Tuesday, 6 January 2009

ഈക്കളി തീക്കളി സൂക്ഷിച്ചോ

ദേവീവിലാസത്തിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ പങ്കെടുക്കാന്‍ ഞാനും പോകാന്‍ തുടങ്ങി. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള അങ്ങേയറ്റത്തെ സൂക്കേടു കൊണ്ടൊന്നുമല്ല. ആ പേരില്‍ കുറച്ചു ദിവസം കണ്ട സ്കൂളില്‍ കൂടിയൊക്കെ തെണ്ടി നടകാമല്ലോ എന്ന മിനിമം ആഗ്രഹം മാത്രം.

പ്രവര്‍ത്തി പരിചയ- ശാസ്ത്ര- ഗണിത ശാസ്ത്ര മേള എന്നത്‌ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലും കായികമേളയും പോലെ തന്നെ പൊതു വിദ്യാഭ്യാസവകുപ്പ്‌ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഒരു കിടിലം പരിപാടിയാണ്‌. കലാ-കായിക കൊലപാതകങ്ങള്‍ കൊണ്ട്‌ ഗ്രേസ്‌മാര്‍ക്കു മേടിക്കാന്‍ പാങ്ങില്ലാത്തവറ്ക്കു ചില്ലറ തട്ടിക്കുട്ടുകളിലൂടെ അതിനവസരം ഒരുക്കുന്ന 'ബൌദ്ധിക മാമാങ്കം'!. പ്രവര്‍ത്തിപരിചയ മേളയില്‍, പലതരത്തിലുള്ള നിര്‍മ്മാണ മല്‍സരങ്ങള്‍ നടത്തപ്പെടുന്നു. ക്ലേ മോഡലിങ്ങ്‌, മരപ്പണി, മെഴുകുതിരി നിര്‍മ്മാണം, വല നെയ്ത്ത്‌ എനിനിങ്ങ്നേ അമ്പതോളം മല്‍സരങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ മേല്‍പ്പറഞ്ഞ പണികള്‍ അറിയണം. അതുകൊണ്ടു തന്നെ എന്നെപ്പോലുള്ളവര്‍ ഇടപെട്ടിരുന്നത്‌ ശാസ്ത്ര-ഗണിത ശാസ്ത്ര മല്‍സരങ്ങളിലായിരുന്നു.

സ്റ്റില്‍ മോഡലും ചാര്‍ട്ടു നിര്‍മ്മാണവുമായിരുന്നു ഞാന്‍ സ്ഥിരം ഏറ്റെടുത്തിരുന്ന ഐറ്റംസ്‌. പണി കുറവുണ്ട്‌ എന്നുള്ളതു തന്നെ കാരണം. [ഇതു പോലെയൊരനുഭവം അരവിന്ദന്‍ എന്നൊരു പയ്യന്‍ പണ്ടെഴുതിയിട്ടുണ്ട്‌.വായിച്ചു ഒരു കമന്റവിടെയും ഇട്ടേരേ. പയ്യനല്ലേ. എഴുതി തെളിയട്ടെ.]

ശാസ്ത്ര മാസികകളിലോ പത്രത്തിലോ ഒക്കെ കാണുന്ന എന്തേലുമൊരു സുനായുടെ മാതൃക തെര്‍മോക്കോള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ട്‌ തല്ലികൂട്ടി ഇടിവെട്ടു കളറൊക്കെ കൊടുത്ത്‌ പ്രതിഷ്ഠിക്കുക, കാണാന്‍ വരുന്നവരില്‍ പിള്ളേരെയൊക്കെ പിടിച്ചുനിര്‍ത്തി അതിന്റെ ചരിത്രം, ശാസ്ത്രം, പൌരധര്‍മ്മം ഒക്കെ വീണ്ടും വീണ്ടും പറഞ്ഞു കേള്‍പ്പിക്കുക, വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ വരുമ്പോ അപ്പുറത്തെ സ്റ്റാളിന്റെ പരിസരത്തു പോയി നില്‍ക്കുക - ഇതൊക്കെയാണ്‌ സ്റ്റില്‍ മോഡല്‍ മല്‍സരത്തിന്റെ ഒരു പതിവു പ്രൊപ്പഗാണ്ട. ഇംഗ്ലീഷ്‌ മീഡിയം പിള്ളേരെ പ്രകാശസംശ്ലേക്ഷണം, വൈദ്യുതി പ്രവാഹം, ലസാഗു എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്‌ അന്നൊരു പ്രധാന നേരം പോക്കായിരുന്നു.

