Wednesday 8 October 2008

'മ'നോരമയിലെ വിദ്യാരംഭം....

[ അടുത്ത കാലത്ത്‌ ഫാഷനായ പൊതു-വിദ്യാരംഭ പ്രഹസനങ്ങളെപറ്റിയല്ല കേട്ടോ]

ദേവീ വിലാസത്തില്‍ ചേര്‍ന്ന കാലത്താണ്‌ , ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായത്‌.

അന്നു തൊട്ടയല്‍വക്കത്തു ജോയി സാറും കുടുംബവുമായിരുന്നു താമസം. കോട്ടയത്തെ 'ജോയീസ്‌ ഡ്രൈവിങ്ങ്‌ സ്കൂള്‍' എന്ന സ്ഥാപനത്തിന്റെ പ്രൊഫസര്‍ കം പ്രൊപ്പൈറ്റര്‍ ആയിരുന്നു ജോയി സാര്‍. ഭാര്യ ആന്‍സി ആന്റി ഹൌസ്‌ വൈഫ്‌.

ദേവീ വിലാസത്തില്‍ ചേര്‍ന്നു കഴിഞ്ഞുള്ള ആദ്യത്തെ പൂജാവധി. സ്കൂളില്‍ പൂജ വെക്കുന്ന ഒരു പരിപാടിയുണ്ട്‌. അതായതു കുട്ടികളെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു സ്കൂളിലെ ഒരു മുറിയില്‍ കൊണ്ടുപോയി പൂജ വെക്കും.പിന്നെ പൂജയെടുപ്പിനു പോയി എടുത്താല്‍ മതി. ആ ഒരു സെറ്റപ്പ്‌ എനിക്കങ്ങു പിടിച്ചു. ബാക്കിയെല്ലാവരെയും പോലെ ഞാനും ഉള്ളതെല്ലാം തൂത്തുപെറുക്കി കൊണ്ടു പോയി പൂജ വെച്ചു. മാഗി ടീച്ചര്‍ [ എന്റമ്മ] ഇതൊക്കെ അറിഞ്ഞുവന്നപ്പോ താമസിച്ചു, അതുകൊണ്ട്‌ രണ്ടു ദിവസത്തേക്കു പഠനം നഹീ നഹീ!

അങ്ങനെ ചുമ്മാ നടന്ന നേരത്ത്‌ ജോയി സാറിന്റെ വീട്ടില്‍ ചെന്നപ്പോ പഴയ ഒരു മനോരമ വാരിക കിട്ടി. അതിനു മുമ്പെല്ലാം ഫലിതം വായിച്ചിട്ട്‌ തിരിച്ചിടാറായിരുന്നു പതിവെങ്കിലും, അന്നു അതു മൊത്തം കുത്തിയിരുന്നു വായിച്ചു. ' കഥ ഇതു വരെ' ഉള്ളതു കൊണ്ട്‌ കഥകളൊക്കെ ഏതാണ്ട്‌ മനസ്സിലായി.

വായന കഴിഞ്ഞു മേശപ്പുറത്തിട്ടിരുന്ന വാരിക കണ്ട്‌ അമ്മ ചൂടായി. ഇത്തരം പൈങ്കിളി വാരികകള്‍ വായിക്കരുതെന്ന മുന്നറിയിപ്പും കിട്ടി.

" കാണരുത്‌ എന്നു പറയുന്നതേ കാണൂ, ചെയ്യരുത്‌ എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ. അതുകൊണ്ട്‌ അമ്മയുടെ വാക്കുകളെ അവഗണിച്ചു കോണ്ട്‌ ഞാനൊരു സ്ഥിരം വായനക്കാരനായി. വെള്ളിയാഴ്ച രാവിലെ പത്രത്തിനൊപ്പം ജോയിസാറിന്റെ വീട്ടിലെത്തുന്ന വാരിക, ശനിയാഴ്ച ഉച്ചയോടു കൂടി ഞാന്‍ കയ്യടക്കുകയും , അമ്മ കാണാതെ വായിച്ചിട്ടു തിരിച്ചു കൊടുക്കുകയും ചെയ്തു പോന്നു.

