Wednesday, 16 July 2008

പഞ്ഞ മാസം വന്നു ചേര്‍ന്നു!

ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തു ഒരു ശനിയാഴ്ച അമ്മ സ്പെഷ്യല്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോ ഞാനും കൂടെ പോയി. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു മാത്രം. അല്ലാതെ അതു ലേഡീസ് കോളെജായതുകൊണ്ടൊന്നുമല്ല, ശ്ശെ ശ്ശെ!.അതൊരു പതിവായിരുന്നു. കോളെജിലെ വലിയ ലൈബ്രറിയില്‍ പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല.

പക്ഷേ അന്നു വായിക്കാന്‍ അമ്മ എടുത്തു തന്ന പുസ്തകം ആദ്യം കണ്ടപ്പോ എനിക്കു തീരെ പിടിച്ചില്ല.പടങ്ങളൊന്നുമില്ലാത്ത കഥപുസ്തകം. പേരു മാലി രാമായണം. "നീ ഒന്നു വായിച്ചു തുടങ്ങ്, ഞാന്‍ വേഗമിങ്ങു വരാം" എന്നു പറഞ്ഞിട്ടു അമ്മ പോയി. അങ്ങനെയാണ്‌ ഞാന്‍ രാവണനെയും രാമനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ടതു.

അടുത്ത ദിവസങ്ങളില്‍തന്നെ ഒരു സ്വന്തം കോപ്പി വാങ്ങിപ്പിച്ചു. പലവുരു വായിച്ചു. അങ്ങനെ അതിലെ കഥാപാത്രങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞു. നന്നായി പതിഞ്ഞു.

ദേവീ വിലാസം, കുമാരനല്ലൂര്‍ ദേവസ്വം വക സ്കൂളായതുകൊണ്ട്‌ എല്ലാ കര്‍ക്കിടകമാസത്തിലും രാമായണമാസാചരണം നടത്താറുണ്ടായിരുന്നു. രാമായണ പരായണവും , പ്രശ്നോത്തരിയുമാണ്‌ മല്‍സരങ്ങള്‍. ഞാന്‍ ചേര്‍ന്ന കൊല്ലവും പതിവു പോലെ നോട്ടീസ് വന്നു. അവസാനത്തെ പീരിയഡിന്റെ സമയത്തു പ്രശ്നോത്തരിയില്‍ പങ്കെടുക്കാനായി ഞാന്‍ കയറി ചെന്നപ്പോ എന്നെ അറിയാവുന്ന അദ്ധ്യാപകരില്‍ ചിലരുടെ മുഖത്തു ഒരു അമ്പരപ്പു ഞാന്‍ കണ്ടു. കുറ്റം പറയാന്‍ പറ്റില്ല, ആദ്യമായിട്ടായിരിക്കും ഒരു നസ്രാണി രാമായണം പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ കയറി ചെല്ലുന്നതു എന്നെനിക്കും തോന്നി.

എല്ലാ വര്‍ഷവും ചോദിക്കുന്നതും, എല്ലാവരും ഉത്തരം പറയുന്നതുമായ ചില ചോദ്യങ്ങളുണ്ട്‌. രാമായണത്തിന്റെ കര്‍ത്താവാരു? അദ്ധ്യാത്മ രാമായണം എഴുതിയതാരു? രാമായണത്തില്‍ എത്ര കാണ്ഡങ്ങളുണ്ട്‌ , തുടങ്ങിയവ. അതൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. മാലി രാമായണത്തില്‍ അതൊന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും എനിക്കറിയില്ലെന്നു കണ്ടപ്പോ ഒരു ടീച്ചര്‍ വന്നു രഹസ്യമായി പറഞ്ഞു , " ജോസേ, ഇതു രാമായണത്തെ പറ്റിയുള്ള മല്‍സരമാണ്, ജോസിനു ബുദ്ധിമുട്ടായിരിക്കും ". ചെറുതായി ഒന്നു ചിരിച്ചിട്ടു ഞാന്‍ അടുത്ത ചോദ്യം ശ്രദ്ധിച്ചു.

" രാവണന്റെ ജേഷ്ഠ സഹോദരന്റെ പേരെന്തു?"

