന്നു.

[ അന്നു വന്നു വായിച്ചവര്‍ക്കു നന്ദി. വായിക്കാത്തവരു വേഗം പോയി വായിച്ചേച്ചും വന്നാട്ടേ]

ചേര്‍ന്ന കാലത്തു തന്നെ നടന്ന രസകരമായ ഒരു കഥ എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു.

എല്ലാ കാര്യത്തിലും മുന്നിട്ടു നിന്നിരുന്ന, ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവായ പെണ്ണിനോടു, ക്ലാസ്സിലെ ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്‍, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം.

പ്രേമം കേറി വരുന്നതു കണ്ണിലൂടെയാണെന്നു പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ. [ എന്നാ ഒരു സത്യം പറയട്ടെ, അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിപ്പൊ ഞാന്‍ പറഞ്ഞതാ]

ഇവിടെയും സംഗതി മറിച്ചായിരുന്നില്ല.

അതൊരു അനുരാഗമായി വളര്‍ന്നു.വളര്‍ന്നു പന്തലിച്ചു. ആ പന്തലില്‍ കുരുവികള്‍ കൂടുകൂട്ടി. ആ കൂട്ടിലിരുന്നു അവ പാട്ടുപാടി.

Love will Never Let you be the same എന്ന പോലെയായി കാര്യങ്ങള്‍.

വാവടുക്കുമ്പോള്‍ വലിവു മൂത്തിട്ട്‌ , അതിരാവിലെ എഴുന്നെറ്റു " വായ്‌.. വായ്‌....വായ്ഗുളിക വാങ്ങിക്കൊണ്ടാടാ.." എന്നു അലറുന്ന/ കരയുന്ന / അമറുന്ന അപ്പൂപ്പനോടു " ഇച്ചിരി പച്ചവെള്ളം എടുത്തുകുടി" എന്നു പറഞ്ഞു തിരിഞ്ഞുകിടന്നിരുന്ന പാര്‍ട്ടി , അതിരാവിലെ എഴുന്നേറ്റ്‌ പാലു മേടിക്കാന്‍ പോകാന്‍ തുടങ്ങി. അഞ്ചു മിനിറ്റു നടന്നാല്‍ കിട്ടുന്ന ഒരു പാക്കറ്റ്‌ പാലിനു വേണ്ടി അവന്‍ ഒന്നരകിലോമീറ്റര്‍ നടന്നു. കാരണം അവളും ആ നേരത്തു അവിടെ പാലു മേടിക്കാന്‍ വന്നിരുന്നു.

ക്ലാസ്സില്‍ പോലും സമയത്തു വരാതിരുന്നയാള്‍ ട്യൂഷന്‍ ക്ലാസ്സില്‍ ആദ്യമെത്തുന്ന രണ്ടു പേരില്‍ ഒരാളായി.

കാര്‍ത്തികയ്ക്കു മാത്രം, അതും കളക്ഷനെടുക്കാനായി , അമ്പലത്തില്‍ കയറിയിരുന്നവന്‍ , ഒന്നാന്തരം അമ്പലവാസിയായി. അവന്റെ നിഴലു അങ്ങു കിഴക്കേനടയിലെത്തുമ്പോതന്നെ 'ഉദ്ദിഷ്ടകാര്യസാധ്യത്തിനു വഴിപാട്‌ ഒന്നേ' എന്നു ബാലന്‍ നായരു ചീട്ടെഴുതിവെക്കാന്‍ തുടങ്ങി.

കടലാസ്‌ രൂപത്തിലെന്തും തൊടുമ്പോള്‍ അലര്‍ജി അനുഭപ്പെട്ടിരുന്നവന്‍, പഞ്ചായത്തു വക ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്തു. "ഞാനിപ്പോ വായിച്ചോണ്ടിരിക്കണ നോവല്‍ പെരുമ്പടവത്തിന്റെ 'ഇടാത്ത വളം' ആണെ"ന്നു പരസ്യമായി പറഞ്ഞതും ഇവനായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ . [ ശരിയായ പേരു ഇടത്താവളം എന്നായിരുന്നല്ലോ].

