Friday, 27 November 2009

ഗാനമേളകളുടെ മേളാങ്കം!

ബ്ലൂ ഡയമണ്ട്സ്‌ ആലപ്പുഴ...

ഏയ്‌ഞ്ചല്‍ വോയ്സ്‌ മൂവാറ്റുപുഴ..

സാഗര്‍ പത്തനംതിട്ട...

പൂഞ്ഞാര്‍ നവധാര..

കലാഭവന്‍ എറണാകുളം..

ക്ലാപ്സ്‌ കോട്ടയം.....


"മെഗാ ഷോ", "സൂപ്പര്‍ കോമഡി ഷോ" എന്നൊക്കെ പറഞ്ഞു മനുഷ്യന്‍മാരെ പറ്റിക്കാന്‍ കലാകൊലപാതകികളിറങ്ങുന്നതിനൊക്കെ മുമ്പ്‌, ഗാനമേള എന്ന കലാരൂപവുമായി മധ്യകേരളത്തിലെ വിവിധ പെരുന്നാളുകള്‍, ഉല്‍സവങ്ങള്‍ , പൊതുപരിപാടികള്‍ എന്നിവയെയൊക്കെ സമ്പുഷ്ടമാക്കിയിരുന്നത്‌ മേല്‍പ്പറഞ്ഞ ടീമുകളില്‍ ഏതെങ്കിലുമൊക്കെയായിരുന്നു.


കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഉല്‍സവ നോട്ടീസ്‌ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത്‌ എത്ര ഗാനമേളയുണ്ട്‌ എന്നതാണ്‌. ഞാന്‍ സ്കൂളില്‍ ചേരുന്ന കാലത്ത്‌ എല്ലാ കൊല്ലവും രണ്ടെണ്ണം പതിവായിരുന്നെങ്കിലും പിന്നീട്‌ അതു്‌ ഒന്നായും, പിന്നെയത്‌ ഭക്തി ഗാനമേളയായും മാറി.

ഗാനമേളയുള്ള ദിവസം പകല്‍ മുഴുവന്‍ ഞാന്‍ കുത്തിയിരുന്നു പഠിക്കും, അഥവാ പഠിച്ചു എന്ന ഒരു പ്രതീതി ഉണ്ടാക്കും. ജോലി കഴിഞ്ഞു മാഗി ടീച്ചര്‍ എത്തുമ്പോ തന്നെ അന്നു പഠിച്ചുവെന്നു അവകാശപ്പെടുന്ന ഭാഗത്തെപറ്റി 1-2 സംശയമൊക്കെ ചോദിച്ച്‌ ആളെ കൈയ്യിലെടുക്കും. 7.30യുടെ സീരിയല്‍ കഴിഞ്ഞാല്‍ അന്നേരം തന്നെ കുരിശു വരയ്ക്കാന്‍ മുട്ടുകുത്തുന്നത്‌ കാണുമ്പോ അമ്മയ്ക്കു മനസ്സിലാകും വാലെങ്ങോട്ടാ പൊങ്ങുന്നതെന്ന്‌.

പാവം, അന്നായാലും ഇന്നായാലും, ഒന്നു അറിഞ്ഞു മണിയടിച്ചാല്‍ അമ്മ വീഴും!

അപ്പന്റെ അടുത്ത്‌ മാദ്ധ്യസ്ഥത വഹിക്കേണ്ട ചുമതല അമ്മയുടേത്‌. അങ്ങനെ ഹൈക്കമാന്റിന്റെ അനുമതിയും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉള്ള കറികൂട്ടി ഒരു പാത്രം കഞ്ഞി കുടിച്ചു തീരേണ്ട താമസം, കുട്ടുവിന്റെ വിളിയെത്തും.

കുമാരനല്ലൂര്‍ അമ്പലത്തില്‍ ഗാനമേള കേള്‍ക്കാന്‍ ഒരു പാടു ദൂരെനിന്നൊക്കെ ആളു വരുമായിരുന്നു. ഒരു ഒമ്പതര മണിയോടെ സ്കൂള്‍ മൈതാനം നിറയും. അങ്ങനെ ഒരു പത്തു-പതിനായിരം ആളും, 2-3 വണ്ടി നിറയേ പോലീസും, ഇതിന്റെയൊക്കെ ഇടയ്ക്കുകൂടെ "കടല..കടല..കടലേ"സും, എല്ലം കൂടി ഒരു ജഗപൊഗ.

അങ്ങനെയിരിക്കുമ്പോ പെട്ടെന്നു അതു കേക്കാം!!!!! " ഹലോ...ഹലോ ചെക്ക്‌ ഹലോ...ഹലോ ചെക്ക്‌ ഹലോ..". ഓ തുടങ്ങാറായി.... കളക്ഷന്‍ എടുത്തു നടക്കണ ചെക്കന്‍മാരെല്ലാം തിരിച്ചെത്തും. പിന്നെ കുറച്ചു നേരം തട്ടും മുട്ടും ഒക്കെ കേക്കാം. ഒടുവില്‍, കാത്തു കാത്തിരുന്ന ആ "നന്ദി " വരും .... കുമാരനല്ലൂര്‍ അമ്മയ്ക്കും, കമ്മറ്റിക്കാര്‍ക്കും, സൌണ്ടിനും, ലൈറ്റിനും .. സുഗതികുമാരി ടീച്ചര്‍ പറയുന്നതു പോലെ " എല്ലാ പുല്ലിനും നന്ദി!"...

