Sunday, 27 September 2009

വിദ്യാരംഭം

മറ്റൊരു വിദ്യാരംഭം കൂടി കടന്നെത്തുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ മതപരമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്‌, ഗുരുക്കന്‍മാരെ ആദരിക്കുന്ന ഈ ഭാരതീയ പാരമ്പര്യം മഹത്തായ ഒരു സന്ദേശമാണ്‌ നല്‍കുന്നത്‌. അദ്ധ്യാപനം എന്ന തൊഴിലിനും അദ്ധ്യാപകര്‍ക്കും വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍, മാതാവിനും പിതാവിനുമൊപ്പം നിറുത്തേണ്ട ദൈവസമന്‍മാരാണ്‌ ഗുരുക്കന്‍മാര്‍ എന്നു പുതിയ തലമുറ ഓര്‍മ്മിക്കട്ടെ.

ആദരവോടെ മാത്രം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ചില മുഖങ്ങള്‍ മനസ്സിലേയ്ക്കെത്തുന്നു..

സിവില്‍ സര്‍വ്വീസ്‌ എന്ന സുന്ദരസ്വപ്നം മനസ്സില്‍ കുത്തിവെച്ച്‌, എന്നന്നേക്കുമായി കടന്നുപോയ കുര്യന്‍ സാര്‍. ഒരു പട്ടാളക്കാരനായും, പിന്നീട്‌ അദ്ധ്യാപകനായും ഈ നാടിനെ സേവിച്ച ആ പുണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു.

യൌവ്വനത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്നിരുന്ന ലിബി ടീച്ചര്‍..

പാല്‍പ്പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിച്ചിരുന്ന ശശി സാര്‍...

മാതൃഭാഷ പാല്‍പ്പായസം പോലെ കോരിവിളമ്പിത്തന്ന സാവിത്രി ടീച്ചര്‍, അനിയന്‍ സാര്‍, രാധാകൃഷ്ണന്‍ സാര്‍...

ചരിത്രം ചിരപരിചിതവും പ്രിയപ്പെട്ടതുമാക്കിയ പണിക്കര്‍ സാര്‍...

അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഭൂഗോളത്തിന്റെ സ്പന്ദനം വിശദീകരിച്ച കൃഷ്ണന്‍ നമ്പൂതിരി സാര്‍..

ഗിരിജ ടീച്ചര്‍, ഉഷ ടീച്ചര്‍...

മുരളി സാര്‍....

ഇലക്ട്രോണിക്സ്‌ എന്ന കൊടുംകാട്ടില്‍ നിന്നും കൈ പിടിച്ചു നടത്തി ഒരു വിധം പുറത്തെത്തിച്ച അജീഷ്‌ സാര്‍....

സംഗീതം ക്ഷമയോടെ ചൊല്ലിത്തന്ന ശരവണന്‍ സാര്‍......


പിന്നെ പേരെടുത്തു പരാമര്‍ശ്ശിക്കാത്ത മറ്റനേകം മഹത്‌വ്യക്തികള്‍...

അവസാനമായി, കര്‍മ്മം കൊണ്ടു അദ്ധ്യാപകരായ അപ്പനും അമ്മയും....

നിങ്ങളുടെയെല്ലാം മുന്നില്‍, മനസ്സുകൊണ്ടു ഒരു വെറ്റയും അടക്കയും വെള്ളിരൂപയും സമര്‍പ്പിക്കുന്നു...


നന്ദി.. ഒരായിരം നന്ദി.....

Tuesday, 6 January 2009

ഈക്കളി തീക്കളി സൂക്ഷിച്ചോ

ദേവീവിലാസത്തിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ പങ്കെടുക്കാന്‍ ഞാനും പോകാന്‍ തുടങ്ങി. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള അങ്ങേയറ്റത്തെ സൂക്കേടു കൊണ്ടൊന്നുമല്ല. ആ പേരില്‍ കുറച്ചു ദിവസം കണ്ട സ്കൂളില്‍ കൂടിയൊക്കെ തെണ്ടി നടകാമല്ലോ എന്ന മിനിമം ആഗ്രഹം മാത്രം.

പ്രവര്‍ത്തി പരിചയ- ശാസ്ത്ര- ഗണിത ശാസ്ത്ര മേള എന്നത്‌ സ്കൂള്‍ യൂത്ത്‌ ഫെസ്റ്റിവലും കായികമേളയും പോലെ തന്നെ പൊതു വിദ്യാഭ്യാസവകുപ്പ്‌ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഒരു കിടിലം പരിപാടിയാണ്‌. കലാ-കായിക കൊലപാതകങ്ങള്‍ കൊണ്ട്‌ ഗ്രേസ്‌മാര്‍ക്കു മേടിക്കാന്‍ പാങ്ങില്ലാത്തവറ്ക്കു ചില്ലറ തട്ടിക്കുട്ടുകളിലൂടെ അതിനവസരം ഒരുക്കുന്ന 'ബൌദ്ധിക മാമാങ്കം'!. പ്രവര്‍ത്തിപരിചയ മേളയില്‍, പലതരത്തിലുള്ള നിര്‍മ്മാണ മല്‍സരങ്ങള്‍ നടത്തപ്പെടുന്നു. ക്ലേ മോഡലിങ്ങ്‌, മരപ്പണി, മെഴുകുതിരി നിര്‍മ്മാണം, വല നെയ്ത്ത്‌ എനിനിങ്ങ്നേ അമ്പതോളം മല്‍സരങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ മേല്‍പ്പറഞ്ഞ പണികള്‍ അറിയണം. അതുകൊണ്ടു തന്നെ എന്നെപ്പോലുള്ളവര്‍ ഇടപെട്ടിരുന്നത്‌ ശാസ്ത്ര-ഗണിത ശാസ്ത്ര മല്‍സരങ്ങളിലായിരുന്നു.

സ്റ്റില്‍ മോഡലും ചാര്‍ട്ടു നിര്‍മ്മാണവുമായിരുന്നു ഞാന്‍ സ്ഥിരം ഏറ്റെടുത്തിരുന്ന ഐറ്റംസ്‌. പണി കുറവുണ്ട്‌ എന്നുള്ളതു തന്നെ കാരണം. [ഇതു പോലെയൊരനുഭവം അരവിന്ദന്‍ എന്നൊരു പയ്യന്‍ പണ്ടെഴുതിയിട്ടുണ്ട്‌.വായിച്ചു ഒരു കമന്റവിടെയും ഇട്ടേരേ. പയ്യനല്ലേ. എഴുതി തെളിയട്ടെ.]