പല പല വൈകുന്നേരങ്ങളില്‍ അവളെയും കാത്തു അവിടെ ഇരിക്കുന്ന നേരത്തുള്ള ദേശാഭിമാനി വായന അവനെ ഏതാണ്ടൊരു കമ്മ്യൂണിസ്റ്റുകാരനുമാക്കി.

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ- ഭേദമില്ലാതെ ആമ്പിള്ളേരെല്ലാം വെടിപറഞ്ഞിരിക്കുന്ന തയ്യല്‍ പീരിയഡില്‍, നമ്മുടെ കഥാനായകന്‍ ഒരു സൂചിയും , അതില്‍ കോര്‍ക്കാന്‍ നൂലും, തയ്ച്ചു പഠിക്കാന്‍ കോണാക്കീറ്റ്‌ പോലെയൊരു തുണിക്കഷണവുമായി എന്നും ഹാജരായി. പുള്ളിക്കാരി ഒരു തയ്യല്‍- താരമായിരുന്നു.

ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാട്ടിയിരുന്ന [ ചിരിച്ചാലും കുറേ വിശേഷാ!] ആ നാണമില്ലാത്തവന്റെ മുഖത്തു നാണം ഉള്‍പ്പടെ ഈരേഴു പതിനാലു ഭാവങ്ങളും വിരിയാന്‍ തുടങ്ങി.

ഇതൊന്നും പോരാഞ്ഞിട്ടു, സംഗീത പീരിയഡില്‍ ലവന്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥിരമായി പാടിയിരുന്ന പാട്ട്‌ "തെച്ചിപ്പൂവേ... തെങ്കാശിപ്പൂവേ.. മച്ചാനേ പാറുങ്കടീ..". [ ഇതു ഒരു നല്ല ക്ലൂവാണ്‌. അറിയുന്നവരു കണ്ടു പിടിക്കട്ടെ]. കര്‍ണ്ണകുഹരസ്സരസ്സൈരിഭമായ ഈ ഗാനമാധുരി കേട്ടു ഞങ്ങള്‍ അന്തം വിട്ടു. "തെച്ചിപ്പൂവല്ലെടാ, നിന്റെ ചെവിട്ടില്‍ ചെമ്പരത്തിപ്പൂ" എന്നു അടക്കം പറഞ്ഞു.

അങ്ങനെ തനിക്കവളോടുള്ള പ്രേമത്തിന്റെ പത്തരമാറ്റ്‌ അവനു ബോധ്യപ്പെട്ടപ്പോള്‍, അടുത്തതെന്തു എന്ന ചോദ്യം ഉയര്‍ന്നു.കല്ല്യാണം എവിടെ വെച്ച്‌ നടത്തണം, പാചകം ആരെ ഏല്‍പ്പിക്കണം എന്നു തുടങ്ങി പിള്ളേരുടെ പേരുകള്‍ വരെ റെഡി, അവളോടു പോയി കാര്യം അവതരിപ്പിക്കുന്നതു മാത്രം മിച്ചം.

പെണ്‍കുട്ടികളുടെ ഇടയില്‍ സ്വാധീനമുള്ള ചെക്കന്‍മാരെ സ്വാധീനിക്കാനായി അടുത്ത ശ്രമം. കൊച്ചു പിള്ളേരല്ലേ, സ്വാധീനിക്കാന്‍ മാനത്തു നിന്നു അമ്പിളിമാമനേം കത്രീന കൈഫിനേം ഒന്നു കൊണ്ടുകൊടുക്കണ്ടല്ലോ. മൂന്നാല്‌ സിപ്പ്‌-അപ്പ്‌, രണ്ടു ഷീറ്റ് ലേബല്‍ -ഇതൊക്കെ മതി. പക്ഷേ,ഇങ്ങനെ കാശ്‌ മുടക്കി നേടിയ ക്യാപ്പിറ്റലിസ്റ്റ്‌ സ്വാധീനം കൊണ്ടും വലിയ കാര്യമുണ്ടായില്ല. പലരും വഴി അവന്‍ തൊടുത്തു വിട്ട/കൊടുത്തുവിട്ട പഞ്ചബാണങ്ങള്‍ ലക്ഷ്യം കണ്ടില്ല.

