Thursday 3 July 2008

ഉച്ചക്കഞ്ഞി

കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ ചിലരെയെങ്കിലും വിദ്യാലയങ്ങളോടു ചേര്‍ത്തു നിറുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ ഉച്ചക്കഞ്ഞി.എന്റെ ദേവീവിലാസത്തിലും ഉച്ചക്കഞ്ഞി എന്ന ആവി പറക്കുന്ന പ്രതിഭാസം നിലനിന്നു പോരുന്നു.

ഉച്ചക്കഞ്ഞിയുടെ ചിലവു സര്‍ക്കാര്‍ വഹിക്കുന്നു എന്നാണു വെപ്പെങ്കിലും അതിനായി കിട്ടുന്ന ഗ്രാന്റ് ഒരിക്കലും തികയാറില്ല എന്നതാണ്‌ വാസ്തവം. പോരാതെ വരുന്നതു പി.ടി.എ. ആണു വഹിച്ചിരുന്നതു. ആയതിലേയ്ക്കായി എല്ലാ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചുള്ളതു നല്‍കുന്നു.

ഞാന്‍ ചേര്‍ന്നു കഴിഞ്ഞു ഒരു തവണ വഴിയില്‍ വെച്ചു എന്റെയമ്മയെ കണ്ടപ്പോ എന്റെ ക്ലാസ്സ് ടീച്ചര്‍ ഈ ആവശ്യം അറിയിക്കുകയും, സംഭാവന എന്റെ കയ്യില്‍ കൊടുത്തുവിടാമെന്നു അമ്മ സമ്മതിക്കുകയും ചെയ്തു. എത്ര കൊടുക്കണം എന്നു വീട്ടില്‍ ചര്‍ച്ച ചെയ്തപ്പോ അപ്പന്‍ ചെറുതായി ഒന്നു കണക്കുകൂട്ടി നോക്കി . സി.ബി.എസ്.ഇ. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു എനിക്കൊരു കൊല്ലം ചിലവു വന്നിരുന്നതു നാലായിരത്തോളം രൂപയായിരുന്നു, ദേവീ വിലാസത്തിലെ ചിലവു, കൊല്ലം നാലു രൂപ ഇരുപത്തിയഞ്ച് പൈസാ![ ഇഹു വിശദമായി പിന്നെ പറയാം, അറിഞ്ഞിരിക്കേണ്ട കാര്യമാണ്‌]. പിന്നെ ഇതൊരു നല്ല കാര്യത്തിനുമാണല്ലോ എന്നോര്‍ത്തു അപ്പന്‍ അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തു തന്നു. പിറ്റേന്നതുകൊണ്ടുപോയി ടീച്ചറിന്റെ കയ്യില്‍ കൊടുത്തപ്പോ പുള്ളിക്കാരിക്കു ആകെ വേവലാതിയായി. വേറെയെന്തിനെങ്കിലും തന്നു വിട്ടതാണോ എന്നു പല തവണ ചോദിച്ചു ഉറപ്പു വരുത്തിയിട്ടു നേരെ ഹെഡ്മിസ്റ്ററസ്സിന്റെ മുറിയിലേയ്ക്കു. രസീത്‌ ഒക്കെ തന്നു പറഞ്ഞു വിട്ടു.

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം, രാവിലെ ചോറു കെട്ടാന്‍ വൈകിയ കാരണം പറഞ്ഞു ഞാന്‍ അമ്മയോടു വഴക്കുണ്ടാക്കി നിക്കുമ്പോ അപ്പന്‍ വന്നു പറഞ്ഞു "ആയിരം രൂപാ കൊടുത്തതല്ലേ, ഇടയ്ക്കു പോയി ആ കഞ്ഞിയും കുടിയെടാ" എന്നു. തരക്കേടില്ലല്ലോ എന്നെനിക്കും തോന്നി. പാത്രവുമായി ക്യൂ നിന്നു ചൂടു കഞ്ഞിയും ചെറുപയറുകറിയും മേടിച്ചു ഊതി ഊതി കുടിച്ചു. മൂന്നും നാലും കറി കൂട്ടി ഉണ്ടു പഠിച്ചിരുന്നതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടൊഴിച്ചാല്‍ സംഗതി നല്ല രസം.

