
പറയുമ്പോ എല്ലാം പറയണമല്ലോ, ഫുട്ബോൾ ഒക്കെ വന്നു കഴിഞ്ഞപ്പോ ഞങ്ങടെ കളിസ്ഥലത്തും ആളു കൂടി. അതുകൊണ്ടു പിറ്റേത്തവണ കരോളിറങ്ങാൻ ആൾബലത്തിനു പഞ്ഞമില്ല. ചില്ലറ മുതല്മുടക്കിനും ആളെകിട്ടി. അതുകൊണ്ടു കുറച്ചുംകൂടി ഏരിയ കവർ ചെയ്യാമെന്നും തീരുമാനമായി.
പതിവു പോലെ ജിത്ത് തന്നെ പാപ്പാ. അല്ലെങ്കിലും വിജയിച്ച ഫോർമുല വീണ്ടും വീണ്ടും ഉപയോഗിക്കുക്ക എന്നതു ഒരു ‘മല്ലു’ രീതിയാണല്ലോ.
അംഗീകാരമില്ലാത്ത കരോൾസംഘങ്ങളെ പോലീസ് പിടിക്കും എന്ന വാർത്താക്കുറിപ്പ് ചെറിയ ഒരു ഉൾക്കിടിലമുണ്ടാക്കി. അതിനും പ്രതിവിധി പറഞ്ഞതു രതീഷ് തന്നെ - ഒരു ബാനർ പിടിച്ചാ മതി.. ബാനറും , ബാനറിൽ ഒരു പേരുമൊക്കെ ഉണ്ടെങ്കിൽ പിടിച്ചുനിക്കാം. എന്റെപന്റെ ഒരു പഴയ ഒറ്റമുണ്ട് കീറി, അതിൽ വണ്ടിയ്ക്കടിക്കണ മട്ടിപ്പെയിന്റ് ( രതീഷിന്റെ ഫാദർ കുഞ്ഞുമോൻ ചേട്ടൻ ഒരു മോട്ടോർ മെക്കാനിക്കാണ്) മുക്കി വലിയ അക്ഷരത്തിൽ കീച്ചി - “ വിക്ടറി ക്ലബ്”. ( ഈ പേരു യോദ്ധാ ഫെയിം തന്നെ- അന്നു എഴുതിയ പേർ മറന്നു പോയി. അനിയനും ഓർമ്മയില്ല. ) ആകെമൊത്തം നല്ല അലങ്കോലമായ ഒരു ബാനർ. ശീമപ്പത്തലിന്റെ രണ്ട് കമ്പൊടിച്ച് ബാനറിന്റെ രണ്ട് വശത്തും കെട്ടി. ബലേഭേഷ്!
ആൾബലത്തിന്റെയും ബാനർബലത്തിന്റെയും ഒക്കെ പച്ചപ്പിൽ ആദ്യമായി, റോഡിലേയ്ക്കിറങ്ങാൻ തീരുമാനിച്ചു. കുന്നുമ്പുറം ഇറങ്ങി ,റോഡ് മുറിച്ചുകടന്നാൽ മൂന്നാമത്തെ വീട് കുട്ടൻ സാറിന്റെ വീടാണ്. കൂടെയുള്ള മിടുക്കന്മാരിൽ പലരും അവിടെ ട്യൂഷൻ പഠിക്കുന്നവർ, ബാക്കിയുള്ളവർ സ്കൂളിൽ ഗിരിജ ടീച്ചറിന്റെ ശിഷ്യന്മാർ. അതുകൊണ്ട് ആദ്യവർഷങ്ങളിൽ ഞാനും അനിയനും , ബാക്കി ചെറുതുകളും മാത്രമാണ് അവിടെ കയറിയിരുന്നത്. 1-2 വർഷത്തിനുശേഷം ഞാനും മേല്പ്പറഞ്ഞ ഗണങ്ങളിൽ അംഗമാവുകയും, മതിലിന്റെ പുറത്തേക്ക് മാറുകയും ചെയ്തു!
പോസ്റ്റാപ്പീസിന് പടിഞ്ഞാറുവശം, ഫ്ലോറൽപാർക്കു ഹോട്ടലുടമകളുടെ വീടാണ്. കാശുകാരുടെ വീട്ടിൽ നിന്ന് ഒരു ഇരുപത് രൂപാ എങ്കിലും കിട്ടും എന്ന ആവേശത്തിലാണ് ഞങ്ങൾ പാടിയതു. 1-2 പാട്ടു ഒക്കെ അധികം പാടി . പാട്ടു കഴിഞ്ഞപ്പോ വീട്ടുകാർ വക കേക്കും കിട്ടി. ഹാപ്പി!. പക്ഷേ കോരിത്തരിച്ചത് , എല്ലാം കഴിഞ്ഞു ചേട്ടൻ കാശു തന്നപ്പോഴാണ്. 100 രൂപാ! ഹണ്ഡ്രഡ് മണീസ്!
തലേ വർഷം ഒരു ദിവസം പാടിയെങ്കിൽ , ആ കൊല്ലം രണ്ട് ദിവസമായിരുന്നു കരോൾ. ഏതാണ്ട് 450ഓളം രൂപാ പിരിഞ്ഞു കിട്ടി.
ക്രിക്കറ്റ് ബാറ്റ് മേടിക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്നേരം ‘ചെറുതുകൾ’ ഉടക്കി. 4 അടിയിൽ കുറവു പൊക്കമുള്ള ഒരു 5-6 പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. അവർക്കു പെരുമാറാൻ പറ്റിയ ഒരു ചെറിയ ബാറ്റു വേണമെന്നു ഒരേ വാശി. അങ്ങനെ അതും മേടിച്ചു.
2 ബാറ്റും 3 സ്റ്റമ്പും ഒരു ജോടി കീപ്പർ ഗ്ലൗസും കൂടി 450നു കിട്ടി എന്നു പറയുമ്പോൾ, അതിന്റെ ഒരു ക്വാളിറ്റി അത്രയൊക്കെത്തന്നെ എന്നു തോന്നുമെങ്കിലും , ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമായുള്ള ചുരുക്കം ക്ലബ്ബുകളിലൊന്നായിരുന്നു ഞങ്ങടെ വിക്ടറി ക്ലബ്ബ് എന്നു അഭിമാനത്തോടെ മാത്രമേ ഓർമ്മിക്കാൻ സാധിക്കൂ.
(നേരം കിട്ടിയാൽ തുടരും..)
കരോൾ ഗാനങ്ങൾ : 2
1 comment:
കിഴക്കേനടയിലെ ക്രിസ്ത്‌മസ്: ഭാഗം 2
Post a Comment