' കണക്കിലെ കളികള്‍ ' എന്നൊക്കെ പേരില്‍ പള്ളിയറ ശ്രീധരനെപ്പോലെയുള്ളവര്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളില്‍ നിന്നും , കാഴചക്കു കൌതുകമുണര്‍ത്തുന്ന പട്ടികകള്‍ മള്‍ട്ടിക്കളറില്‍ വലിയ അക്ഷരത്തിലെഴുതി പ്രദര്‍ശ്ശിപ്പികുന്നതാണ്‌ ചാര്‍ട്ടു നിര്‍മ്മണം.
[ഇതിന്റെ ഒരു ഉദാഹരണം താഅഴെക്കൊടുക്കുന്നു. ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായാലോ?

12345679 x 09 = 111111111

12345679 x 18 = 222222222

12345679 x 27 = 333333333

12345679 x 36 = 444444444

12345679 x 45 = 555555555

12345679 x 54 = 666666666

12345679 x 63 = 777777777

12345679 x 72 = 888888888

12345679 x 81 = 999999999

ഇതില്‍ 1 എന്ന അക്കത്തിനെല്ലാം ഒരു നിറം, 2ഇനു മറ്റൊരു നിറം അങ്ങ്നെ ആകെമൊത്തം നല്ല കളര്‍ഫുള്‍ അവതരണം! ആഹ!]

ഇതു രണ്ടും കഴിഞ്ഞാല്‍ ഗണിതശാസ്ത്രം ക്വിസ്സ്‌. ഇത്രെം കൊണ്ട്‌ വിദ്യാഭ്യാസജില്ലാതലത്തില്‍ 3-4 ദിവസവും, അവിടെയെങ്ങാനും ജയിച്ചാല്‍ സംസ്താനതലത്തില്‍ മറ്റൊരു 4 ദിവസവും മേളാങ്കികാം എന്ന എളിയ ആഗ്രഹം മാത്രം ഈക്കണ്ട കളിക്കെല്ലാം പിന്നില്‍.

1999-2000 വര്‍ഷത്തെ മേള പള്ളം ബുക്കാന സ്കൂളില്‍ നടക്കുന്നു. പതിവു പോലെ ചാര്‍ട്ടുകളും മറ്റി ഗഡിപിടികളെല്ലാമായിട്ട്‌ നമ്മടെ സ്കൂളും സ്ഥലത്തെത്തി. അനുവദിച്ച മുറിയില്‍ മേല്‍പ്പറഞ്ഞ സാമഗ്രികളെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കണ നേരത്ത്‌, കൂടെ വന്ന ഗിരിജ ടീച്ചറിനു പരിചയമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ കയറി വന്നു. മനോരമയുടെ റിപ്പോര്‍ട്ടര്‍. കൂടെയൊരു ഫോട്ടോഗ്രാഫറും. പരിചയമൊക്കെ പുതുക്കിക്കഴിഞ്ഞപ്പോ പുള്ളി ആഗമനോദ്ദേശം പറഞ്ഞു.

" നാളെ പത്രത്തില്‍ കൊടുക്കാന്‍ ഒരു വാര്‍ത്തയും രണ്ടു ഫോട്ടോയും വേണം. അതിനിറങ്ങിയതാ."

" ആഹാ, എന്നാ പിന്നെ ഞങ്ങടെ പിള്ളേരുടെ എടുത്തൂടെ?.." എന്നു ടീച്ചര്‍.

" എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ" എന്നു പുള്ളി പറഞ്ഞതും, ഞാനും കുട്ടുവും കേറി ഒരു സ്റ്റില്‍ മോഡലിന്റെ പുറകില്‍ നിന്നു. വിപിന്‍ കുമാര്‍ പി.വി. എന്ന പാറ്റ [ അന്നേരം അവന്‍ എന്തോ മേടിക്കാന്‍ ചിങ്ങവനത്തിനു പോയിരുന്നു] ഒരു രാത്രി ഉറക്കമിളച്ചിരുന്നുണ്ടാക്കിയ "ഇന്ഡക്ഷന്‍ പുകക്കുഴ'ലിന്റെ പുറകില്‍.

യു.പി.വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയ എന്റെ പ്രിയ സഹോദരന്‍ , എവിടുനെന്നറിയാന്‍ പാടില്ല, പാഞ്ഞു വന്നു ഇടിച്ചു കേറി. "ഇതെന്നതാ പുട്ടുകുറ്റിയോ" എന്ന മുഖഭാവത്തില്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരു പറ്റം പിള്ളേരെ പിടിച്ചു നിര്‍ത്തി ഞങ്ങള്‍ വിശദീകരണം തുടങ്ങി.