ആദ്യ ഗാനം ദേവീസ്തുതി. "ആകാശരുപ്പിണി അന്നപൂര്‍ണ്ണേശ്വരി" ആയിരുന്നു ഒരു കാലം വരെ പതിവ്‌. പിന്നെ " അഞ്ജനശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരെമ്മേ.." ഇറങ്ങി..

പിന്നെ 2 മലയാളം മെലഡികള്‍... ആകെ മൊത്തം ഒരു ഗാനമേളയുടെ മൂഡ്‌
ക്രിയേറ്റുചെയ്യപ്പെട്ടുകഴ്യും....

പിന്നെയാണ്‌ ട്രുപ്പിലെ ചിങ്കം വരുന്നത്‌... കറുത്ത കണ്ണടയും, കളര്‍ഫുള്‍ വേഷവുമൊക്കെയായി അടിച്ചുപൊളി പാട്ടുകാരന്‍ രംഗപ്രവേശം. അനൌണ്‍സ്‌മെന്റൊക്കെ ഇപ്പോഴും ഒര്‍മ്മയുണ്ട്‌ "....ഉള്ളത്തെ അള്ളിത്താ എന്ന സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രത്തിലെ അഴഗിയ ലൈലാ എന്ന ഗാനവുമായി വരുന്നു, പ്രശാന്ത്‌!!!...".....

ഗാനമേളക്കു പാട്ടിനൊപ്പം ഡാന്‍സ്‌ കളിക്കുന്നതിനു തുള്ളുക എന്നാണ്‌ കോട്ടയത്തൊക്കെ പറയാറു. കുമാരനല്ലൂരമ്പലത്തിലും അതിനു കുറവില്ലായിരുന്നു. കുറച്ചു വര്‍ഷങ്ങളില്‍ ഇതിനും ഒരു സമ്പ്രദായം രൂപപ്പെട്ടു. അതായത്‌, വടക്കേ നടക്കാരനായ ഒരു കാരണവര്‍ അടിച്ചുപൊളി പാട്ടു തുടങ്ങുമ്പഴേ എഴുന്നേല്‍ക്കും. അതു കണ്ടു ആവേശം കൊണ്ടു ബാക്കിയുള്ളവരും. പിന്നീടുള്ള 3-4 വര്‍ഷങ്ങളില്‍ ഈ കാരണവര്‍ എഴുന്നേല്‍ക്കുന്നതും നോക്കി ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങി.

പിന്നെ പിന്നെ ഇതിനൊക്കെ നിയന്ത്രണം വന്നു. തുള്ളാന്‍ പാടില്ല എന്നു പോലീസ്‌ ഇണ്ടാസിറക്കി. ആളുകളുടെ സംഘടിത ശക്തി ഒരു പരിധി വരെയൊക്കെ പിടിച്ചു നിന്നു. ഒരു തവണ തുള്ളിയതിനു എന്റെ ഒരു കൂട്ടുകാരനെ പോലീസ്‌ പിടിച്ച്‌ ജീപ്പിലിരുത്തി. ഗാനമേള കഴിഞ്ഞു അവരു തിരിച്ചുപോകുന്ന വഴി 3 കിലോമീറ്റര്‍ അപ്പുറത്ത്‌ ഇറക്കിവിട്ടു. പാവം!

ഇന്നു ഓര്‍ക്കൂട്ടില്‍ ഉടക്കുവലയുമായി കറങ്ങിനടക്കുമ്പോഴണ്‌ അവിചാരിതമായി പന്തളം ബാലന്‍ എന്ന പ്രൊഫൈല്‍ കാണാനിടയായത്‌. ചിലര്‍ക്കെങ്കിലും ആ പേരു സുപരിചിതമായിരിക്കണം, വളരെ മികച്ച ഒരു ഗയകനാണ്‌. അദ്ദേഹത്തിന്റെ ഗാനമ്മേള ഒരു കാലത്ത്‌ വലിയ ഒരു സംഭവമായിരുന്നു. "ഹരിമുരളീരവം" ഒക്കെ പാടിയാല്‍ ...ഹോ ! അതൊക്കെ ഓര്‍ക്കുമ്പോ തന്നെ ഒരു സുഖം!

ആ ഒരു സന്തോഷത്തില്‍ ഒറ്റയിരുപ്പിന്‌ വായില്‍ തോന്നിയതൊക്കെ എഴുതിപോസ്റ്റുന്നു. ചുമ്മ സഹിച്ചാലും.!!

ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം : ഒരു കൊല്ലത്തെ അനൌണ്‍സ്മെന്റ്‌ ഇങ്ങനെ " അടുത്തതായി ദേവരാഗം എന്ന ചിത്രത്തില്‍ ചിത്ര പാടിയ ഗാനം ....യ...യ...യ...യ...യ......"