പിന്നെപ്പിന്നെ ഇതൊരു പതിവായി. ചോറ്റുംപാത്രത്തില്‍ മീന്‍കറിയുമായി സ്കൂളില്‍ പോകും [ ഇച്ചിരി മീന്‍ ഇല്ലാതെ ഇറങ്ങാന്‍ പാടാ, വേരുകള്‍ കുമരകത്തല്ലേ?]. പിള്ളേച്ചന്റെ കടയില്‍ നിന്നും അമ്പതു പൈസയുടെ ഒരച്ചാര്‍കൂടി വാങ്ങിയാല്‍, കാര്യം ജഗപൊക!.

ഒമ്പതാം ക്ലാസ്സോടെ വീട്ടില്‍ പോയി ഉണ്ണാന്‍ തുടങ്ങി. അതോടെ ഉച്ചക്കഞ്ഞി കുടി നിന്നു പോയി. പക്ഷേ അനിയന്‍ പിന്നേം കുറേ നാളു കൂടി കുടിച്ചിരുന്നു എന്നാണ്‌ ഓര്‍മ്മ.


അനുബന്ധം:
--------------

എന്റെ വല്ല്യമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവും പാലുംവെള്ളവുമായിരുന്നു റേഷന്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന പാല്‍പ്പൊടി അപ്പാപ്പന്‍ കട്ടു തിന്നു എന്നോ മറ്റൊരു കഥ അമ്മച്ചി പറഞ്ഞതായി ഓര്‍ക്കുന്നു.

മോഹന്‍ലാലിന്റെ 'സോള്‍ട്ട്‌ മാംഗോ ട്രീ'യും ഓര്‍മ്മ വരുന്നു.

ജഗതി: ഇംഗ്ലീഷ് മീഡിയം ആയിരിക്കും

ലാല്‍ : അതെ

ജഗതി : മ്മ്.....

4 comments:

The Common Man | പ്രാരബ്ധം said...

ഉച്ചക്കഞ്ഞി

ചൂടു കഞ്ഞിയും ചെറുപയര്‍ കറിയും, പിന്നെ ഒരു കവര്‍ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ സഫരോം കീ സിന്ദഹീ തരികിടതോം തരികിടതോം ജാത്തീ ഹേ................

ശ്രീ said...

സ്കൂള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഒന്നായിരുന്നു അവിടെ നിന്നും കിട്ടുന്ന ഉച്ചക്കഞ്ഞി. വീട്ടില്‍ പോയി ഊണ് കഴിയ്ക്കുകയായിരുന്നു പതിവെങ്കിലും വല്ലപ്പോഴുമൊക്കെ വീട്ടില്‍ നിന്നും സ്പെഷല്‍ പെര്‍മിഷന്‍ വങ്ങി സ്കൂളിലെ കഞ്ഞിയ്ക്ക് ക്യൂ നിന്ന് വാങ്ങി കുടിച്ചിരുന്നത് ഇന്നുമോര്‍ക്കുന്നു. കൂട്ടുകാരോടൊപ്പം ആസ്വദിച്ച് കഴിച്ചിരുന്ന ആ ഉച്ചക്കഞ്ഞിയുടെ സ്വാദ് ഇന്നും നാവിലുണ്ട്.

:)

siva // ശിവ said...

നല്ല ഓര്‍മ്മകള്‍...എന്റെ കയ്യിലാണ് അഞ്ഞൂറിന്റെ ആ രണ്ട് നോട്ടുകള്‍ കിട്ടിയിരുന്നതെങ്കില്‍ ഒരെണ്ണം മാത്രമേ ടീച്ചര്‍ കാണുമായിരുന്നുള്ളൂ...

സസ്നേഹം,

ശിവ

Mazhakaalam said...

Your Devivilasam school sounds so interesting!Good that u left Queen Marys and joined there....or else u wud never get a chance to devour that tasty uchakanjji!Wish I had a chance to walk my footstepts again into the past.