ഒടുവില്‍ അവനു സഹികെട്ടു . നേരിട്ടു ചെന്നു പറായുനുള്ള ചമ്മല്‍ കാരണം[ പേടിയോ? അവനോ? ഛായ്‌!] പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ്‌ :

" കുഞ്ചു + അഞ്ചു = [ ആഡുതന്റെ പടം] " *** - പേരുകള്‍ സാങ്കല്‍പ്പികം.

ഒരു ദിവസം ക്ലാസ്സ്‌ വിട്ടു എല്ലാവരും പോയിക്കഴിഞ്ഞപ്പോ റീഫിലിന്റെ നിബ്ബൂരി നല്ല മുഴുപ്പില്‍ ഓരോ ബെഞ്ചിലും പുള്ളി മേല്‍പ്പറഞ്ഞ ആപ്തവാക്യം എഴുതിയിട്ടു. പിറ്റേന്നു ഒന്നുമറിയാത്ത പാവത്തിനെപ്പോലെ ക്ലാസ്സില്‍ കടന്നു വന്ന മാന്യ ദേഹം, ക്ലാസ്സില്‍ കൂട്ടച്ചിരി മുഴുങ്ങിയപ്പോള്‍ അതി-മാന്യനായി ആരാഞ്ഞു , " എന്താ എല്ലാവരും ചിരിക്കണെ?" .



ബെഞ്ചില്‍ എഴുതപ്പെട്ട സ്കാന്‍ഡലിനെപറ്റി അറിഞ്ഞതോടെ ചുള്ളന്‍ അതീവ ഗൌരവം നടിച്ചു.



" ഇതാരുടെ പണിയാ ഇതു്‌. ഞാനിപ്പോ ടീച്ചറോടു പറഞ്ഞു കൊടുക്കും"



എന്നിട്ടു മെല്ലെ നടന്നു ചെന്നു അഞ്ചുവിനോടായി [ പേരു സാങ്കല്‍പ്പികമാണെന്നു പറഞ്ഞിരുന്നു കേട്ടോ]



" ഹോ! ഇവന്‍മാരെക്കോണ്ടു തോറ്റു! അല്ലേ അഞ്ചു"



അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെഴുന്നേറ്റു. " താന്‍ ഒന്നിങ്ങു വന്നേ " എന്നു മയത്തില്‍ പറഞ്ഞിട്ടു അവള്‍ മെല്ലെ പുറത്തേക്കു നടന്നു. ബെഞ്ചുകള്‍ക്കിടയിലൂടെ അഞ്ചുവിന്റെ പുറകേ പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോ, അവന്റെ മനസ്സില്‍ പല പല ദൃശ്യങ്ങള്‍ തെളിഞ്ഞുമറഞ്ഞു.

ഷീലയുടെ പുറകേ പാട്ടു പാടി നടക്കുന്ന പ്രേംനസീര്‍, 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ' പാടുന്ന മോഹന്‍ലാല്‍, മഞ്ഞ സാരിയുടുത്ത കുതിര, സീമയെ മസാജ്‌ ചെയ്യുന്ന ജയന്‍- റൊമാന്‍സ്‌, റൊമാന്‍സ്‌, റൊമാന്‍സ്‌ മാത്രം......

പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".

പയ്യന്‍ ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം.

മൌനം വിദ്വാന്‍മാര്‍ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.

