Wednesday 9 July 2008

ആട് ചതിച്ച ചതി...

[ആദ്യമായി ഒരു മുന്നറിയിപ്പു.ഈ കഥയില്‍ അല്പ്പം അശ്ലീലമുണ്ട്.അതുകൊണ്ടു സദാചാരത്തിന്റെ വക്താക്കള്‍ ഇതു വായിച്ചു വഴക്കിനു വരരുതു. 'ഇവനൊരു വഷളനാണല്ലോ' എന്നു കരുതുകയും അരുതു.]

ചാനലുകളും മാസികകളുമെല്ലാം ബഷീറിനെ അനുസ്മരിക്കുന്നതു കാണുമ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ്മ വരുന്നു.

പതാം ക്ളാസില്‍ പഠിക്കുന്ന കാലം . അതായതു 1999-2000. മലയാളം സെക്കന്റ് പേപ്പറായി ബഷീറിന്റെ 'പാത്തുമ്മയുടെ ആടു' പഠിക്കാനുണ്ടായിരുന്നു. ബഷീരും അബ്ദുള്‍ ഖാദറും അബുവും പാത്തുമ്മയും പിന്നെ ആടുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി ക്ളാസ്സില്‍കൂടി ഓടി നടക്കുമായിരുന്നു രാധാകൃഷ്ണന്‍ സാര്‍ ക്ളാസ്സെടുക്കുമ്പോള്‍.

ഈ കാലത്താണു നമ്മുടെ സാംസ്കാരികവേദിയില്‍ വളരെ സജീവമായ മട്ടൊരു സാഹിത്യശാഖ എന്റെ ശ്രദ്ധയില്‍പ്പെടുന്നതു. നീലമയമായ ചെറുകഥകളും, നോവലുകളും 'യാത്രാവിവരണങ്ങളും'എല്ലാം പ്രത്യക്ഷപ്പെടുന്ന മാസികകള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നതു ഒറ്റപ്പേരിലാണു. 'കൊച്ചു പുസ്തകം'.[ ഞാന്‍ ആദ്യം പറഞ്ഞ അശ്ളീലം ഇതാണു കേട്ടോ. ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറില്‍, അതിനേക്കള്‍ നിലവാരം കുറഞ്ഞ അച്ചടിയും, നിലവാരമേ ഇല്ലാത്ത കുറേ കഥകളും- അതാണു സാധനം. ഈ വിവരണം ഇതെന്തെന്നു മനസ്സിലാകാത്ത പാവങ്ങള്‍ക്കു വേണ്ടി മാത്രം] .

ഒരു ദിവസം , ഇങ്ങനെ കൈ മാറി വന്ന ഒരു കൃതി എന്റെ കൈയ്യില്‍ പെട്ടു പോയി. ഒടേക്കരന്റെ കയ്യില്‍ കൊടുത്തില്ലെങ്കില്‍ വിലയായ അമ്പതു രൂപ ഞാന്‍ കൊടുക്കണം. അവന്‍ അന്നു ബെല്ലടിച്ചപ്പളേ ഇറങ്ങിയോടി. അപ്പൊ ഇതു ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കണ്ട ചുമതല എനിക്കായി. ഓര്‍ത്തപ്പളേ മുട്ടിടിക്കാന്‍ തുടങ്ങി.പക്ഷേ വേറെ നിര്‍വ്വാഹമില്ലത്തതുകൊണ്ടു ഇതുമായിട്ടു വീട്ടിലോട്ടു വിട്ടു. അപ്പനും അമ്മയും വരുന്നതിനു മുന്പേ വീട്ടിലെത്തിയതു കൊണ്ടു ചെന്നപ്പളേ 'ഐറ്റം' മേശയ്ക്കകത്താക്കി. തുറന്നിരുന്നാല്‍ ആരേലും തുറക്കുമ്പോള്‍ കണ്ടെങ്കിലോ എന്നു പേടിച്ചു ആദ്യം കയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ അകത്തു വെച്ചു. സേഫ് അന്റ് സെക്യുവര്‍! പാത്തുമാടെ ആടിന്റെ അകത്താണു വെച്ചതു. അമ്പടീ ആടേ, 'ശബ്ദങ്ങള്‍' തിന്നതു പോലെ ഇതു നീ തിന്നരുതു കേട്ടോ എന്ന ഒരു തമാശയും എനിക്കു തോന്നി...

അമ്മ പി.എച്.ഡി [ അമ്മുസാര്‍ പറയുന്നതു പിച്ഡി!] തീസിസിന്റെ തിരക്കിലായിരുന്നതു കൊണ്ടു അന്നത്തെ പാചകം അപ്പന്‍ ഏറ്റെടുത്തു. എന്നു വെച്ചാല്‍ കൂടുതലായി ഒന്നുമില്ല, ചപ്പാത്തിക്കുള്ള മാവു അമ്മ കുഴച്ചു പരത്തി കൊടുത്താല്‍, പുള്ളി ചുടും. അങ്ങനെ ഭാര്യക്കും മക്കള്‍ക്കും തനിക്കുമുള്ള ചപ്പാത്തികള്‍ അപ്പന്‍ ചുട്ടെടുക്കുന്നു. അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞാനും ജോണിയും പഠനമൊഴിച്ചു വേറെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം!