ശാസ്ത്ര മാസികകളിലോ പത്രത്തിലോ ഒക്കെ കാണുന്ന എന്തേലുമൊരു സുനായുടെ മാതൃക തെര്‍മോക്കോള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ട്‌ തല്ലികൂട്ടി ഇടിവെട്ടു കളറൊക്കെ കൊടുത്ത്‌ പ്രതിഷ്ഠിക്കുക, കാണാന്‍ വരുന്നവരില്‍ പിള്ളേരെയൊക്കെ പിടിച്ചുനിര്‍ത്തി അതിന്റെ ചരിത്രം, ശാസ്ത്രം, പൌരധര്‍മ്മം ഒക്കെ വീണ്ടും വീണ്ടും പറഞ്ഞു കേള്‍പ്പിക്കുക, വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ വരുമ്പോ അപ്പുറത്തെ സ്റ്റാളിന്റെ പരിസരത്തു പോയി നില്‍ക്കുക - ഇതൊക്കെയാണ്‌ സ്റ്റില്‍ മോഡല്‍ മല്‍സരത്തിന്റെ ഒരു പതിവു പ്രൊപ്പഗാണ്ട. ഇംഗ്ലീഷ്‌ മീഡിയം പിള്ളേരെ പ്രകാശസംശ്ലേക്ഷണം, വൈദ്യുതി പ്രവാഹം, ലസാഗു എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്‌ അന്നൊരു പ്രധാന നേരം പോക്കായിരുന്നു.

' കണക്കിലെ കളികള്‍ ' എന്നൊക്കെ പേരില്‍ പള്ളിയറ ശ്രീധരനെപ്പോലെയുള്ളവര്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളില്‍ നിന്നും , കാഴചക്കു കൌതുകമുണര്‍ത്തുന്ന പട്ടികകള്‍ മള്‍ട്ടിക്കളറില്‍ വലിയ അക്ഷരത്തിലെഴുതി പ്രദര്‍ശ്ശിപ്പികുന്നതാണ്‌ ചാര്‍ട്ടു നിര്‍മ്മണം.
[ഇതിന്റെ ഒരു ഉദാഹരണം താഅഴെക്കൊടുക്കുന്നു. ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായാലോ?

12345679 x 09 = 111111111

12345679 x 18 = 222222222

12345679 x 27 = 333333333

12345679 x 36 = 444444444

12345679 x 45 = 555555555

12345679 x 54 = 666666666

12345679 x 63 = 777777777

12345679 x 72 = 888888888

12345679 x 81 = 999999999

ഇതില്‍ 1 എന്ന അക്കത്തിനെല്ലാം ഒരു നിറം, 2ഇനു മറ്റൊരു നിറം അങ്ങ്നെ ആകെമൊത്തം നല്ല കളര്‍ഫുള്‍ അവതരണം! ആഹ!]

ഇതു രണ്ടും കഴിഞ്ഞാല്‍ ഗണിതശാസ്ത്രം ക്വിസ്സ്‌. ഇത്രെം കൊണ്ട്‌ വിദ്യാഭ്യാസജില്ലാതലത്തില്‍ 3-4 ദിവസവും, അവിടെയെങ്ങാനും ജയിച്ചാല്‍ സംസ്താനതലത്തില്‍ മറ്റൊരു 4 ദിവസവും മേളാങ്കികാം എന്ന എളിയ ആഗ്രഹം മാത്രം ഈക്കണ്ട കളിക്കെല്ലാം പിന്നില്‍.

1999-2000 വര്‍ഷത്തെ മേള പള്ളം ബുക്കാന സ്കൂളില്‍ നടക്കുന്നു. പതിവു പോലെ ചാര്‍ട്ടുകളും മറ്റി ഗഡിപിടികളെല്ലാമായിട്ട്‌ നമ്മടെ സ്കൂളും സ്ഥലത്തെത്തി. അനുവദിച്ച മുറിയില്‍ മേല്‍പ്പറഞ്ഞ സാമഗ്രികളെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കണ നേരത്ത്‌, കൂടെ വന്ന ഗിരിജ ടീച്ചറിനു പരിചയമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ കയറി വന്നു. മനോരമയുടെ റിപ്പോര്‍ട്ടര്‍. കൂടെയൊരു ഫോട്ടോഗ്രാഫറും. പരിചയമൊക്കെ പുതുക്കിക്കഴിഞ്ഞപ്പോ പുള്ളി ആഗമനോദ്ദേശം പറഞ്ഞു.

" നാളെ പത്രത്തില്‍ കൊടുക്കാന്‍ ഒരു വാര്‍ത്തയും രണ്ടു ഫോട്ടോയും വേണം. അതിനിറങ്ങിയതാ."

" ആഹാ, എന്നാ പിന്നെ ഞങ്ങടെ പിള്ളേരുടെ എടുത്തൂടെ?.." എന്നു ടീച്ചര്‍.

" എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ" എന്നു പുള്ളി പറഞ്ഞതും, ഞാനും കുട്ടുവും കേറി ഒരു സ്റ്റില്‍ മോഡലിന്റെ പുറകില്‍ നിന്നു. വിപിന്‍ കുമാര്‍ പി.വി. എന്ന പാറ്റ [ അന്നേരം അവന്‍ എന്തോ മേടിക്കാന്‍ ചിങ്ങവനത്തിനു പോയിരുന്നു] ഒരു രാത്രി ഉറക്കമിളച്ചിരുന്നുണ്ടാക്കിയ "ഇന്ഡക്ഷന്‍ പുകക്കുഴ'ലിന്റെ പുറകില്‍.

യു.പി.വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയ എന്റെ പ്രിയ സഹോദരന്‍ , എവിടുനെന്നറിയാന്‍ പാടില്ല, പാഞ്ഞു വന്നു ഇടിച്ചു കേറി. "ഇതെന്നതാ പുട്ടുകുറ്റിയോ" എന്ന മുഖഭാവത്തില്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരു പറ്റം പിള്ളേരെ പിടിച്ചു നിര്‍ത്തി ഞങ്ങള്‍ വിശദീകരണം തുടങ്ങി.

" ..പുകക്കുള്ളില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ്‌, കാര്‍ബണ്‍ ഡയോക്സൈഡ്‌, അമ്മോണിയാ, ഫാക്റ്റംഫോസ്‌ എന്നിവ മൂലം വായു മലിനീകരിക്കപ്പേടുന്നു. അതു ആരോഗ്യത്തിനു ഹാനികരമാകുന്നു. അത്തരം പുക ഈ കാണുന്ന കുഴലിലൂടെ കയറ്റി വിട്ടാല്‍, ശക്തമായ വൈദ്യുതി പ്രവാഹത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന കാന്തിക പ്രഭാവം മൂലം അത്തരം പദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്ത്‌..".... ആനമയിലൊട്ടകം!! ആ പിള്ളേരു കണ്ണും തള്ളി നില്‍ക്കുമ്പോള്‍.......


സ്റ്റാര്‍ട്ട്‌, ആക്ഷന്‍, കട്ട്‌! ഫ്ലാഷ്‌!