പിന്നെ ഉയര്‍ന്നു കേട്ടതില്‍ പച്ചത്തെറി ഒഴിച്ചു ബാക്കിയെല്ലാമുണ്ടായിരുന്നു.[ അവളുടെ സ്വഭാവഗുണം, അതാണല്ലോ അവനെ വീഴിച്ചത്‌]. അവളെ സ്നേഹിക്കാനുള്ള അവന്റെ ക്വാളിഫിക്കേഷന്‍, അതു ഇങ്ങനെ പരസ്യപ്പെടുത്താനുള്ള അവന്റെ ധൈര്യം അങ്ങനെ എല്ലാമെല്ലാം പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായകന്‍മാര്‍ സാധാരണ പറയാറുള്ള 'ലേക്കിന്‍', 'മഗര്‍', 'പരന്തു' എന്നിങ്ങനെയ്യുള്ള വാക്കുകള്‍പോയിട്ടു, 'കമാ' എന്ന വാക്കുപോലും അവനു പറയാന്‍ പറ്റിയില്ല.

ഒരു മൂന്നു-മൂന്നര മിനിറ്റ്‌, മൂന്നു മാസംകൊണ്ട്‌ അവന്‍ പടുത്തുയര്‍ത്തിയ പ്രേമത്തിന്റെ ദന്തഗോപുരം എല്ലവരുടെയും മുന്നില്‍ തകര്‍ന്നുവീഴാന്‍ അത്രേം സമയേ എടുത്തുള്ളൂ. "ഞാനല്ല , ഞാനല്ല" എന്നൊക്കെ അവന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും കേട്ടില്ല.

തകര്‍ന്ന മനസ്സും, ജന്മനാ ചമ്മിയ ചിരിയുമായി തിരിച്ചു വന്നു ബെഞ്ചില്‍ ഇരിന്നിട്ടു അവന്‍ പറഞ്ഞ ആത്മഗതകം അല്‍പ്പം ഉയര്‍ന്നുകേട്ടു " എന്നാലും അവളിതെങ്ങനെ അറിഞ്ഞു?" .

പിന്നേ കുറച്ചുനേരത്തേക്കു്‌ ഇതായിരുന്നു ഞങ്ങളെല്ലാം കൂടി ഗവേഷണം നടത്തിയത്‌. കൈയ്യക്ഷരം, ദൃസ്സാക്ഷികള്‍ എന്നിങ്ങനെയുള്ള സാധ്യതകളെല്ലാം തള്ളിപ്പോയി.

ഒടുവില്‍ പെണ്‍കുട്ടികളിലൊരുവള്‍ തന്നെയാണ്‌ ആ രഹസ്യം പുറത്തു വിട്ടതു.

പെണ്‍കുട്ടികളുടെ ബെഞ്ചുകളിലൊന്നില്‍ അവന്‍ എഴുതിയതു ഇംഗ്ലീഷിലായിരുന്നു. അതു വായിക്കുന്ന ആര്‍ക്കും അതിന്റെ കര്‍ത്താവാരെന്നു പകല്‍ പോലെ വ്യക്തമാകുമായിരുന്നു.

ഇംഗ്ലീഷില്‍, സ്വന്തം പേരെഴുതുമ്പോള്‍പോലും അക്ഷരതെറ്റ്‌ വരുത്തുന്ന, അതും ഒരേ അക്ഷരതെറ്റ്‌ വരുത്തുന്ന എന്റെ ഏക ക്ലാസ്സ്‌മേറ്റ്‌ അവനായിരുന്നു.

ജീവിതം പയ്യെ പൂര്‍വ്വസ്ഥിതിയിലായി.

അപ്പുപ്പന്‍ വീണ്ടും പച്ചവെള്ളം കുടിച്ചു വാവിനെ നേരിട്ടു.

കുമാരനല്ലൂര്‍ ദേവിക്കു സ്ഥിരം വഴിപാട്‌ ഒന്നു കുറഞ്ഞു.

ലൈബ്രറിയിലെ അവന്റെ വരവു നിന്നു. സഖാവ്‌ കുഞ്ചിനെ കാണാറില്ലല്ലോ എന്നു ബാക്കി സഖാക്കള്‍ പരസ്പരം പറഞ്ഞു.