ആ ഉത്തരം എഴുതിയ നാലോ അഞ്ചോ പേരില്‍ ഒരാള്‍ ഞാനായിരുന്നു.

പിന്നീടങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായി. കഥാപാത്രങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ എനിക്കു എളുപ്പമായിരുന്നു. ഒടുവില്‍ മല്‍സരം തീര്‍ന്നപ്പോ എനിക്കു യു.പി. വിഭാഗം രണ്ടാം സ്ഥാനം.

അടുത്ത മൂന്നു കൊല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഞാനും ഉണ്ടായിരുന്നു.

പക്ഷേ മാലി രാമായണത്തില്‍ നിന്നും ഞാന്‍ വളരാന്‍ പിന്നെയും സമയമെടുത്തു. പത്താം ക്ലാസ്സില്‍ ലക്ഷ്മണോപദേശം പഠിച്ചപ്പോളാണു അദ്ധ്യാത്മ രാമായണം വായിക്കണമെന്ന ആഗ്രഹമുണ്ടായതു. അടുത്ത പുസ്തക പ്രദര്‍ശനത്തിനു പോയി ഒരെണ്ണം വാങ്ങി വായിച്ചു.

പലപ്പോഴും വ്യക്തമായ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല. എങ്കിലും വായിച്ചു. ഇന്നും ഇടയ്ക്കു വായിക്കാറുണ്ട്‌.

നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്‍ക്കുമ്പോള്‍, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....

12 comments:

The Common Man | പ്രാരാബ്ദം said...

"പഞ്ഞ മാസം വന്നു ചേര്‍ന്നാല്‍ ... നിന്നെ ഞാനെന്‍ സ്വന്തമാക്കും..."

നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്‍ക്കുമ്പോള്‍, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....

Joe Cheri Ross said...
This comment has been removed by the author.
Joe Cheri Ross said...

Great.
Really good to read.
Karkadaka masam thinu anuyogyamaya oru blog.

ശ്രീ said...

കര്‍ക്കിടകമാസത്തില്‍ പറ്റിയ ഓര്‍മ്മക്കുറിപ്പ്.
:)

കുഞ്ഞന്‍ said...

മാഷെ..

ഇത്ര ചെറുപ്പത്തിലെ വായിച്ചു മനസ്സിലാക്കിയതിന് ഒരു വലിയ അസൂയ..ഞാന്‍ ഇപ്പോഴും വായിക്കുന്നത് തപ്പിത്തടഞ്ഞാണ്..കണ്ണു കാണാഞ്ഞിട്ടല്ല അത്രക്കു കട്ടിയുള്ള, നീലമുള്ള കൂട്ടു വരികള്‍..

മാലി രാമയണം വായന എളുപ്പമാണൊ..? ഞാന്‍ വായിക്കുന്നത് എഴുത്തശ്ചന്‍ രാമായണമാണ്.

പിന്നെ..ആ രാവണന്റെ ജേഷ്ടന്റെ പേരെന്തുവാ..?
ജേഷ്ട സഹോദരനെന്നു പറയുമ്പോള്‍ ആരായിട്ടു വരും..?

അനിയന്മാരെ അറിയാം ..വിഭീക്ഷണന്‍..കുംഭകര്‍ണ്ണന്‍

കര്‍ക്കിട മാസത്തില്‍ ഈ പോസ്റ്റ് നന്നായി മാഷെ..

കുഞ്ഞന്‍ said...

പൌലസ്ത്യന്റെ ആദ്യമകന്‍ കുബേരന്‍ രാവണന്റെ ജേഷ്ടന്‍ തന്നെ..!

The Common Man | പ്രാരാബ്ദം said...

ജോ, ശ്രീ,

വേറെയാരു വായിച്ചില്ലേലും നിങ്ങള്‌ രണ്ടും വായിക്കുമെന്ന് എനിക്കറിയാം. പക്ഷേ നിങ്ങള്‍ തമ്മില്‍ പരിചയമില്ലല്ലോ. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരായതുകൊണ്ട്‌ ഒന്നു പരസ്പരം പരിചയപ്പെട്ടേരു കേട്ടോ.

