Wednesday 22 December 2010

കിഴക്കേനടയിലെ ക്രിസ്ത്‌മസ്: ഭാഗം 3




ധനുമാസക്കുളിരിൽ, പുതച്ചുമൂടി , ഹൈക്കമാന്റിൽ കൈയ്യും തിരുകി കിടന്നുറങ്ങിയിരുന്ന കുമാരനല്ലൂർവാസികളിൽ ചിലരെ, നട്ടപ്പാതിരായ്ക്കു വിളിച്ചുണർത്തി തെറി പറയിപ്പിച്ച, ചില അതിമനോഹരഗാനങ്ങളെപ്പറ്റിയാകട്ടെ ഈ എപ്പിഡോസ്.

പതിവു കരോൾഗാനങ്ങളായ “യഹൂദിയായിലേ” ,“പുല്ക്കുടിലിൽ”, “ദൈവം പിറക്കുന്നൂ” എന്നിവയൊക്കെ 1-2 കൊല്ലം കൊണ്ട് നമ്മുടെ പുള്ളേരൊക്കെ പഠിച്ചെടുത്തു. പിന്നെ ആണ്ടോടാണ്ടിറങ്ങുന്ന “ഏറ്റവും പുതിയ ക്രിസ്ത്‌മസ് ഗാനങ്ങൾ” എന്ന പാട്ട്പുസ്തകത്തിലെ പാരഡി ഗാനങ്ങളും, സാഹചര്യമനുസരിച്ച് ഉപയോഗിച്ചു പോന്നു.

ചെറുപ്പക്കാരും പിള്ളേരുമൊക്കെയുള്ള സദസ്സുകളിൽ പാരഡി ഗാനങ്ങൾക്കായിരുന്നു മാർക്കറ്റ്. അതുകൊണ്ടു പുസ്തകം വാങ്ങി , ഒരു 5-6 പാട്ടു പാടി സാധകമൊക്കെ ചെയ്താണ്‌ ഞങ്ങൾ പോയിരുന്നത്.

ചില സാമ്പിൾസ് ഇങ്ങനെ :

താരകമൊന്നതുദിക്കുന്നു കിഴക്ക് പൊൻവാനിൽ,
പൊന്നോമലേശു പിറക്കുന്നു ബേത്‌ലഹെം നാട്ടിൽ,
പൊൻ പ്രഭവിടരുന്നൂ, ഭൂലോകം വാഴ്ത്തുന്നു,
മണ്ണിലും വിണ്ണിലും മാലാഖാവൃന്ദം വാഴ്ത്തിപ്പാടുന്നൂ വാഴ്ത്തിപ്പാടുന്നൂ...

( ചന്ദ്രലേഖയിലെ ‘ഒന്നാം വട്ടം കണ്ടപ്പം’ എന്ന രീതിയിൽ ഒന്നു കൂടി വായിച്കു നോക്കൂ )


കുളിരിൽ പൂത്തൊരു താരകമേ, കരളിൻ ചേതന നീയല്ലോ,
ശാന്തി സമാധാനം നല്കാൻ, വന്നുപിറന്നൂ ശ്രീയേശു,
മഞ്ഞുപൊഴിയുന്നു,കുളിരുന്നു, മാമരം കോച്ചുന്നു
സുന്ദരസുരഭിലമീരാത്രി...

( സോനാ കിത്‌നാ സോനാ ഹേ - ഹീറോ നമ്പർ 1)


പിന്നെ ദാലേർ മെഹന്തി മോഡലിൽ “ പാടാം ഹല്ലേലൂയ്യ..പാടാം ഹല്ലേലൂയ്യ..” എന്നൊക്കെയുള്ള അടിച്ചുപൊളികളും.

പക്ഷേ ഞങ്ങടെ മാസ്റ്റർ പീസുകളായി മാറിയ രണ്ട് പാട്ടുകളുണ്ട്. അവയുടെ കഥകൾ ഇങ്ങനെ :

ഒരു തവണ കുമരകത്ത്, എന്റെ തറവാട്ടിലുരുന്നു വല്ല്യപ്പനോട് കരോളിനു പോയ കാര്യമൊക്കെ പറഞ്ഞ കൂട്ടത്തിൽ, ചില വീട്ടുകാരൊന്നും വാതിലു പോലും തുറക്കില്ല എന്നു എന്റെ അനിയൻ പറഞ്ഞു. അന്നേരം അച്ചായൻ ഒരു പാട്ടു പറഞ്ഞു തന്നു - ഇങ്ങനെയുള്ള അവസരത്തിൽ ഉപയോഗിക്കാൻ.