ഹൊ! രക്ഷപെട്ടു! പത്രത്തില്‍ ഫോട്ടോ വരുത്തുക എന്ന ആഗ്രഹത്തിനു ഒര്റുതി! തട്ടുകേടൊന്നും കൂടാതെ ഒന്നച്ചടിച്ചു വന്നാല്‍ മതിയാരുന്നേ എന്നുറക്കെ പ്രാര്‍ത്ഥിച്ച്‌ തിരിഞ്ഞപ്പോ വിറക്കുന്ന ചുണ്ടുകളോടെ വിപിന്‍ കുമാര്‍ പി.വി.!!

അന്നവന്‍ മാറ്റി നിറുത്തി പറഞ്ഞ തെറി! ഹൊ! കഠിനം പൊന്നയപ്പാ!

ഫോട്ടോ വരുന്നതു ഞങ്ങളുടെയാനെങ്കിലും , വാര്‍ത്ത മുഴുവന്‍ വിപിന്‍ കുമാര്‍ എന്ന ശാസ്ത്ര പ്രതിഭയെപറ്റിയാരിക്കും എന്നൊക്കെ പറഞ്ഞു സിപ്‌-അപ്‌ ഒക്കെ മേടിച്ചു കൊടുത്തു പയ്യന്‍സിനെ മയപ്പെടുത്തിയെടുത്തു.

ഇതെല്ലാം കഴിഞ്ഞ്‌, സ്കൂളിന്റെ ഒരു കെട്ടിടത്തില്‍ നിന്നും മറ്റേ അറ്റത്തേയ്ക്കു മൈതാനത്തിലൂടെ നടക്കണ നേരത്താണ്‌ കുട്ടു ഒരു ഐറ്റം കാണിച്ചത്‌. തീപ്പെട്ടിയുടെ പുറത്തു കൊള്ളി വെച്ച്‌ തള്ളവിരല്‍കോണ്ടമര്‍ത്തി തെറുപ്പിക്മ്പോ അതു കത്തുന്ന വിദ്യ. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളില്‍ പലര്‍ക്കും അതൊരു പുതുമയായിരുന്നു. അതൊന്നു പഠിച്ചെടുക്കാന്‍ എല്ലാവരും തീരുമാനിച്ചു. സ്കൂളിന്റെ മതിലില്‍ കയറി ഇരുന്നു മൈതാനത്തേയ്ക്കു കൊള്ളി തെറുപ്പിക്കാന്‍ തുടങ്ങി.

" ദാ ആ കിടക്കണ പേപ്പര്‍ കത്തിക്കണം" എന്നു പറഞ്ഞു അങ്കം തുടങ്ങി. ഊഴം വെച്ചു എല്ലാവരും പയറ്റിയെങ്കിലും ആ പേപ്പര്‍ കത്താതെ തന്നെ കിടന്നു.

കൊള്ളിയെല്ലാം പെട്ടെന്നു തീര്‍ന്നതു കൊണ്ടു്‌ വലിയ താമസമില്ലതെ നടപ്പു തുടര്‍ന്നു.

മൈതാനത്തിന്റെ അങ്ങേയറ്റത്തെത്തിയപ്പോ വലിയ ഒച്ചയും ബഹളവും കേട്ടു. തിരിഞ്ഞു നോക്കിയപ്പൊ സംഘാടകരും എന്‍.സി.സി-ക്കാരുമൊക്കെ തൊട്ടികളില്‍ വെള്ളവുമായി മൈതാനത്തേയ്ക്കു ഓടുന്നു. ഞങ്ങളും ഓടി. എന്താ കാര്യം എന്നറിയണമല്ലോ.

കാര്യം അറിഞ്ഞതും , അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ ഞങ്ങള്‍ തിരിച്ചോടി. അന്നു പേടിച്ചതു പോലെ പിന്നെ ജീവിതത്തില്‍ വളരെ കുറച്ചേ പേടിച്ചിട്ടുള്ളൂ.

മൈതാനത്തു ഉണങ്ങി കിടന്ന പുല്ലിനു തീ പിടിച്ചതെങ്ങെയെന്ന ഗൌരവമേറിയ ചര്‍ച്ചകള്‍ സന്ധ്യ വരെ നീണ്ടു. അതൊന്നും ഞങ്ങടെ ദേഹത്തു കൊള്ളാതെ ഞങ്ങള്‍ ഒതുങ്ങി നടന്നു.

വൈകുന്നേരം തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞും , ആകെ പേടിച്ചിരിപ്പാരുന്നു. "വെള്ള ഷര്‍ട്ടും കാക്കി പാന്റും ധരിച്ച കുട്ടികളാണ്‌ കാരണക്കാര്‍ എന്നു സംശയിക്കുന്നു" എന്നു വല്ലതും ഒരു വാര്‍ത്ത വന്നാല്‍ ഞങ്ങളും, പിന്നെ ഒളശ്ശ സ്കൂളിലെ പിള്ളേര്മേ ഉള്ളൂ സംശയിക്കാന്‍. ഞങ്ങടെയൊക്കെ സ്വഭാവം നന്നായി അറിയാവുന്ന ഹെഡ്‌മിസ്ട്രസ്സ്‌ , പത്രസമ്മേളനം വിളിച്ചു ആ ക്രെഡിറ്റ്‌ ഏറ്റെടുക്കുകയും ചെയ്യും."ചത്തതു കീചകനെങ്കില്,....".

പിറ്റേന്നു പത്രം വരുന്നതിനുമുന്നേ കുട്ടുവും പാറ്റയും വീട്ടിലെത്തി. ഗേറ്റില്‍ വീണ പത്രം ഓടിച്ചെന്നെടുത്തു മറിക്കുമ്പോ എനിക്കും കുട്ടുവിനും ഒരു വികാരവും[ പേടി, സംഭ്രമം, ആശങ്ക ] , പാറ്റയ്ക്കു മറ്റൊരു വികാരവുമായിരുന്നു[ പ്രതീക്ഷ, ആവേശം, അഭിമാനം].

രണ്ടാം പേജിലുണ്ടായിരുന്ന ചിത്രങ്ങള്‍ ശ്രധിക്കാതെ ഞങ്ങള്‍ അതിനു താഴെയുള്ള വാര്‍ത്ത വായിച്ചു. വാര്‍ത്തയുടെ അവസാന വരി മാത്രമാണ്‌ കണ്ണിലുടക്കിയത്‌.

" ഉച്ച നേരത്തു മൈതാനത്തു തീ പടര്‍ന്നു പിടിച്ചത്‌ തെല്ലു നേരം പരിഭ്രമത്തിനിടയാക്കി".

അത്ര മാത്രം.

ആശ്വാസത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ടതു പാറ്റായുടെ കരിഞ്ഞ മുഖം.