കുഞ്ഞാ,

കുബേരന്‍ തന്നെ രാവണന്റെ ചേട്ടന്‍. പക്ഷേ അവരുടെ പിതാവിന്റെ പേരു വിശ്രവസ്സ് എന്നല്ലേ? പുലസ്ത്യന്‍ അവരുടെ അപ്പൂപ്പന്‍ ആയിരുന്നു.

സുവര്‍ണ്ണമയി ലങ്കയും, പുഷ്പക വിമാനവും കുബേരന്റെ സ്വന്തമായിരുന്നു. പക്ഷേ രാവണന്‍ നോട്ടമിട്ടപ്പോള്‍ , പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുബേരന്‍ ഒഴിഞ്ഞു കൊടുത്തതാണ്‌.

പിന്നെ മാലി രാമായണം . മാലി എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്ന, പരേതനായ വി.മാധവന്‍ നായര്‍ , രാമായണവും മഹാഭാരതവുമൊക്കെ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകളായി എഴുതിയിട്ടുണ്ട്‌. അതാണ്‌ മാലി രാമായനണും മാലി ഭാരതവുമൊക്കെ. ഡി.സി. ബുക്സില്‍ ലഭ്യമായിരിക്കണം.

Kichu & Chinnu | കിച്ചു & ചിന്നു said...

ജോസേ നല്ല ഓര്‍മകള്‍...
കുബേരന്‍ തന്നെയാണ്‍ രാവണന്റെ ജ്യേഷ്ഠന്‍..
അര്‍ദ്ധ സഹോദരന്‍ എന്നും പറയാം..
അച്ഛന്റെ പേര്‍ വിശ്രവസ്സ് എന്നു തന്നെയാണ്‍.. കുബേരന് വൈശ്രവണന്‍ എന്നും പേരുണ്ട് ...
പുലസ്ത്യനാണോ മൂപ്പരുടെ അച്ഛന്‍ എന്നെനിക്കറിയില്ല...

Sarija N S said...

:)

Devika said...

ormakal undaayirikkanam -- aa peril oru cinema undallo --nalla ormakal

Ramayanam vayikkan thonnunnu :)

'veeravilaasangal' -- thalaperile kusruthi kollam...

ingene ezhuthanamengil nammmude matrubhasha thanne venam :) ingene vikrithamaakiyatil Kshamikkuka...

നന്ദകുമാര്‍ said...

ഞാനും ആദ്യം മുഴുവനായി വായിച്ചത് മാലി രാമായണവും ഭാരതവുമാണ്. അദ്ധ്യാത്മ രാമയണം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ഏഴാം ക്ലാസ്സുകാരന് അത് ദഹിക്കുമായിരുന്നില്ല. മഴ പെയ്തിരുന്ന ഒരുപാട് രാത്രികളില് ചിമ്മിനി വെട്ടത്തിരുന്നായിരുന്നു വായിച്ചു തീര്‍ത്തത്. ഓര്‍മ്മ നന്നായി.
(ജോസെന്ന പേരും രാമായണവും ടീച്ചറുടെ ഉപദേശവും. ഹ!ഹ!)

The Common Man | പ്രാരാബ്ധം said...

ഇന്ദിരാ നഗറിലുള്ള ഡി.സി.ബുക്സിന്റെ കടയില്‍ പോയി.

ആംഗലേയ ചവറുകളാണ് നിരത്തി വെച്ചിരിക്കുന്നതില്‍ അധികവും. ഒരു മൂലയില്‍ കുറച്ച് മലയാള പുസ്തകങ്ങള്‍ കൂട്ടിവെച്ചിരുന്നു.

അതിന്റെയൊക്കെയിടയില്‍‌ നിന്നു മാലി ഭാഗവതം കിട്ടി. അവിടുത്തെ ചേട്ടനോട് ചോദിച്ചപ്പോ, മാലി രാമായണവും ഭാരതവും തപ്പി തന്നു.

ശ്രീ, നന്ദാ, ജോ, മറ്റു ബെംഗളുരു നിവാസികളേ, അതിലേ പോകുമ്പോ ഒന്നു കേറിക്കോളൂ...