ഐഡിയ ഇങ്ങനെയായിരുന്നു - എത്ര ബഹളം വെച്ചാലും , വാതിൽ തുറക്കാതെ വരുമ്പോ, കൊട്ടൊക്കെ നിറുത്തി ഇങ്ങനെ പാടുക

“ഞങ്ങളു വന്നല്ലോ, നിങ്ങറ്റെ മുറ്റത്തേ..
ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം
ചേട്ടോ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം
ചേച്ച്യേ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം”

പിറ്റേക്കൊല്ലം തന്നെ ഇതു ഞങ്ങൾ പ്രായോഗികമാക്കി. പടക്കം പൊട്ടിച്ചാൽ പോലും എഴുന്നേറ്റു വരാത്ത പാർട്ടീസൊക്കെ ചമ്മിയ ചിരിയോടെ വന്നു കാശു തരാനും തുടങ്ങി.

അടുത്തത്, ഒരല്പ്പം കോണ്‌ഡ്രവേഴ്സി ഉണ്ടാകിയ രചനയാണ്‌. ആര്‌ എവിടുന്നു ഇതു പഠിച്ചെടുത്തു എന്നോർമ്മയില്ല. പക്ഷേ, പുള്ളേർക്കെല്ലാം പാട്ടു നന്നായി ഇഷ്ടപ്പെട്ടു. പാട്ട് പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നു ഇതു പാടിക്കേപ്പിച്ചപ്പോ മാഗിടീച്ചറിനു അത്ര ബോധിച്ചില്ല. എന്താ സംഗതി എന്നല്ലേ?

“നർത്തകീ..... ഉണരൂ.. മോഹിനി... ഉണരൂ” എന്നൊക്കെയുള്ള ഒരു പഴയ ഗാനമാണ്‌ മൂലകൃതി. ഞങ്ങൾ പാടിയിരുന്നത്, അതിന്റെ പാരഡി. വരികൾ ഇങ്ങനെ :

“ യേശു ചറപറ ചറപറ കാലിട്ടടിച്ചൂ..
ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ...
യൗസേപ്പ്‌ സന്തോഷത്താൽ തുള്ളിച്ചാടീ..
ഇടയർ ഉണ്ണ്യെത്തന്നെ നോക്കിയിരുന്നു...
ഉണ്ണിക്ക്‌...വിശന്നൂ...ഉടനേ ...കരഞ്ഞൂ...
അപ്പോൾ.. മറിയം.... കൊടുത്തു.. അമ്മിഞ്ഞ...”

ആ അവസാനവരിയാണ്‌ പ്രശ്നം. പക്ഷേ എനിക്കു അതു വളരെ ഹൃദ്യമായാണ്‌ തോന്നിയത്. ഒരു മാതൃ-പുത്ര ബന്ധത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലേ അത്‌.

എനിവേ, പിന്നീട് പോയ വീടുകളിൽ പലയിടത്തും ഞങ്ങളീ പാട്ടു പാടി. ആളും തരവുമൊക്കെ നോക്കി അവസാനവരി പാടും, ചിലയിടത്ത് അതങ്ങ് വിഴുങ്ങും.


(നേരം കിട്ടിയാൽ തുടരും..)

കരോൾ ഗാനങ്ങൾ : 3
NB : “ശാന്തരാത്രി.. ശിവരാത്രി” എന്നാണ്‌ ചില മിടുക്കന്മാർ ആദ്യത്തെ 2-3 വീടുകളിൽ പാടിയത്!!