" ..പുകക്കുള്ളില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ്‌, കാര്‍ബണ്‍ ഡയോക്സൈഡ്‌, അമ്മോണിയാ, ഫാക്റ്റംഫോസ്‌ എന്നിവ മൂലം വായു മലിനീകരിക്കപ്പേടുന്നു. അതു ആരോഗ്യത്തിനു ഹാനികരമാകുന്നു. അത്തരം പുക ഈ കാണുന്ന കുഴലിലൂടെ കയറ്റി വിട്ടാല്‍, ശക്തമായ വൈദ്യുതി പ്രവാഹത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന കാന്തിക പ്രഭാവം മൂലം അത്തരം പദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്ത്‌..".... ആനമയിലൊട്ടകം!! ആ പിള്ളേരു കണ്ണും തള്ളി നില്‍ക്കുമ്പോള്‍.......


സ്റ്റാര്‍ട്ട്‌, ആക്ഷന്‍, കട്ട്‌! ഫ്ലാഷ്‌!

ഹൊ! രക്ഷപെട്ടു! പത്രത്തില്‍ ഫോട്ടോ വരുത്തുക എന്ന ആഗ്രഹത്തിനു ഒര്റുതി! തട്ടുകേടൊന്നും കൂടാതെ ഒന്നച്ചടിച്ചു വന്നാല്‍ മതിയാരുന്നേ എന്നുറക്കെ പ്രാര്‍ത്ഥിച്ച്‌ തിരിഞ്ഞപ്പോ വിറക്കുന്ന ചുണ്ടുകളോടെ വിപിന്‍ കുമാര്‍ പി.വി.!!

അന്നവന്‍ മാറ്റി നിറുത്തി പറഞ്ഞ തെറി! ഹൊ! കഠിനം പൊന്നയപ്പാ!

ഫോട്ടോ വരുന്നതു ഞങ്ങളുടെയാനെങ്കിലും , വാര്‍ത്ത മുഴുവന്‍ വിപിന്‍ കുമാര്‍ എന്ന ശാസ്ത്ര പ്രതിഭയെപറ്റിയാരിക്കും എന്നൊക്കെ പറഞ്ഞു സിപ്‌-അപ്‌ ഒക്കെ മേടിച്ചു കൊടുത്തു പയ്യന്‍സിനെ മയപ്പെടുത്തിയെടുത്തു.

ഇതെല്ലാം കഴിഞ്ഞ്‌, സ്കൂളിന്റെ ഒരു കെട്ടിടത്തില്‍ നിന്നും മറ്റേ അറ്റത്തേയ്ക്കു മൈതാനത്തിലൂടെ നടക്കണ നേരത്താണ്‌ കുട്ടു ഒരു ഐറ്റം കാണിച്ചത്‌. തീപ്പെട്ടിയുടെ പുറത്തു കൊള്ളി വെച്ച്‌ തള്ളവിരല്‍കോണ്ടമര്‍ത്തി തെറുപ്പിക്മ്പോ അതു കത്തുന്ന വിദ്യ. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളില്‍ പലര്‍ക്കും അതൊരു പുതുമയായിരുന്നു. അതൊന്നു പഠിച്ചെടുക്കാന്‍ എല്ലാവരും തീരുമാനിച്ചു. സ്കൂളിന്റെ മതിലില്‍ കയറി ഇരുന്നു മൈതാനത്തേയ്ക്കു കൊള്ളി തെറുപ്പിക്കാന്‍ തുടങ്ങി.

" ദാ ആ കിടക്കണ പേപ്പര്‍ കത്തിക്കണം" എന്നു പറഞ്ഞു അങ്കം തുടങ്ങി. ഊഴം വെച്ചു എല്ലാവരും പയറ്റിയെങ്കിലും ആ പേപ്പര്‍ കത്താതെ തന്നെ കിടന്നു.

കൊള്ളിയെല്ലാം പെട്ടെന്നു തീര്‍ന്നതു കൊണ്ടു്‌ വലിയ താമസമില്ലതെ നടപ്പു തുടര്‍ന്നു.

മൈതാനത്തിന്റെ അങ്ങേയറ്റത്തെത്തിയപ്പോ വലിയ ഒച്ചയും ബഹളവും കേട്ടു. തിരിഞ്ഞു നോക്കിയപ്പൊ സംഘാടകരും എന്‍.സി.സി-ക്കാരുമൊക്കെ തൊട്ടികളില്‍ വെള്ളവുമായി മൈതാനത്തേയ്ക്കു ഓടുന്നു. ഞങ്ങളും ഓടി. എന്താ കാര്യം എന്നറിയണമല്ലോ.