അങ്ങനെ സി.വി.നിര്‍മ്മലയും , ജോസി വാഗമറ്റവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരായി. പഴയ നോവലുകളൊന്നും മുഴുവനായി ഓര്‍ത്തിരിക്കുന്നില്ലെങ്കിലും, ചില്ലറ ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്‌. കഥകളുടെ നിലവാരത്തെ പറ്റിയൊന്നും കാര്യമായി പറയാനില്ലെങ്കിലും, നല്ലൊരു ശതമാനം മലയാളികളെ വായനാശീലമുള്ളവരാക്കിയതു്‌ മനോരമ ഉള്‍പ്പടെയുള്ള വാരികകളാണ്‌ എന്നതു പച്ചയായ സത്യമാണ്‌. മലയാളികളെ അക്ഷരസ്നേഹികളാക്കുന്നതില്‍ കളിക്കുടുക്ക, ബാലരമ, മനോരമ വാരിക, മനോരമ ദിനപത്രം എന്നിവയിലൊക്കെക്കൂടി മനോരമ കുടുംബത്തിനും നല്ല പങ്കുണ്ട്‌.

കോളെജില്‍ പഠിക്കണ സമയത്തു എന്റെ ഈ മനോരമ-വായന കൂട്ടുകാര്‍ക്കു ഒരു തമാശയായിരുന്നു. മെഗാ സീരിയലുകള്‍ പോലെ ഇത്തരം വാരികകളും പണിയില്ലാത്ത വീട്ടമ്മമാര്‍ മാത്രമാണ്‌ വാങ്ങിക്കുന്നതു എന്നായിരുന്നു അവരുടെ ധാരണ.

ജോലിക്കാരനായി ബാംഗ്ലൂരില്‍ എത്തിയപ്പോളും ഈ ഒരു [ദു]ശ്ശീലം എന്നെ വിട്ടു പോയില്ല.

ഇന്നു ബുധനാഴ്ച. രാവിലെ പത്രത്തിനൊപ്പം മേടിച്ച പുതിയ ലക്കം വാരിക ബാഗിലുണ്ട്‌. റോമയുടെ ചിരിയാണ്‌ മുഖചിത്രം. കമ്പനി ബസില്‍ ഇരുന്നു വായിക്കാന്‍ ചെറിയ ചമ്മലുള്ളതുകൊണ്ട്‌ വീട്ടില്‍ ചെന്നിട്ടേ പുറത്തെടുക്കൂ. പക്ഷേ ഒരു 20 മിനിറ്റ്‌ കൊണ്ട്‌ വായിച്ചു തീര്‍ക്കും.

അലീന മോളുടെ അപ്പന്‍ നല്ലവനാണോ?

ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?

ആനിയുടെ ദാമ്പത്യം വിജയിക്കുമോ?

ഹര്‍ഷനെ പോലീസ്‌ പിടിക്കുമോ?

യമുനയുടെ കല്യാണം നടക്കുമോ?

ഇതിനെല്ലാം ഉത്തരം നാളെ പറയാം.

[ എന്റെ വിദ്യാരംഭ സ്മരണയായിരുന്നു ഞാന്‍ ആദ്യമായി എഴുതിയ മലയാളം പോസ്റ്റ്‌. അതിവിടെയുണ്ട്‌.]

12 comments:

The Common Man | പ്രാരബ്ധം said...

'മ'നോരമയിലെ വിദ്യാരംഭം....

ദേവീവിലാസവിലാസങ്ങളില്‍ പൂജ സ്പെഷ്യല്‍ പോസ്റ്റ്‌.

nandakumar said...

(((((((((( ഠോ ))))))))))
(കമ്മനഹള്ളീന്ന് വാങ്ങ്യ തേങ്ങ്യാ..