കാരണം വ്യക്തമായി, രണ്ടു കോളം വലിപ്പത്തില്‍, അതേ പേജില്‍ കിടപ്പുണ്ടായിരുന്നു. ശാസ്ത്രീയമായി തള്ളുന്ന ഞാന്‍, പുകക്കുഴലിന്റെ തുമ്പത്തു പിടിച്ചോണ്ടു നില്‍ക്കുന്ന കുട്ടു, ക്യാമറിയിലേയ്ക്കു ഒളികണ്ണിട്ടു നോക്കുന്ന അനിയന്‍ ജോണി.

പാറ്റയുടെ പേരു പോയിട്ടു, ഇനീഷ്യല്‍ പോലും അവിടെങ്ങുമില്ല.

കാര്യം വഷളാകുമെന്നു കണ്ട കുട്ടുവിന്റെ ആശ്വാസവചനങ്ങള്‍ " പള്ളം എഡീഷനില്‍ നിന്റെ പേരും കാണും!"..

പിന്നെ, അതി കഠിനം പൊന്നയപ്പാ...!!!

Monday, 8 December 2008

തൃക്കാര്‍ത്തിക...

[മുമ്പ് ഒരു റൗണ്ട് ഓടിയതാണെങ്കിലും, പുതിയതൊന്നും‌ കയ്യിലില്ലാത്തതിനാലും, കുമാരനല്ലൂര്‌ ഉത്സവം കൊടികേറിയതിനാലും ഒരിക്കല്‍ കൂടി ഇറക്കുന്നു. പ്രതിഷേധമുള്ളവര്‌ , ഒരു കമന്റിട്ട് പ്രതിഷേധിച്ചാട്ടെ.]

1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.

ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ്‌ മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ്‌ അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.



ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്‍സവങ്ങള്‍ എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.

ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന്‍ വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.

ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്‌, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്‌. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.

ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ്‌ സ്റ്റേജ്‌. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്‌. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്‌പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്‍ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ്‌ ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?


കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.

കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്‌. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള്‍ ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്‌. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും.

വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്‍ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്‌.

Wednesday, 22 October 2008

നയന്റീന്‍ നയന്റി സിക്സ് - എ [ഫെയില്‍ഡ്‌] ലവ് സ്റ്റോറി

ദേവീ വിലാസത്തിലെ കളര്‍ഫുള്‍ കൌമാരങ്ങളുടെ പ്രേമകഥകള്‍ പറയാതെ ദേവീ വിലാസ-വിലാസങ്ങള്‍ എങ്ങനെ പൂര്‍ണ്ണമാകും?

എന്റെ ഒരനുഭവം മുന്നെ എഴുതിയിരുന്നു.

[ അന്നു വന്നു വായിച്ചവര്‍ക്കു നന്ദി. വായിക്കാത്തവരു വേഗം പോയി വായിച്ചേച്ചും വന്നാട്ടേ]

ചേര്‍ന്ന കാലത്തു തന്നെ നടന്ന രസകരമായ ഒരു കഥ എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു.

എല്ലാ കാര്യത്തിലും മുന്നിട്ടു നിന്നിരുന്ന, ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവായ പെണ്ണിനോടു, ക്ലാസ്സിലെ ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്‍, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം.

പ്രേമം കേറി വരുന്നതു കണ്ണിലൂടെയാണെന്നു പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ. [ എന്നാ ഒരു സത്യം പറയട്ടെ, അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിപ്പൊ ഞാന്‍ പറഞ്ഞതാ]

ഇവിടെയും സംഗതി മറിച്ചായിരുന്നില്ല.

അതൊരു അനുരാഗമായി വളര്‍ന്നു.വളര്‍ന്നു പന്തലിച്ചു. ആ പന്തലില്‍ കുരുവികള്‍ കൂടുകൂട്ടി. ആ കൂട്ടിലിരുന്നു അവ പാട്ടുപാടി.

Love will Never Let you be the same എന്ന പോലെയായി കാര്യങ്ങള്‍.

വാവടുക്കുമ്പോള്‍ വലിവു മൂത്തിട്ട്‌ , അതിരാവിലെ എഴുന്നെറ്റു " വായ്‌.. വായ്‌....വായ്ഗുളിക വാങ്ങിക്കൊണ്ടാടാ.." എന്നു അലറുന്ന/ കരയുന്ന / അമറുന്ന അപ്പൂപ്പനോടു " ഇച്ചിരി പച്ചവെള്ളം എടുത്തുകുടി" എന്നു പറഞ്ഞു തിരിഞ്ഞുകിടന്നിരുന്ന പാര്‍ട്ടി , അതിരാവിലെ എഴുന്നേറ്റ്‌ പാലു മേടിക്കാന്‍ പോകാന്‍ തുടങ്ങി. അഞ്ചു മിനിറ്റു നടന്നാല്‍ കിട്ടുന്ന ഒരു പാക്കറ്റ്‌ പാലിനു വേണ്ടി അവന്‍ ഒന്നരകിലോമീറ്റര്‍ നടന്നു. കാരണം അവളും ആ നേരത്തു അവിടെ പാലു മേടിക്കാന്‍ വന്നിരുന്നു.

ക്ലാസ്സില്‍ പോലും സമയത്തു വരാതിരുന്നയാള്‍ ട്യൂഷന്‍ ക്ലാസ്സില്‍ ആദ്യമെത്തുന്ന രണ്ടു പേരില്‍ ഒരാളായി.

കാര്‍ത്തികയ്ക്കു മാത്രം, അതും കളക്ഷനെടുക്കാനായി , അമ്പലത്തില്‍ കയറിയിരുന്നവന്‍ , ഒന്നാന്തരം അമ്പലവാസിയായി. അവന്റെ നിഴലു അങ്ങു കിഴക്കേനടയിലെത്തുമ്പോതന്നെ 'ഉദ്ദിഷ്ടകാര്യസാധ്യത്തിനു വഴിപാട്‌ ഒന്നേ' എന്നു ബാലന്‍ നായരു ചീട്ടെഴുതിവെക്കാന്‍ തുടങ്ങി.

കടലാസ്‌ രൂപത്തിലെന്തും തൊടുമ്പോള്‍ അലര്‍ജി അനുഭപ്പെട്ടിരുന്നവന്‍, പഞ്ചായത്തു വക ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്തു. "ഞാനിപ്പോ വായിച്ചോണ്ടിരിക്കണ നോവല്‍ പെരുമ്പടവത്തിന്റെ 'ഇടാത്ത വളം' ആണെ"ന്നു പരസ്യമായി പറഞ്ഞതും ഇവനായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ . [ ശരിയായ പേരു ഇടത്താവളം എന്നായിരുന്നല്ലോ].