Tuesday 21 December 2010

കിഴക്കേനടയിലെ ക്രിസ്ത്‌മസ്: ഭാഗം 2


പറയുമ്പോ എല്ലാം പറയണമല്ലോ, ഫുട്ബോൾ ഒക്കെ വന്നു കഴിഞ്ഞപ്പോ ഞങ്ങടെ കളിസ്ഥലത്തും ആളു കൂടി. അതുകൊണ്ടു പിറ്റേത്തവണ കരോളിറങ്ങാൻ ആൾബലത്തിനു പഞ്ഞമില്ല. ചില്ലറ മുതല്മുടക്കിനും ആളെകിട്ടി. അതുകൊണ്ടു കുറച്ചുംകൂടി ഏരിയ കവർ ചെയ്യാമെന്നും തീരുമാനമായി.

പതിവു പോലെ ജിത്ത് തന്നെ പാപ്പാ. അല്ലെങ്കിലും വിജയിച്ച ഫോർമുല വീണ്ടും വീണ്ടും ഉപയോഗിക്കുക്ക എന്നതു ഒരു ‘മല്ലു’ രീതിയാണല്ലോ.

അംഗീകാരമില്ലാത്ത കരോൾസംഘങ്ങളെ പോലീസ് പിടിക്കും എന്ന വാർത്താക്കുറിപ്പ്‌ ചെറിയ ഒരു ഉൾക്കിടിലമുണ്ടാക്കി. അതിനും പ്രതിവിധി പറഞ്ഞതു രതീഷ് തന്നെ - ഒരു ബാനർ പിടിച്ചാ മതി.. ബാനറും , ബാനറിൽ ഒരു പേരുമൊക്കെ ഉണ്ടെങ്കിൽ പിടിച്ചുനിക്കാം. എന്റെപന്റെ ഒരു പഴയ ഒറ്റമുണ്ട് കീറി, അതിൽ വണ്ടിയ്ക്കടിക്കണ മട്ടിപ്പെയിന്റ് ( രതീഷിന്റെ ഫാദർ കുഞ്ഞുമോൻ ചേട്ടൻ ഒരു മോട്ടോർ മെക്കാനിക്കാണ്‌) മുക്കി വലിയ അക്ഷരത്തിൽ കീച്ചി - “ വിക്ടറി ക്ലബ്”. ( ഈ പേരു യോദ്ധാ ഫെയിം തന്നെ- അന്നു എഴുതിയ പേർ മറന്നു പോയി. അനിയനും ഓർമ്മയില്ല. ) ആകെമൊത്തം നല്ല അലങ്കോലമായ ഒരു ബാനർ. ശീമപ്പത്തലിന്റെ രണ്ട് കമ്പൊടിച്ച് ബാനറിന്റെ രണ്ട് വശത്തും കെട്ടി. ബലേഭേഷ്!

ആൾബലത്തിന്റെയും ബാനർബലത്തിന്റെയും ഒക്കെ പച്ചപ്പിൽ ആദ്യമായി, റോഡിലേയ്ക്കിറങ്ങാൻ തീരുമാനിച്ചു. കുന്നുമ്പുറം ഇറങ്ങി ,റോഡ് മുറിച്ചുകടന്നാൽ മൂന്നാമത്തെ വീട് കുട്ടൻ സാറിന്റെ വീടാണ്‌. കൂടെയുള്ള മിടുക്കന്മാരിൽ പലരും അവിടെ ട്യൂഷൻ പഠിക്കുന്നവർ, ബാക്കിയുള്ളവർ സ്കൂളിൽ ഗിരിജ ടീച്ചറിന്റെ ശിഷ്യന്മാർ. അതുകൊണ്ട് ആദ്യവർഷങ്ങളിൽ ഞാനും അനിയനും , ബാക്കി ചെറുതുകളും മാത്രമാണ്‌ അവിടെ കയറിയിരുന്നത്. 1-2 വർഷത്തിനുശേഷം ഞാനും മേല്പ്പറഞ്ഞ ഗണങ്ങളിൽ അംഗമാവുകയും, മതിലിന്റെ പുറത്തേക്ക് മാറുകയും ചെയ്തു!

