Tuesday 24 November 2009

വേദിയിലെ വികടത്തരങ്ങള്‍!

1.

ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].


നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!


സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.

ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

2.

വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.

മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!

ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.

കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.

അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.

കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!

അനുബന്ധം:

[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

[PS :എന്റെ മറ്റൊരു ബ്ലോഗില്‍ മുമ്പു കുഴിച്ചു വെച്ചിരുന്ന രണ്ടു പോസ്റ്റുകളാണിവ. ഇവിടെ ആളും അനക്കവും ഒക്കെ വേണമല്ലോ എന്ന ഒരു മിനിമം ആഗ്രഹത്തിന്റെ പുറത്താണീ കടുംകൈ.]

6 comments:

The Common Man | പ്രാരബ്ധം said...

വീരവിലാസം തുടരുന്നു...

വേദിയിലെ വികടത്തരങ്ങള്‍!

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice :)

-----Z@M----- said...

kalicha nadakangalile muzhuvan amalikalum ivide udharikkan neekkam undo ?
undengil njanum koodam
chilathokke ente ormayilum varunnu !

The Common Man | പ്രാരബ്ധം said...

കിച്ചുന്നൂസ്‌..

താങ്ക്സ്‌!!

കേ.പീ,

ഹ! ഹ! പിന്നെന്താ! തട്ടിവിടൂ!

വിഷ്ണു | Vishnu said...

"അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. "ഹ ഹാ....

ഓ ടോ : നമ്മുടെ പ്രവീണ്‍ ഈ വക പരിപാടിക്ക് ഒന്നും ഇല്ലാരുന്നോ?

nandakumar said...

“ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല”


“ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” !

ഹഹഹ!!! ആ സീനാലോചിച്ചിട്ട് :) ഹ്ഹ

(നന്നായി മൊരിപ്പിച്ചെടുത്ത് രണ്ടു പോസ്റ്റാക്കി എഴുതാമായിരുന്നു)