കാര്യം അറിഞ്ഞതും , അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ ഞങ്ങള്‍ തിരിച്ചോടി. അന്നു പേടിച്ചതു പോലെ പിന്നെ ജീവിതത്തില്‍ വളരെ കുറച്ചേ പേടിച്ചിട്ടുള്ളൂ.

മൈതാനത്തു ഉണങ്ങി കിടന്ന പുല്ലിനു തീ പിടിച്ചതെങ്ങെയെന്ന ഗൌരവമേറിയ ചര്‍ച്ചകള്‍ സന്ധ്യ വരെ നീണ്ടു. അതൊന്നും ഞങ്ങടെ ദേഹത്തു കൊള്ളാതെ ഞങ്ങള്‍ ഒതുങ്ങി നടന്നു.

വൈകുന്നേരം തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞും , ആകെ പേടിച്ചിരിപ്പാരുന്നു. "വെള്ള ഷര്‍ട്ടും കാക്കി പാന്റും ധരിച്ച കുട്ടികളാണ്‌ കാരണക്കാര്‍ എന്നു സംശയിക്കുന്നു" എന്നു വല്ലതും ഒരു വാര്‍ത്ത വന്നാല്‍ ഞങ്ങളും, പിന്നെ ഒളശ്ശ സ്കൂളിലെ പിള്ളേര്മേ ഉള്ളൂ സംശയിക്കാന്‍. ഞങ്ങടെയൊക്കെ സ്വഭാവം നന്നായി അറിയാവുന്ന ഹെഡ്‌മിസ്ട്രസ്സ്‌ , പത്രസമ്മേളനം വിളിച്ചു ആ ക്രെഡിറ്റ്‌ ഏറ്റെടുക്കുകയും ചെയ്യും."ചത്തതു കീചകനെങ്കില്,....".

പിറ്റേന്നു പത്രം വരുന്നതിനുമുന്നേ കുട്ടുവും പാറ്റയും വീട്ടിലെത്തി. ഗേറ്റില്‍ വീണ പത്രം ഓടിച്ചെന്നെടുത്തു മറിക്കുമ്പോ എനിക്കും കുട്ടുവിനും ഒരു വികാരവും[ പേടി, സംഭ്രമം, ആശങ്ക ] , പാറ്റയ്ക്കു മറ്റൊരു വികാരവുമായിരുന്നു[ പ്രതീക്ഷ, ആവേശം, അഭിമാനം].

രണ്ടാം പേജിലുണ്ടായിരുന്ന ചിത്രങ്ങള്‍ ശ്രധിക്കാതെ ഞങ്ങള്‍ അതിനു താഴെയുള്ള വാര്‍ത്ത വായിച്ചു. വാര്‍ത്തയുടെ അവസാന വരി മാത്രമാണ്‌ കണ്ണിലുടക്കിയത്‌.

" ഉച്ച നേരത്തു മൈതാനത്തു തീ പടര്‍ന്നു പിടിച്ചത്‌ തെല്ലു നേരം പരിഭ്രമത്തിനിടയാക്കി".

അത്ര മാത്രം.

ആശ്വാസത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ടതു പാറ്റായുടെ കരിഞ്ഞ മുഖം.

കാരണം വ്യക്തമായി, രണ്ടു കോളം വലിപ്പത്തില്‍, അതേ പേജില്‍ കിടപ്പുണ്ടായിരുന്നു. ശാസ്ത്രീയമായി തള്ളുന്ന ഞാന്‍, പുകക്കുഴലിന്റെ തുമ്പത്തു പിടിച്ചോണ്ടു നില്‍ക്കുന്ന കുട്ടു, ക്യാമറിയിലേയ്ക്കു ഒളികണ്ണിട്ടു നോക്കുന്ന അനിയന്‍ ജോണി.

പാറ്റയുടെ പേരു പോയിട്ടു, ഇനീഷ്യല്‍ പോലും അവിടെങ്ങുമില്ല.

കാര്യം വഷളാകുമെന്നു കണ്ട കുട്ടുവിന്റെ ആശ്വാസവചനങ്ങള്‍ " പള്ളം എഡീഷനില്‍ നിന്റെ പേരും കാണും!"..

പിന്നെ, അതി കഠിനം പൊന്നയപ്പാ...!!!