പല പല വൈകുന്നേരങ്ങളില്‍ അവളെയും കാത്തു അവിടെ ഇരിക്കുന്ന നേരത്തുള്ള ദേശാഭിമാനി വായന അവനെ ഏതാണ്ടൊരു കമ്മ്യൂണിസ്റ്റുകാരനുമാക്കി.

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ- ഭേദമില്ലാതെ ആമ്പിള്ളേരെല്ലാം വെടിപറഞ്ഞിരിക്കുന്ന തയ്യല്‍ പീരിയഡില്‍, നമ്മുടെ കഥാനായകന്‍ ഒരു സൂചിയും , അതില്‍ കോര്‍ക്കാന്‍ നൂലും, തയ്ച്ചു പഠിക്കാന്‍ കോണാക്കീറ്റ്‌ പോലെയൊരു തുണിക്കഷണവുമായി എന്നും ഹാജരായി. പുള്ളിക്കാരി ഒരു തയ്യല്‍- താരമായിരുന്നു.

ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാട്ടിയിരുന്ന [ ചിരിച്ചാലും കുറേ വിശേഷാ!] ആ നാണമില്ലാത്തവന്റെ മുഖത്തു നാണം ഉള്‍പ്പടെ ഈരേഴു പതിനാലു ഭാവങ്ങളും വിരിയാന്‍ തുടങ്ങി.

ഇതൊന്നും പോരാഞ്ഞിട്ടു, സംഗീത പീരിയഡില്‍ ലവന്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥിരമായി പാടിയിരുന്ന പാട്ട്‌ "തെച്ചിപ്പൂവേ... തെങ്കാശിപ്പൂവേ.. മച്ചാനേ പാറുങ്കടീ..". [ ഇതു ഒരു നല്ല ക്ലൂവാണ്‌. അറിയുന്നവരു കണ്ടു പിടിക്കട്ടെ]. കര്‍ണ്ണകുഹരസ്സരസ്സൈരിഭമായ ഈ ഗാനമാധുരി കേട്ടു ഞങ്ങള്‍ അന്തം വിട്ടു. "തെച്ചിപ്പൂവല്ലെടാ, നിന്റെ ചെവിട്ടില്‍ ചെമ്പരത്തിപ്പൂ" എന്നു അടക്കം പറഞ്ഞു.

അങ്ങനെ തനിക്കവളോടുള്ള പ്രേമത്തിന്റെ പത്തരമാറ്റ്‌ അവനു ബോധ്യപ്പെട്ടപ്പോള്‍, അടുത്തതെന്തു എന്ന ചോദ്യം ഉയര്‍ന്നു.കല്ല്യാണം എവിടെ വെച്ച്‌ നടത്തണം, പാചകം ആരെ ഏല്‍പ്പിക്കണം എന്നു തുടങ്ങി പിള്ളേരുടെ പേരുകള്‍ വരെ റെഡി, അവളോടു പോയി കാര്യം അവതരിപ്പിക്കുന്നതു മാത്രം മിച്ചം.

പെണ്‍കുട്ടികളുടെ ഇടയില്‍ സ്വാധീനമുള്ള ചെക്കന്‍മാരെ സ്വാധീനിക്കാനായി അടുത്ത ശ്രമം. കൊച്ചു പിള്ളേരല്ലേ, സ്വാധീനിക്കാന്‍ മാനത്തു നിന്നു അമ്പിളിമാമനേം കത്രീന കൈഫിനേം ഒന്നു കൊണ്ടുകൊടുക്കണ്ടല്ലോ. മൂന്നാല്‌ സിപ്പ്‌-അപ്പ്‌, രണ്ടു ഷീറ്റ് ലേബല്‍ -ഇതൊക്കെ മതി. പക്ഷേ,ഇങ്ങനെ കാശ്‌ മുടക്കി നേടിയ ക്യാപ്പിറ്റലിസ്റ്റ്‌ സ്വാധീനം കൊണ്ടും വലിയ കാര്യമുണ്ടായില്ല. പലരും വഴി അവന്‍ തൊടുത്തു വിട്ട/കൊടുത്തുവിട്ട പഞ്ചബാണങ്ങള്‍ ലക്ഷ്യം കണ്ടില്ല.

ഒടുവില്‍ അവനു സഹികെട്ടു . നേരിട്ടു ചെന്നു പറായുനുള്ള ചമ്മല്‍ കാരണം[ പേടിയോ? അവനോ? ഛായ്‌!] പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ്‌ :

" കുഞ്ചു + അഞ്ചു = [ ആഡുതന്റെ പടം] " *** - പേരുകള്‍ സാങ്കല്‍പ്പികം.

ഒരു ദിവസം ക്ലാസ്സ്‌ വിട്ടു എല്ലാവരും പോയിക്കഴിഞ്ഞപ്പോ റീഫിലിന്റെ നിബ്ബൂരി നല്ല മുഴുപ്പില്‍ ഓരോ ബെഞ്ചിലും പുള്ളി മേല്‍പ്പറഞ്ഞ ആപ്തവാക്യം എഴുതിയിട്ടു. പിറ്റേന്നു ഒന്നുമറിയാത്ത പാവത്തിനെപ്പോലെ ക്ലാസ്സില്‍ കടന്നു വന്ന മാന്യ ദേഹം, ക്ലാസ്സില്‍ കൂട്ടച്ചിരി മുഴുങ്ങിയപ്പോള്‍ അതി-മാന്യനായി ആരാഞ്ഞു , " എന്താ എല്ലാവരും ചിരിക്കണെ?" .



ബെഞ്ചില്‍ എഴുതപ്പെട്ട സ്കാന്‍ഡലിനെപറ്റി അറിഞ്ഞതോടെ ചുള്ളന്‍ അതീവ ഗൌരവം നടിച്ചു.



" ഇതാരുടെ പണിയാ ഇതു്‌. ഞാനിപ്പോ ടീച്ചറോടു പറഞ്ഞു കൊടുക്കും"



എന്നിട്ടു മെല്ലെ നടന്നു ചെന്നു അഞ്ചുവിനോടായി [ പേരു സാങ്കല്‍പ്പികമാണെന്നു പറഞ്ഞിരുന്നു കേട്ടോ]



" ഹോ! ഇവന്‍മാരെക്കോണ്ടു തോറ്റു! അല്ലേ അഞ്ചു"



അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെഴുന്നേറ്റു. " താന്‍ ഒന്നിങ്ങു വന്നേ " എന്നു മയത്തില്‍ പറഞ്ഞിട്ടു അവള്‍ മെല്ലെ പുറത്തേക്കു നടന്നു. ബെഞ്ചുകള്‍ക്കിടയിലൂടെ അഞ്ചുവിന്റെ പുറകേ പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോ, അവന്റെ മനസ്സില്‍ പല പല ദൃശ്യങ്ങള്‍ തെളിഞ്ഞുമറഞ്ഞു.

