ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തു ഒരു ശനിയാഴ്ച അമ്മ സ്പെഷ്യല്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോ ഞാനും കൂടെ പോയി. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു മാത്രം. അല്ലാതെ അതു ലേഡീസ് കോളെജായതുകൊണ്ടൊന്നുമല്ല, ശ്ശെ ശ്ശെ!.അതൊരു പതിവായിരുന്നു. കോളെജിലെ വലിയ ലൈബ്രറിയില്‍ പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല.
പക്ഷേ അന്നു വായിക്കാന്‍ അമ്മ എടുത്തു തന്ന പുസ്തകം ആദ്യം കണ്ടപ്പോ എനിക്കു തീരെ പിടിച്ചില്ല.പടങ്ങളൊന്നുമില്ലാത്ത കഥപുസ്തകം. പേരു മാലി രാമായണം. "നീ ഒന്നു വായിച്ചു തുടങ്ങ്, ഞാന്‍ വേഗമിങ്ങു വരാം" എന്നു പറഞ്ഞിട്ടു അമ്മ പോയി. അങ്ങനെയാണ് ഞാന്‍ രാവണനെയും രാമനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ടതു.
അടുത്ത ദിവസങ്ങളില്‍തന്നെ ഒരു സ്വന്തം കോപ്പി വാങ്ങിപ്പിച്ചു. പലവുരു വായിച്ചു. അങ്ങനെ അതിലെ കഥാപാത്രങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞു. നന്നായി പതിഞ്ഞു.
ദേവീ വിലാസം, കുമാരനല്ലൂര്‍ ദേവസ്വം വക സ്കൂളായതുകൊണ്ട് എല്ലാ കര്‍ക്കിടകമാസത്തിലും രാമായണമാസാചരണം നടത്താറുണ്ടായിരുന്നു. രാമായണ പരായണവും , പ്രശ്നോത്തരിയുമാണ് മല്‍സരങ്ങള്‍. ഞാന്‍ ചേര്‍ന്ന കൊല്ലവും പതിവു പോലെ നോട്ടീസ് വന്നു. അവസാനത്തെ പീരിയഡിന്റെ സമയത്തു പ്രശ്നോത്തരിയില്‍ പങ്കെടുക്കാനായി ഞാന്‍ കയറി ചെന്നപ്പോ എന്നെ അറിയാവുന്ന അദ്ധ്യാപകരില്‍ ചിലരുടെ മുഖത്തു ഒരു അമ്പരപ്പു ഞാന്‍ കണ്ടു. കുറ്റം പറയാന്‍ പറ്റില്ല, ആദ്യമായിട്ടായിരിക്കും ഒരു നസ്രാണി രാമായണം പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ കയറി ചെല്ലുന്നതു എന്നെനിക്കും തോന്നി.
എല്ലാ വര്‍ഷവും ചോദിക്കുന്നതും, എല്ലാവരും ഉത്തരം പറയുന്നതുമായ ചില ചോദ്യങ്ങളുണ്ട്. രാമായണത്തിന്റെ കര്‍ത്താവാരു? അദ്ധ്യാത്മ രാമായണം എഴുതിയതാരു? രാമായണത്തില്‍ എത്ര കാണ്ഡങ്ങളുണ്ട് , തുടങ്ങിയവ. അതൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. മാലി രാമായണത്തില്‍ അതൊന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും എനിക്കറിയില്ലെന്നു കണ്ടപ്പോ ഒരു ടീച്ചര്‍ വന്നു രഹസ്യമായി പറഞ്ഞു , " ജോസേ, ഇതു രാമായണത്തെ പറ്റിയുള്ള മല്‍സരമാണ്, ജോസിനു ബുദ്ധിമുട്ടായിരിക്കും ". ചെറുതായി ഒന്നു ചിരിച്ചിട്ടു ഞാന്‍ അടുത്ത ചോദ്യം ശ്രദ്ധിച്ചു.
" രാവണന്റെ ജേഷ്ഠ സഹോദരന്റെ പേരെന്തു?"
ആ ഉത്തരം എഴുതിയ നാലോ അഞ്ചോ പേരില്‍ ഒരാള്‍ ഞാനായിരുന്നു.
പിന്നീടങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായി. കഥാപാത്രങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ എനിക്കു എളുപ്പമായിരുന്നു. ഒടുവില്‍ മല്‍സരം തീര്‍ന്നപ്പോ എനിക്കു യു.പി. വിഭാഗം രണ്ടാം സ്ഥാനം.
അടുത്ത മൂന്നു കൊല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഞാനും ഉണ്ടായിരുന്നു.
പക്ഷേ മാലി രാമായണത്തില്‍ നിന്നും ഞാന്‍ വളരാന്‍ പിന്നെയും സമയമെടുത്തു. പത്താം ക്ലാസ്സില്‍ ലക്ഷ്മണോപദേശം പഠിച്ചപ്പോളാണു അദ്ധ്യാത്മ രാമായണം വായിക്കണമെന്ന ആഗ്രഹമുണ്ടായതു. അടുത്ത പുസ്തക പ്രദര്‍ശനത്തിനു പോയി ഒരെണ്ണം വാങ്ങി വായിച്ചു.
പലപ്പോഴും വ്യക്തമായ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല. എങ്കിലും വായിച്ചു. ഇന്നും ഇടയ്ക്കു വായിക്കാറുണ്ട്.
നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്‍ക്കുമ്പോള്‍, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....
പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...
13 years ago