പോസ്റ്റാപ്പീസിന്‌ പടിഞ്ഞാറുവശം, ഫ്ലോറൽപാർക്കു ഹോട്ടലുടമകളുടെ വീടാണ്‌. കാശുകാരുടെ വീട്ടിൽ നിന്ന്‌ ഒരു ഇരുപത് രൂപാ എങ്കിലും കിട്ടും എന്ന ആവേശത്തിലാണ്‌ ഞങ്ങൾ പാടിയതു. 1-2 പാട്ടു ഒക്കെ അധികം പാടി . പാട്ടു കഴിഞ്ഞപ്പോ വീട്ടുകാർ വക കേക്കും കിട്ടി. ഹാപ്പി!. പക്ഷേ കോരിത്തരിച്ചത് , എല്ലാം കഴിഞ്ഞു ചേട്ടൻ കാശു തന്നപ്പോഴാണ്‌. 100 രൂപാ! ഹണ്ഡ്രഡ് മണീസ്!

തലേ വർഷം ഒരു ദിവസം പാടിയെങ്കിൽ , ആ കൊല്ലം രണ്ട് ദിവസമായിരുന്നു കരോൾ. ഏതാണ്ട് 450ഓളം രൂപാ പിരിഞ്ഞു കിട്ടി.

ക്രിക്കറ്റ് ബാറ്റ് മേടിക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്നേരം ‘ചെറുതുകൾ’ ഉടക്കി. 4 അടിയിൽ കുറവു പൊക്കമുള്ള ഒരു 5-6 പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. അവർക്കു പെരുമാറാൻ പറ്റിയ ഒരു ചെറിയ ബാറ്റു വേണമെന്നു ഒരേ വാശി. അങ്ങനെ അതും മേടിച്ചു.

2 ബാറ്റും 3 സ്റ്റമ്പും ഒരു ജോടി കീപ്പർ ഗ്ലൗസും കൂടി 450നു കിട്ടി എന്നു പറയുമ്പോൾ, അതിന്റെ ഒരു ക്വാളിറ്റി അത്രയൊക്കെത്തന്നെ എന്നു തോന്നുമെങ്കിലും , ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമായുള്ള ചുരുക്കം ക്ലബ്ബുകളിലൊന്നായിരുന്നു ഞങ്ങടെ വിക്ടറി ക്ലബ്ബ് എന്നു അഭിമാനത്തോടെ മാത്രമേ ഓർമ്മിക്കാൻ സാധിക്കൂ.

(നേരം കിട്ടിയാൽ തുടരും..)

കരോൾ ഗാനങ്ങൾ : 2

Monday 20 December 2010

കിഴക്കേനടയിലെ ക്രിസ്ത്‌മസ്: ഭാഗം 1

ആദ്യമായി വീട്ടിൽ നിന്നു മാറിനിന്നുകൊണ്ട് ഒരു ക്രിസ്ത്‌മസ്. അതിന്റെ ക്ഷീണം ആവുമ്പോലെ തീർത്തേക്കാം എന്നു കരുതിയതുകൊണ്ടാണു, ഇവിടെയടുത്ത് താമസിക്കുന്ന ഒരു ബന്ധുക്കാരന്റെ പാർപ്പിട ചേരിയിൽ ( ഹൗസിങ്ങ് കോളനി എന്നു മലയാളത്തിൽ പറയും) കരോളുണ്ടെന്നു വിളിച്ചു പറഞ്ഞപ്പോ ചാടി പുറപ്പെട്ടതു.


കോളനിയിൽ 95% മലയാളികൾ, അതിന്റെ 95% ക്രിസ്ത്യാനികൾ, അതിന്റെ ഒരു 80% കത്തോലിക്കർ- കാര്യങ്ങളുടെ സ്ഥിതിവിവരം ഇങ്ങനെയായതുകൊണ്ട് പരിപാടി ഒക്കെ നമ്മ്റ്റുടെ നാട്ടിലേതു പോലെ തന്നെ. ചുവന്ന നൈറ്റി ഇട്ട ഒരു പാപ്പായും, ബലൂണും, കൊട്ടും പാട്ടും - ആകെ ജഗപൊഗ! പാടുന്ന പാട്ടുകളിൽ ഭൂരിഭാഗവും മലയാളത്തിൽ. പതിവു പാട്ടുകളായ “പുൽക്കുടിലിൽ”, “ദൈവം പിറക്കുന്നൂ..” എന്നിവയൊക്കെ ഇംഗ്ലീഷ്, ഹിന്ദി ലിപികളിൽ എഴുതി പിള്ളേർക്കു കൊടുത്തിരിക്കുന്നതു കണ്ട് സന്തോഷം തോന്നി. മറുനാട്ടിൽ ജനിച്ച് വളർന്ന പിള്ളേർക്ക് ഇത്രയെങ്കിലും ഉണ്ട്. ഇപ്പോ നാട്ടിലുള്ള എത്ര എണ്ണം പോകും കരോളു പാടാൻ?