ഷീലയുടെ പുറകേ പാട്ടു പാടി നടക്കുന്ന പ്രേംനസീര്‍, 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ' പാടുന്ന മോഹന്‍ലാല്‍, മഞ്ഞ സാരിയുടുത്ത കുതിര, സീമയെ മസാജ്‌ ചെയ്യുന്ന ജയന്‍- റൊമാന്‍സ്‌, റൊമാന്‍സ്‌, റൊമാന്‍സ്‌ മാത്രം......

പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".

പയ്യന്‍ ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം.

മൌനം വിദ്വാന്‍മാര്‍ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.

പിന്നെ ഉയര്‍ന്നു കേട്ടതില്‍ പച്ചത്തെറി ഒഴിച്ചു ബാക്കിയെല്ലാമുണ്ടായിരുന്നു.[ അവളുടെ സ്വഭാവഗുണം, അതാണല്ലോ അവനെ വീഴിച്ചത്‌]. അവളെ സ്നേഹിക്കാനുള്ള അവന്റെ ക്വാളിഫിക്കേഷന്‍, അതു ഇങ്ങനെ പരസ്യപ്പെടുത്താനുള്ള അവന്റെ ധൈര്യം അങ്ങനെ എല്ലാമെല്ലാം പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായകന്‍മാര്‍ സാധാരണ പറയാറുള്ള 'ലേക്കിന്‍', 'മഗര്‍', 'പരന്തു' എന്നിങ്ങനെയ്യുള്ള വാക്കുകള്‍പോയിട്ടു, 'കമാ' എന്ന വാക്കുപോലും അവനു പറയാന്‍ പറ്റിയില്ല.

ഒരു മൂന്നു-മൂന്നര മിനിറ്റ്‌, മൂന്നു മാസംകൊണ്ട്‌ അവന്‍ പടുത്തുയര്‍ത്തിയ പ്രേമത്തിന്റെ ദന്തഗോപുരം എല്ലവരുടെയും മുന്നില്‍ തകര്‍ന്നുവീഴാന്‍ അത്രേം സമയേ എടുത്തുള്ളൂ. "ഞാനല്ല , ഞാനല്ല" എന്നൊക്കെ അവന്‍ പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും കേട്ടില്ല.

തകര്‍ന്ന മനസ്സും, ജന്മനാ ചമ്മിയ ചിരിയുമായി തിരിച്ചു വന്നു ബെഞ്ചില്‍ ഇരിന്നിട്ടു അവന്‍ പറഞ്ഞ ആത്മഗതകം അല്‍പ്പം ഉയര്‍ന്നുകേട്ടു " എന്നാലും അവളിതെങ്ങനെ അറിഞ്ഞു?" .

പിന്നേ കുറച്ചുനേരത്തേക്കു്‌ ഇതായിരുന്നു ഞങ്ങളെല്ലാം കൂടി ഗവേഷണം നടത്തിയത്‌. കൈയ്യക്ഷരം, ദൃസ്സാക്ഷികള്‍ എന്നിങ്ങനെയുള്ള സാധ്യതകളെല്ലാം തള്ളിപ്പോയി.

ഒടുവില്‍ പെണ്‍കുട്ടികളിലൊരുവള്‍ തന്നെയാണ്‌ ആ രഹസ്യം പുറത്തു വിട്ടതു.

പെണ്‍കുട്ടികളുടെ ബെഞ്ചുകളിലൊന്നില്‍ അവന്‍ എഴുതിയതു ഇംഗ്ലീഷിലായിരുന്നു. അതു വായിക്കുന്ന ആര്‍ക്കും അതിന്റെ കര്‍ത്താവാരെന്നു പകല്‍ പോലെ വ്യക്തമാകുമായിരുന്നു.

ഇംഗ്ലീഷില്‍, സ്വന്തം പേരെഴുതുമ്പോള്‍പോലും അക്ഷരതെറ്റ്‌ വരുത്തുന്ന, അതും ഒരേ അക്ഷരതെറ്റ്‌ വരുത്തുന്ന എന്റെ ഏക ക്ലാസ്സ്‌മേറ്റ്‌ അവനായിരുന്നു.

ജീവിതം പയ്യെ പൂര്‍വ്വസ്ഥിതിയിലായി.

അപ്പുപ്പന്‍ വീണ്ടും പച്ചവെള്ളം കുടിച്ചു വാവിനെ നേരിട്ടു.

കുമാരനല്ലൂര്‍ ദേവിക്കു സ്ഥിരം വഴിപാട്‌ ഒന്നു കുറഞ്ഞു.

ലൈബ്രറിയിലെ അവന്റെ വരവു നിന്നു. സഖാവ്‌ കുഞ്ചിനെ കാണാറില്ലല്ലോ എന്നു ബാക്കി സഖാക്കള്‍ പരസ്പരം പറഞ്ഞു.

സംഗീത പീരിയഡുകള്‍ പതിവുപോലെ 'കണ്ണീര്‍പൂവിലും', ' സുരാംഗിണിയിലും' ഒതുങ്ങി.

മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം പടിഞ്ഞാട്ടു തന്നെ ഒഴുകിത്തുടങ്ങി.

സ്വസ്ഥം . ശാന്തം. ശുഭം.

[അദ്ദേഹം ഇപ്പോ പട്ടാളത്തില്‍ "സാവ്‌ധാന്‍..വീശ്രാം" പറഞ്ഞു ജീവിക്കുന്നു. അവളെവിടെ എന്നറിയില്ല.]

Wednesday, 8 October 2008

'മ'നോരമയിലെ വിദ്യാരംഭം....

[ അടുത്ത കാലത്ത്‌ ഫാഷനായ പൊതു-വിദ്യാരംഭ പ്രഹസനങ്ങളെപറ്റിയല്ല കേട്ടോ]

ദേവീ വിലാസത്തില്‍ ചേര്‍ന്ന കാലത്താണ്‌ , ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായത്‌.

അന്നു തൊട്ടയല്‍വക്കത്തു ജോയി സാറും കുടുംബവുമായിരുന്നു താമസം. കോട്ടയത്തെ 'ജോയീസ്‌ ഡ്രൈവിങ്ങ്‌ സ്കൂള്‍' എന്ന സ്ഥാപനത്തിന്റെ പ്രൊഫസര്‍ കം പ്രൊപ്പൈറ്റര്‍ ആയിരുന്നു ജോയി സാര്‍. ഭാര്യ ആന്‍സി ആന്റി ഹൌസ്‌ വൈഫ്‌.