പെട്ടന്നു കൊച്ചുപറമ്പില്‍ ജോസഫിന്റെയുള്ളിലെ ബഷീര്‍ ആരാധകന്‍ ഉണരുന്നു." അപ്പുവേ... പാത്തുമായുടെ ആടു എവിടാ ഇരിക്കുന്നെ?...." എന്നു ചോദിച്ചു എന്റെ മുറിയിലേയ്ക്കു പോകുന്നതു ഞാന്‍ കണ്ടതാണു. എന്നിട്ടും എനിക്കു കത്തിയില്ല. "മേശയ്ക്കകത്തുണ്ടപ്പാ.." എന്നു സത്യസന്ധമായ മറുപടിയും കൊടുത്തു. പിന്നേം ഒരഞ്ചു മിനിറ്റു കഴിഞ്ഞാണു എനിക്കു ഒരകവാള്‍ അനുഭവപ്പെട്ടതു. സെന്റീശ്വരാ........

പതിയെ മുറിയില്‍ ചെന്നു മേശ പരിശോധിച്ചപ്പോള്‍ സംഗതി അവിടെ ഇല്ല. പെട്ടു!

അനിയന്‍ ഉറങ്ങി കഴിഞ്ഞു മാതാ-പിതാ വക നീണ്ട ഉപദേശങ്ങളും, കരച്ചിലും പിഴിച്ചിലും എന്നു വേണ്ട, ആകെ പാടെ അടിപൊളി തക ധിമി തോം.!

അതൊന്നു വായിക്കാന്‍ പറ്റിയോ അതുമില്ല, മാനഹാനിയും ധനനഷ്ടവും മാത്രം മിച്ചം.

10 comments:

The Common Man | പ്രാരബ്ധം said...

ബഷീറിന്റെ ആടും, ഞാനും, പിന്നെയൊരു.......

ശ്രീ said...

“അതൊന്നു വായിക്കാന്‍ പറ്റിയോ അതുമില്ല, മാനഹാനിയും ധനനഷ്ടവും മാത്രം മിച്ചം.”

ഹ ഹ. കഷ്ടം തന്നെ.
:)

OAB/ഒഎബി said...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരുമെന്ന് അതോടു കൂടി മനസ്സിലായല്ലൊ അല്ലെ?.

പ്രിയത്തില്‍ ഒഎബി.

കുഞ്ഞന്‍ said...

ചുള്ളാ..

ഒരു ചെറിയ നുണ പറഞ്ഞൂല്ലെ..അത് വായിച്ചില്ലാന്ന്..!

നര്‍മ്മത്തേക്കാള്‍ ആ മാതാപിതാവിന്റെ ആധിയിലാണ് എന്റെ കണ്ണുടക്കിയത്.

അച്ചായത്തി said...

Iniyippol aadine kuttam paranjal mathiyello..shabdhangal pole vegam dahikillennu paathummede aadinu thonni kaanum ;)

podikku thallukollitharam kaiyilundalle...aathma katha churalazhiyumbol ini enthokke vayikendi varumo aavo :)

enthayalum kalakkunundu !!!

The Common Man | പ്രാരബ്ധം said...

ശ്രീ,

:-)

ഒഎബി,

ഇനിയും വായിക്കണേ..

കുഞ്ഞന്‍സ്,

ആ പുസ്തകം വായിക്കാന്‍ പറ്റിയില്ല എന്നതു സത്യം. അന്നു അവരുടെ സങ്കടം കണ്ടപ്പോ എനിക്കും സങ്കടം വന്നു.

വിധൂ,

ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തു വരാന്‍ പോകുന്നു!!

Joe Cheri Ross said...

Reallu happened ?

Pavam Jose.

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) ഇതാണ്‍ ഇതൊന്നും ഇത്ര രഹസ്യാക്കി വെക്കരുത് എന്ന് പറയുന്നത് :)

Devika Jyothi said...

athu aadu thinnunnathayirunnu nallathu!

nandakumar said...

പറ്റിച്ചു,...പറ്റിച്ചു...
അശ്ലീലമുണ്ട് വേറെ എന്താണ്ടുണ്ട് എന്നൊക്കെ പറഞ്ഞതു കേട്ടാ വായിക്കാനെത്തിയത്. എന്നിട്ടിപ്പോ ഒരു കൌമാരക്കാരന്റെ ദുഖകഥ!! ഞാന്‍ സമ്മതിക്കില്ല... ഇത് വഞ്ചന. വായനക്കാരനോടുള്ള വഞ്ചന.
ഇതു പോലുള്ള യഥാര്‍ത്ഥ ‘അനുഭവങ്ങള്‍’ പച്ചയായി ആവിഷ്കരിക്കാന്‍(ഇതുപോലെ വെള്ളം ചേര്‍ക്കരുത്) ഒടേതമ്പുരാന്‍ നിനക്ക് ശക്തിയും ധൈര്യവും തരട്ടെയെന്നും അതൊക്കെ വായിക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടാകട്ടെയെന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.