അടിച്ചു പൊളിച്ചു എന്നു പറഞ്ഞാൽ അതിൽ ഒരു തരി പോലും അതിശയോക്തിയുണ്ടാവില്ല. വിരുന്നുകാരെന്ന നിലയിൽ ആദ്യം കുറച്ചുനേരമൊക്കെ മിണ്ടാതെ നിന്നെങ്കിലും , ഒരല്പ്പം കഴിഞ്ഞപ്പോ ഞാനും അതിൽ ഒരു ഭാഗമായി. ഏതാണ്ട് രണ്ടു മണികൂർ നീണ്ട കരോളിനു ശേഷം, പാതിരാത്രി കൊടുംതണുപ്പത്ത് യാത്ര ചെയ്തു മുറിയിൽ വന്നു കിടന്നപ്പോ, ഇതുപോലെ കരോളു പാടി നടന്ന ചില രാത്രികൾ ഓർമ്മയിൽ വന്നു.

കുമാരനല്ലൂർ കാക്കനാട്ട് കുന്നുമ്പുറത്ത് ക്രിസ്ത്യാനികൾ തുലോം കുറവായിരുന്നു. കളിക്കൂട്ടുകാരിലും മാമ്മോദീസാവെള്ളം തലയിൽ വീണവർ ഞാനും എന്റെ അനിയനും മാത്രം. അതുകൊണ്ട് തന്നെ, 1990-കളുടെ നടുവിലെപ്പഴോ കായികോപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ഞെരുക്കത്തിനു ഒരു അറുതിയിടാൻ ക്രിസ്ത്‌മസ്കരോൾ എന്ന ആശയം ഞാനവതരിപ്പിച്ചപ്പോൾ, പിന്താങ്ങിയതു 1-2 പേർ മാത്രം. സ്വാഭാവികം, ആർക്കും വലിയ പിടിയില്ലാത്ത ഒരു ചൂഷണമാധ്യമം ആയിരുന്നു ഇതു.കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയം പിടിച്ചു. എനി വേ, അങ്ങനെ അതു തീരുമാനമായി.

പറഞ്ഞു തീരുമാനിച്ചതിൻപ്രകാരം ഒരു ഡിസംബർ 22നു രാവിലെ ഒത്തുകൂടി വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി.


പാപ്പായുടെ മുഖംമൂടി : ചന്ദ്രാ കോഫിയിൽ കിട്ടും, 20 ക
കളർ പേപ്പർ : 10 ക
ബലൂൺ : 10 ക
ഏറ്റവും പുതിയ ക്രിസ്ത്മസ് ഗാനങ്ങൾ - പാട്ടുപുസ്തകം : 5 ക
കൊട്ടാൻ ഡ്രം വാടക : 50 ക
പെട്രോമാക്സ് വാടക : 30 ക ( മണ്ണെണ്ണ വേറെ )
മറ്റു അനുസാരി : 10 ക

12 രുപേടെ ഒരു പന്തു മേടിക്കാൻ കാശില്ല! അപ്പഴാ ! പിന്നെ കുറേ ചിലവു ചുരുക്കലുകൾ നടപ്പിലാക്കി. കൊട്ടാൻ കന്നാസ് മതി, വെളിച്ചത്തിനു ഒരു ടോർച്ച് ധാരാളം. ബലൂണൊക്കെ പേരിനു മതി. എന്തിനാ ഇതിനും മാത്രം കളർ പേപ്പർ!അങ്ങനെ കൊക്കിലൊതുങ്ങുന്ന ഒരു സെറ്റപ്പൊക്കെ റെഡിയാക്കി ഞങ്ങൾ സന്ധ്യ മയങ്ങാൻ കാത്തിരുന്നു.