സംഗീത പീരിയഡുകള്‍ പതിവുപോലെ 'കണ്ണീര്‍പൂവിലും', ' സുരാംഗിണിയിലും' ഒതുങ്ങി.

മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം പടിഞ്ഞാട്ടു തന്നെ ഒഴുകിത്തുടങ്ങി.

സ്വസ്ഥം . ശാന്തം. ശുഭം.

[അദ്ദേഹം ഇപ്പോ പട്ടാളത്തില്‍ "സാവ്‌ധാന്‍..വീശ്രാം" പറഞ്ഞു ജീവിക്കുന്നു. അവളെവിടെ എന്നറിയില്ല.]

Wednesday 8 October 2008

'മ'നോരമയിലെ വിദ്യാരംഭം....

[ അടുത്ത കാലത്ത്‌ ഫാഷനായ പൊതു-വിദ്യാരംഭ പ്രഹസനങ്ങളെപറ്റിയല്ല കേട്ടോ]

ദേവീ വിലാസത്തില്‍ ചേര്‍ന്ന കാലത്താണ്‌ , ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായത്‌.

അന്നു തൊട്ടയല്‍വക്കത്തു ജോയി സാറും കുടുംബവുമായിരുന്നു താമസം. കോട്ടയത്തെ 'ജോയീസ്‌ ഡ്രൈവിങ്ങ്‌ സ്കൂള്‍' എന്ന സ്ഥാപനത്തിന്റെ പ്രൊഫസര്‍ കം പ്രൊപ്പൈറ്റര്‍ ആയിരുന്നു ജോയി സാര്‍. ഭാര്യ ആന്‍സി ആന്റി ഹൌസ്‌ വൈഫ്‌.

ദേവീ വിലാസത്തില്‍ ചേര്‍ന്നു കഴിഞ്ഞുള്ള ആദ്യത്തെ പൂജാവധി. സ്കൂളില്‍ പൂജ വെക്കുന്ന ഒരു പരിപാടിയുണ്ട്‌. അതായതു കുട്ടികളെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു സ്കൂളിലെ ഒരു മുറിയില്‍ കൊണ്ടുപോയി പൂജ വെക്കും.പിന്നെ പൂജയെടുപ്പിനു പോയി എടുത്താല്‍ മതി. ആ ഒരു സെറ്റപ്പ്‌ എനിക്കങ്ങു പിടിച്ചു. ബാക്കിയെല്ലാവരെയും പോലെ ഞാനും ഉള്ളതെല്ലാം തൂത്തുപെറുക്കി കൊണ്ടു പോയി പൂജ വെച്ചു. മാഗി ടീച്ചര്‍ [ എന്റമ്മ] ഇതൊക്കെ അറിഞ്ഞുവന്നപ്പോ താമസിച്ചു, അതുകൊണ്ട്‌ രണ്ടു ദിവസത്തേക്കു പഠനം നഹീ നഹീ!

അങ്ങനെ ചുമ്മാ നടന്ന നേരത്ത്‌ ജോയി സാറിന്റെ വീട്ടില്‍ ചെന്നപ്പോ പഴയ ഒരു മനോരമ വാരിക കിട്ടി. അതിനു മുമ്പെല്ലാം ഫലിതം വായിച്ചിട്ട്‌ തിരിച്ചിടാറായിരുന്നു പതിവെങ്കിലും, അന്നു അതു മൊത്തം കുത്തിയിരുന്നു വായിച്ചു. ' കഥ ഇതു വരെ' ഉള്ളതു കൊണ്ട്‌ കഥകളൊക്കെ ഏതാണ്ട്‌ മനസ്സിലായി.

വായന കഴിഞ്ഞു മേശപ്പുറത്തിട്ടിരുന്ന വാരിക കണ്ട്‌ അമ്മ ചൂടായി. ഇത്തരം പൈങ്കിളി വാരികകള്‍ വായിക്കരുതെന്ന മുന്നറിയിപ്പും കിട്ടി.