10 comments:

The Common Man | പ്രാരാബ്ധം said...

ഇന്നു ഓര്‍ക്കൂട്ടില്‍ ഉടക്കുവലയുമായി കറങ്ങിനടക്കുമ്പോഴണ്‌ അവിചാരിതമായി പന്തളം ബാലന്‍ എന്ന പ്രൊഫൈല്‍ കാണാനിടയായത്‌. ചിലര്‍ക്കെങ്കിലും ആ പേരു സുപരിചിതമായിരിക്കണം, വളരെ മികച്ച ഒരു ഗയകനാണ്‌. അദ്ദേഹത്തിന്റെ ഗാനമ്മേള ഒരു കാലത്ത്‌ വലിയ ഒരു സംഭവമായിരുന്നു. "ഹരിമുരളീരവം" ഒക്കെ പാടിയാല്‍ ...ഹോ ! അതൊക്കെ ഓര്‍ക്കുമ്പോ തന്നെ ഒരു സുഖം!

ആ ഒരു സന്തോഷത്തില്‍ ഒറ്റയിരുപ്പിന്‌ വായില്‍ തോന്നിയതൊക്കെ എഴുതിപോസ്റ്റുന്നു. ചുമ്മ സഹിച്ചാലും.!!

നന്ദകുമാര്‍ said...

"ഉള്ളത്തെ അള്ളിത്താ എന്ന സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രത്തിലെ അഴഗിയ ലൈലാ എന്ന ഗാനവുമായി വരുന്നു, പ്രശാന്ത്‌!!!..."..."

എത്രയെത്ര പ്രശാന്തുമാരെ കണ്ടിരിക്കുന്നു. :) എന്നാലും അതൊരു കാലമായിരുന്നു. സകല പൂരപ്പറമ്പും കയറി ഗാനമേളയും അനുബന്ധ അടികലാശവും കണ്ടു നടന്ന കാലം. ഹോ ഒരുപാട നല്ല ഉത്സവ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഈ കുറിപ്പ്.

(രസകരമായി ഒരു തകര്‍പ്പന്‍ ഹാസ്യം എഴുതാമായിരുന്ന ഒരു കലക്കന്‍ ത്രെഡ് ചുരുക്കി എഴുതി എന്നൊരു കുറ്റമേ ഞാന്‍ കാണുന്നുള്ളൂ) :)

The Common Man | പ്രാരാബ്ധം said...

നന്ദേട്ടാ.. :-)

ആ പറഞ്ഞത്‌ നേരാ. ഒന്നൂടെ നോക്കിയിരുന്നേല്‍ കുറച്ചൂടെ ഗോമഡി ചേര്‍ക്കാമാരുന്നു. പക്ഷേ അന്നേരം അതില്‍ ഒരല്‍പ്പം മായം കലരും. ഇതെനിക്കു ആ പത്തു മിനിറ്റില്‍ തോന്നിയത്‌ അതുപോലെ പകര്‍ത്തിവെച്ചപ്പോ ഒരു സന്തോഷം.

കമന്റിയതിനു നന്ദി.

|santhosh|സന്തോഷ്| said...

ഹ കൊള്ളാമല്ലോ പൂരപ്പറമ്പോര്‍മ്മകള്‍. ശരിയാണ് ഇതു വായിച്ചപ്പോള്‍ പെട്ടെന്ന് മഞ്ഞു പെയ്ത ഒരുപാട് രാത്രികള്‍ ഓര്‍ത്തുപോയി. ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും ഗാനമേളകള്‍ക്ക് പോയിരുന്ന ഒരു വസന്തകാലം.
ഓര്‍മ്മകളിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന പോസ്റ്റ്.

ശ്രീ said...

ആ പഴയ ഉത്സവകാലത്തെ ഓര്‍മ്മിപ്പിച്ചു...

desertfox said...

എന്റെ ഓർമ്മ ശരിയാണെങ്കിൽ പത്തനംതിട്ട സാഗർ അല്ല സാരംഗ്‌ ആണ്‌.
ഗാനമേള ഒരു വീക്ക്നെസ്സ്‌ തന്നെ ആയിരുന്നു. ഓർമ്മപ്പെടുത്തലിന്‌ ഒരായിരം നന്ദി.

The Common Man | പ്രാരാബ്ധം said...

സന്തോഷ്‌, ശ്രീ..

ഒക്കെ ഒരു കാലം അല്ലേ?

ഫോക്സ്,

വളരെ ശരിയാണ്. തിരുത്തിനു നന്ദി.

Sandhya said...
This comment has been removed by the author.
Sandhya said...

ചുണ്ടത്തൊരു പുഞ്ചിരിയുമായി, മൊത്തം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. ഇതെന്റെയും അമ്പലപ്പറമ്പിലെ ഉത്സവഓര്‍മ്മകള്‍ ! കൊള്ളാം കേട്ടോ!

- സന്ധ്യ

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പഴയ ഉത്സവലഹരികളിലേക്ക് കൂട്ടികൊണ്ടുപോയി ഈ കുറിപ്പുകൾ കേട്ടൊ ഭായ്