ദേവീ വിലാസത്തില്‍ ചേര്‍ന്നു കഴിഞ്ഞുള്ള ആദ്യത്തെ പൂജാവധി. സ്കൂളില്‍ പൂജ വെക്കുന്ന ഒരു പരിപാടിയുണ്ട്‌. അതായതു കുട്ടികളെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു സ്കൂളിലെ ഒരു മുറിയില്‍ കൊണ്ടുപോയി പൂജ വെക്കും.പിന്നെ പൂജയെടുപ്പിനു പോയി എടുത്താല്‍ മതി. ആ ഒരു സെറ്റപ്പ്‌ എനിക്കങ്ങു പിടിച്ചു. ബാക്കിയെല്ലാവരെയും പോലെ ഞാനും ഉള്ളതെല്ലാം തൂത്തുപെറുക്കി കൊണ്ടു പോയി പൂജ വെച്ചു. മാഗി ടീച്ചര്‍ [ എന്റമ്മ] ഇതൊക്കെ അറിഞ്ഞുവന്നപ്പോ താമസിച്ചു, അതുകൊണ്ട്‌ രണ്ടു ദിവസത്തേക്കു പഠനം നഹീ നഹീ!

അങ്ങനെ ചുമ്മാ നടന്ന നേരത്ത്‌ ജോയി സാറിന്റെ വീട്ടില്‍ ചെന്നപ്പോ പഴയ ഒരു മനോരമ വാരിക കിട്ടി. അതിനു മുമ്പെല്ലാം ഫലിതം വായിച്ചിട്ട്‌ തിരിച്ചിടാറായിരുന്നു പതിവെങ്കിലും, അന്നു അതു മൊത്തം കുത്തിയിരുന്നു വായിച്ചു. ' കഥ ഇതു വരെ' ഉള്ളതു കൊണ്ട്‌ കഥകളൊക്കെ ഏതാണ്ട്‌ മനസ്സിലായി.

വായന കഴിഞ്ഞു മേശപ്പുറത്തിട്ടിരുന്ന വാരിക കണ്ട്‌ അമ്മ ചൂടായി. ഇത്തരം പൈങ്കിളി വാരികകള്‍ വായിക്കരുതെന്ന മുന്നറിയിപ്പും കിട്ടി.

" കാണരുത്‌ എന്നു പറയുന്നതേ കാണൂ, ചെയ്യരുത്‌ എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ. അതുകൊണ്ട്‌ അമ്മയുടെ വാക്കുകളെ അവഗണിച്ചു കോണ്ട്‌ ഞാനൊരു സ്ഥിരം വായനക്കാരനായി. വെള്ളിയാഴ്ച രാവിലെ പത്രത്തിനൊപ്പം ജോയിസാറിന്റെ വീട്ടിലെത്തുന്ന വാരിക, ശനിയാഴ്ച ഉച്ചയോടു കൂടി ഞാന്‍ കയ്യടക്കുകയും , അമ്മ കാണാതെ വായിച്ചിട്ടു തിരിച്ചു കൊടുക്കുകയും ചെയ്തു പോന്നു.

അങ്ങനെ സി.വി.നിര്‍മ്മലയും , ജോസി വാഗമറ്റവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരായി. പഴയ നോവലുകളൊന്നും മുഴുവനായി ഓര്‍ത്തിരിക്കുന്നില്ലെങ്കിലും, ചില്ലറ ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്‌. കഥകളുടെ നിലവാരത്തെ പറ്റിയൊന്നും കാര്യമായി പറയാനില്ലെങ്കിലും, നല്ലൊരു ശതമാനം മലയാളികളെ വായനാശീലമുള്ളവരാക്കിയതു്‌ മനോരമ ഉള്‍പ്പടെയുള്ള വാരികകളാണ്‌ എന്നതു പച്ചയായ സത്യമാണ്‌. മലയാളികളെ അക്ഷരസ്നേഹികളാക്കുന്നതില്‍ കളിക്കുടുക്ക, ബാലരമ, മനോരമ വാരിക, മനോരമ ദിനപത്രം എന്നിവയിലൊക്കെക്കൂടി മനോരമ കുടുംബത്തിനും നല്ല പങ്കുണ്ട്‌.

കോളെജില്‍ പഠിക്കണ സമയത്തു എന്റെ ഈ മനോരമ-വായന കൂട്ടുകാര്‍ക്കു ഒരു തമാശയായിരുന്നു. മെഗാ സീരിയലുകള്‍ പോലെ ഇത്തരം വാരികകളും പണിയില്ലാത്ത വീട്ടമ്മമാര്‍ മാത്രമാണ്‌ വാങ്ങിക്കുന്നതു എന്നായിരുന്നു അവരുടെ ധാരണ.

ജോലിക്കാരനായി ബാംഗ്ലൂരില്‍ എത്തിയപ്പോളും ഈ ഒരു [ദു]ശ്ശീലം എന്നെ വിട്ടു പോയില്ല.

ഇന്നു ബുധനാഴ്ച. രാവിലെ പത്രത്തിനൊപ്പം മേടിച്ച പുതിയ ലക്കം വാരിക ബാഗിലുണ്ട്‌. റോമയുടെ ചിരിയാണ്‌ മുഖചിത്രം. കമ്പനി ബസില്‍ ഇരുന്നു വായിക്കാന്‍ ചെറിയ ചമ്മലുള്ളതുകൊണ്ട്‌ വീട്ടില്‍ ചെന്നിട്ടേ പുറത്തെടുക്കൂ. പക്ഷേ ഒരു 20 മിനിറ്റ്‌ കൊണ്ട്‌ വായിച്ചു തീര്‍ക്കും.

അലീന മോളുടെ അപ്പന്‍ നല്ലവനാണോ?

ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?

ആനിയുടെ ദാമ്പത്യം വിജയിക്കുമോ?

ഹര്‍ഷനെ പോലീസ്‌ പിടിക്കുമോ?

യമുനയുടെ കല്യാണം നടക്കുമോ?

ഇതിനെല്ലാം ഉത്തരം നാളെ പറയാം.

[ എന്റെ വിദ്യാരംഭ സ്മരണയായിരുന്നു ഞാന്‍ ആദ്യമായി എഴുതിയ മലയാളം പോസ്റ്റ്‌. അതിവിടെയുണ്ട്‌.]

Tuesday, 23 September 2008

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

ദേ,

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...

അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...

Wednesday, 17 September 2008

സാ..പാ..സാ..

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വിളയാടിയിരുന്ന സമയത്താണ്‌, എന്റെയമ്മയ്ക്ക്‌ പെട്ടന്നൊരു തോന്നലുണ്ടായത്‌ : മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം.