അയൽവാസിയായ ജിത്തിനെ പാപ്പാ ആക്കാനുള്ള തീരുമാനം ഇതിനകം കൈക്കൊണ്ടിരുന്നു. 14 വയസ്സുകാരൊക്കെ കൂടെയുള്ളപ്പോ 6 വയസ്സുകാരനെ പാപ്പാ ആക്കുന്നതിലെ ഔചിത്യം ചിലർ ചോദ്യം ചെയ്തെങ്കിലും , ഒരു പുതുമ എന്ന നിലയിൽ ഇതു പൊതുവേ അംഗീകരിക്കപ്പെട്ടു. അങ്ങനെ, വൈകിട്ടു ഒരേഴു മണിയോടെ 3 അടി നീളമുള്ള ജിത്തിനെ ഞങ്ങളൊരു കിടിലൻ പാപ്പാ ആക്കിമാറ്റി. ഒപ്പം, ജിത്തിന്റെ ചേട്ടനും ഒരു മെക്കാനിക്കൽ ജീനിയസ്സുമായിരുന്ന രതീഷ് ഒരു ഗഞ്ചിറയുമായി വന്നു. സോഡാക്കുപ്പിയുടെ അടപ്പു തല്ലിപ്പരത്ത്തി, ആണിയിൽ കോർത്ത് ചെറിയ ഒരു പട്ടികയിലടിച്ചാണ്‌ അതുണ്ടാക്കിയിരുന്നത്‌. കയ്യിലടിക്കുമ്പോ ജ്ജിൽ,ജ്ജിൽ!! കൊള്ളാം!

റോഡിലേക്കിറങ്ങിയാൽ ചിലപ്പൊ പോലീസ് പിടിക്കുമെന്ന ഒരു ചെറിയ പേടി പോലെയൊരു ഭയം എല്ലാർക്കുമുണ്ടായിരുന്നു. അതുകൊണ്ട്, കുന്നുമ്പുറത്തിന്റെ വഴിയുടെ ഒരറ്റത്തൂന്ന് തുടങ്ങി, കയറ്റം കയറി ഇറങ്ങി ഇങ്ങേ അറ്റം വരെ പാടുക എന്നതായിരുന്നു പരിപാടി.

കൃത്യമായി ഓർമ്മ കിട്ടുന്നില്ലെങ്കിലും, എന്റെ സഹപാഠിയായിരുന്ന സുനിത. സി. ആർ-ന്റെ വീട്ടിൽ നിന്നായിരിക്കണം തുടക്കമിട്ടത്. തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ അടുത്ത പ്രതിസന്ധി. പാടാൻ ഞാനും ഓനനും ( അനിയൻ) മാത്രം. ബാക്കി സഖാക്കളൊക്കെ നാണത്തോടെ ഗേറ്റിനു പുറത്തു തന്നെ നില്ക്കും. എന്നാ പാപ്പായെ മാത്രം കേറ്റിവിട്ടാൽ ഒരുമാതിരി പെട്ടവരൊന്നും തന്നെ കാശും തരില്ല. അങ്ങനെ 5-6 വീടു കഴിഞ്ഞപ്പോ ഞങ്ങളുടക്കി. പിന്നെ എല്ലാവരും കയറി വരാം എന്നു സമ്മതിക്കുകയും, അവനവന്റെ കഴിവിന്റെ പരമാവധി സ്വരത്തിൽ പാടാം എന്നു പ്രതിജ്ഞയെടുക്കയും ചെയ്തു.

കയറിയ എല്ലാ വീടും പരിചയക്കാരായതിനാൽ ആരും വെറുംകൈയ്യോടെ വിട്ടില്ല. അങ്ങനെ, 3-4 മണിക്കൂർ നീണ്ട അദ്ധ്വാനത്തിനൊടുവിൽ, ഞങ്ങൾ സമ്പാദിച്ചത്‌ 106 രൂപാ! ( ഈ തുക ഞാൻ ഇന്നും ഓർക്കുന്നുണ്ട്!)

ജനുവരി ആദ്യം കോട്ടയത്തുപോയി വാങ്ങിയ ഒരു ഫുട്ബോൾ, അതും ഓർമ്മയിലുണ്ട്‌!!


(നേരം കിട്ടിയാൽ തുടരും..)

കരോൾ ഗാനങ്ങൾ : 1