" കാണരുത്‌ എന്നു പറയുന്നതേ കാണൂ, ചെയ്യരുത്‌ എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ. അതുകൊണ്ട്‌ അമ്മയുടെ വാക്കുകളെ അവഗണിച്ചു കോണ്ട്‌ ഞാനൊരു സ്ഥിരം വായനക്കാരനായി. വെള്ളിയാഴ്ച രാവിലെ പത്രത്തിനൊപ്പം ജോയിസാറിന്റെ വീട്ടിലെത്തുന്ന വാരിക, ശനിയാഴ്ച ഉച്ചയോടു കൂടി ഞാന്‍ കയ്യടക്കുകയും , അമ്മ കാണാതെ വായിച്ചിട്ടു തിരിച്ചു കൊടുക്കുകയും ചെയ്തു പോന്നു.

അങ്ങനെ സി.വി.നിര്‍മ്മലയും , ജോസി വാഗമറ്റവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരായി. പഴയ നോവലുകളൊന്നും മുഴുവനായി ഓര്‍ത്തിരിക്കുന്നില്ലെങ്കിലും, ചില്ലറ ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്‌. കഥകളുടെ നിലവാരത്തെ പറ്റിയൊന്നും കാര്യമായി പറയാനില്ലെങ്കിലും, നല്ലൊരു ശതമാനം മലയാളികളെ വായനാശീലമുള്ളവരാക്കിയതു്‌ മനോരമ ഉള്‍പ്പടെയുള്ള വാരികകളാണ്‌ എന്നതു പച്ചയായ സത്യമാണ്‌. മലയാളികളെ അക്ഷരസ്നേഹികളാക്കുന്നതില്‍ കളിക്കുടുക്ക, ബാലരമ, മനോരമ വാരിക, മനോരമ ദിനപത്രം എന്നിവയിലൊക്കെക്കൂടി മനോരമ കുടുംബത്തിനും നല്ല പങ്കുണ്ട്‌.

കോളെജില്‍ പഠിക്കണ സമയത്തു എന്റെ ഈ മനോരമ-വായന കൂട്ടുകാര്‍ക്കു ഒരു തമാശയായിരുന്നു. മെഗാ സീരിയലുകള്‍ പോലെ ഇത്തരം വാരികകളും പണിയില്ലാത്ത വീട്ടമ്മമാര്‍ മാത്രമാണ്‌ വാങ്ങിക്കുന്നതു എന്നായിരുന്നു അവരുടെ ധാരണ.

ജോലിക്കാരനായി ബാംഗ്ലൂരില്‍ എത്തിയപ്പോളും ഈ ഒരു [ദു]ശ്ശീലം എന്നെ വിട്ടു പോയില്ല.

ഇന്നു ബുധനാഴ്ച. രാവിലെ പത്രത്തിനൊപ്പം മേടിച്ച പുതിയ ലക്കം വാരിക ബാഗിലുണ്ട്‌. റോമയുടെ ചിരിയാണ്‌ മുഖചിത്രം. കമ്പനി ബസില്‍ ഇരുന്നു വായിക്കാന്‍ ചെറിയ ചമ്മലുള്ളതുകൊണ്ട്‌ വീട്ടില്‍ ചെന്നിട്ടേ പുറത്തെടുക്കൂ. പക്ഷേ ഒരു 20 മിനിറ്റ്‌ കൊണ്ട്‌ വായിച്ചു തീര്‍ക്കും.

അലീന മോളുടെ അപ്പന്‍ നല്ലവനാണോ?

ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?

ആനിയുടെ ദാമ്പത്യം വിജയിക്കുമോ?

ഹര്‍ഷനെ പോലീസ്‌ പിടിക്കുമോ?

യമുനയുടെ കല്യാണം നടക്കുമോ?

ഇതിനെല്ലാം ഉത്തരം നാളെ പറയാം.

[ എന്റെ വിദ്യാരംഭ സ്മരണയായിരുന്നു ഞാന്‍ ആദ്യമായി എഴുതിയ മലയാളം പോസ്റ്റ്‌. അതിവിടെയുണ്ട്‌.]