അന്നു കുമാരനല്ലൂരാണു താമസം. കാക്കനാട്ട്‌ കുന്നുംപുറത്തിന്റെ ഒത്ത നെറുകയിലാണ്‌ വീടു. കവലയില്‍ ബസിറങ്ങി 1 കിലോമീറ്റര്‍ നടന്നിട്ടു, പിന്നെ സെക്കന്റ്‌ ഗിയറില്‍ കുന്നുകേറി വരുമ്പോ, ഒന്നു നിര്‍ത്തി ഫസ്റ്റ്‌ ഗിയറിലേയ്ക്കു തട്ടുന്ന ഒരു ചെറിയ വളവുണ്ട്‌. അതിനെ നേരെ വലതു വശത്തായിരുന്നു, ആ കാലത്തു തന്നെ കുമാരനല്ലൂര്‍ പ്രദേശത്തു അറിയപ്പെട്ടിരുന്ന ശ്രീ കുമാരനല്ലൂര്‍ ശരവണന്‍ സാറിന്റെ വീട്‌. അദ്ദേഹം തൃപ്പൂണിത്തറ സംഗീത കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, വീട്ടില്‍ സംഗീത ക്ലാസ്സുകളും നടത്തിയിരുന്നു.

അപ്പോ മേല്‍പ്പറഞ്ഞ വളവില്‍, ഒന്നു ശ്വാസം വിടാനായി നിന്നിരുന്ന സമയങ്ങളില്‍ , പുള്ളിയുടെ വീട്ടിലിരുന്നു കുട്ടികള്‍ പാടി പഠിക്കണതു കണ്ടപ്പോ തൊട്ടാണ്‌ അമ്മയ്ക്കും അങ്ങനെയൊരാഗ്രഹം തോന്നിയത്‌.

അങ്ങനെ, ഏതോ ഒരു ഞായറാഴ്ച രാവിലെ , വെറ്റിലയും പാക്കും ദക്ഷിണയും കൊടുത്തു ഞങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി.

" സാ....പാ...സാ" പാടി തുടങ്ങിയാല്‍, അതു തന്നെ പാടി അവസാനിപ്പിക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന ക്ലാസ്സുകള്‍ ജീവിതത്തിന്റെ ഭാഗമായി.

ആദ്യത്തെ ഒരു ഉഷാറൊക്കെ കഴിഞ്ഞപ്പോ ഇതൊരു ചെറിയ കുരിശാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ശനിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയുമാണ്‌ ക്ലാസ്സ്‌. ശനിയാഴ്ച വൈകുന്നേരത്തെ കളി തടസ്സപ്പെടുന്നു, ഞായറാഴ്ച അതിരാവിലെ എഴുന്നേല്ക്കുകയും വേണം. ഇതിനെല്ലാം പുറമേ, തലേ ക്ലാസ്സില്‍ പഠിപ്പിച്ചതു ഇടദിവസങ്ങളില്‍ പാടി പഠിക്കണം.

ഞായറാഴ്ച രാവിലെ കുഴപ്പമില്ല. തലേന്നു പാടിയതു്‌ എങ്ങനെയേലും ഓര്‍ത്തു പാടാം. പക്ഷേ പിറ്റേ ശനിയാഴ്ച ചെല്ലുമ്പോ എല്ലാം മറന്നിരിക്കും. ആദ്യമൊക്കെ സാര്‍ ഉപദേശരൂപേണ പറഞ്ഞു നോക്കി, പിന്നെ സ്നേഹം കലര്‍ന്ന ശകരാം, പിന്നെ പരിഹാസം കലര്‍ന്ന ശകരാം, നല്ല ശകാരം അങ്ങനെ എല്ലാം പരീക്ഷിച്ചു, കിം ബഹുനാ! പിന്നെ വന്നെ ശനിയാഴ്ചകളിലും ഞങ്ങള്‍ പതിവുപോലെ മിഴിച്ചിരുന്നു.

ആദ്യം സ്വരസ്ഥാനങ്ങളും, പിന്നെ വരിശകളും, ഗീതങ്ങളും,വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമൊക്കെയായി നാലു നാലര വര്‍ഷം അങ്ങനെയങ്ങനെയങ്ങു പോയി.

ആ കാലത്തു, എന്റെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു പരുപാടിയുണ്ടെങ്കിലും, എല്ലാം കഴിയുമ്പോ അമ്മ ഒരു പ്രസ്താവന അങ്ങു നടത്തും.

" ഇനി അപ്പുവും ജോണിയും കൂടി ഒരു പാട്ടു പാടും".

പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങടെ ശാസ്ത്രീയം കേക്കാതെ ആരും സമ്മതിക്കില്ല. വരികളൊന്നും ഓര്‍മ്മയില്ല എന്നു പറയാന്‍ പറ്റില്ല, കാരണം മാഗി ടീച്ചര്‍ പാട്ടിന്റെ ബുക്കും എടുത്തോണ്ടാണല്ലോ പോന്നിരിക്കുന്നതു. അങ്ങനെ കൊച്ചുപറമ്പില്‍-ആകശാല കുടുംബങ്ങള്‍ പല തവണ "ശ്രീ ഗണ നാഥാ"യും , "വരവീണ"യുമൊക്കെ കേട്ടു കയ്യടിച്ചിരിക്കുന്നു.

[ എല്ലാം കഴിയുമ്പോ അമ്മു സാറിന്റെ ഒരു ചോദ്യമുണ്ട്‌ : " ശാസ്ത്രീയ സംഗീതത്തില്‍ നമ്മുടെ പാട്ടൊന്നും ഇല്ലേ?".. ഏതു? നമ്മുടെ പാട്ടേ!!!]

" വാ താ പി ഗണപതി" ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ ഇപ്പോ ഏതാണ്ടൊക്കെ ആയി എന്നെനിക്കു തോന്നി തുടങ്ങി. "സാ തിം ചനേ"യും "എന്തരോ മഹാനു ഭാവുലൂ"-വും കൂടി കഴിഞ്ഞപ്പോ, മതിയല്ലോ എന്നായി.ആറു മാസം കൂടി കഴിഞ്ഞു അരങ്ങേറ്റം നടത്തിയേക്കാം എന്നൊക്കെ സാറു വീട്ടുകാരോടു പറഞ്ഞിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ' ഇനി മുതല്‍ ഞാനില്ല' എന്നു ഞാനങ്ങു തീരുമാനിച്ചു. അതോടെ ജോണിയും പോക്ക്‌ നിറുത്തി.

പക്ഷേ , പിന്നീട്‌ അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.

പഠിച്ചിരുന്ന കാലത്തു, എന്നും സാധകം ചെയ്യാന്‍ വേണ്ടി അമ്മ വാങ്ങി തന്നെ ആ പഴയ ഹാര്‍മോണിയം ഇപ്പോഴും വീട്ടിലിരിപ്പുണ്ട്‌.

ഇത്തവണ പോയപ്പോ ഒന്നു പൊടി തൂത്തു വെച്ചു. ശ്രുതിയിട്ടു. നാലു വരി പാടി.

അമ്മ പറയാറുള്ളതു തന്നെ പിന്നേം പറഞ്ഞു : " അന്നു നീയൊരുത്തന്‍ കാരണമാ അതു നിന്നു പോയത്‌"

നേരാ.