അപ്പോ ചുമ്മാതല്ല, പോസ്റ്റുകളൊക്കെ നന്നാവുന്നത്! പഴയ മനോരമ ലക്കങ്ങളൊക്കെ ഒന്നു തപ്പി നോക്കട്ടെ, ഒറിജിനലുകള്‍ അതിലുണ്ടോ ന്ന്. :)

ഒരു കാര്യം ശരിയാണ്. അക്ഷരങ്ങളെ മറന്ന അല്ലെങ്കില്‍ മറന്നുപോയേക്കാവുന്ന ഒരു കൂട്ടം ആളുകളെ അക്ഷരങ്ങളിലേക്കും കൂട്ടിവായനയിലേക്കും കൊണ്ടു വന്നതില്‍ ആ വാരികകള്‍ ഒരു സഹായമായിരുന്നു, തുടക്കത്തില്‍.

(പഴയ ഗുമ്മില്യാട്ടോ പോസ്റ്റിനു. ഇപ്പൊ വീശാറില്ലേ?)

ശ്രീ said...

അവസാനിപ്പിച്ചത് ഒരു ആഴ്ചപ്പതിപ്പു സ്റ്റൈലില്‍ തന്നെ ആണല്ലോ?

പിന്നേയ്, ഈ ജോസി വാഗമറ്റം തന്നെ ആണ് സി.വി. നിര്‍മ്മലയും ജോയ്സിയും എന്ന് മറന്നോ...
:)

The Common Man | പ്രാരബ്ധം said...

നന്ദാ,

വീശാന്‍ ഇപ്പൊ കമ്പനിയില്ലെടോ. ഉണ്ടാരുന്ന ഒരു പാവപ്പെട്ടവന്‍ അടുത്തിടെ കല്ല്യാണം കഴിച്ചു. പുള്ളിയോടിപ്പോ "വെള്ളമടി" എന്നു പറഞ്ഞാല്‍ ," അയ്യോ വെള്ളം കോരി വെയ്ക്കാന്‍ മറന്നു" എന്നാണുത്തരം. ഹോപ്പ്‌ലെസ്സ്‌!

ശ്രീ,

എനിക്കതു നേരായിട്ടും അറിയില്ലാരുന്നു. കേട്ടു മറന്നതാകാനും സാധ്യതയുണ്ട്‌.

ഉണ്ടാപ്രി said...

കൊടു മച്ചാ കൈ,
ഇവിടെ ചെന്നൈയില്‍ തിങ്കളാഴ്ചയാണ്‌ മനോരമ എത്തുന്നത്..
കെട്ടിയോള്‍ കാണാതെ വാങ്ങി വായിക്കാന്‍ പെടൂന്ന പാട്...ഹ ഹാ..
ഹര്‍ഷനെ പോലീസ് പിടിക്കില്ല..പിങ്ക് ഡോട്ട് കുണ്ടാമണ്ടീ അതിയാന്‍ ഉപേഷിച്ചു.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ചേട്ടായി said...

ഞാനും ഒരുപാടു നാള്‍ മംഗളം മനോരമ എന്നിവയുടെ സ്ഥിരം വായനക്കാരനായിരുന്നു. ഇപ്പോഴും കിട്ടിയാല്‍ വായിക്കും. വീട്ടില്‍ പൌരധ്വനി സഖി എന്നിവയും വരുത്തിയിരുന്നു. ആയതിനാല്‍ മറ്റുവീടുകളില്‍ മേടിക്കുന്ന മനോരാജ്യം കുങ്കുമം,കന്യക,കേരള ശബ്ദം,നാന എന്നിവ എക്സേഞ്ചായി കിട്ടുമായിരുന്നു. കലാ കൌമുദിയും കിട്ടിയിരുന്നു പക്ഷെ അന്നും ഇന്നും അത് ദഹിക്കില്ല.

എന്തായാലും നമ്മുടെ ശ്രീക്കുട്ടന്‍ തന്ന അറിവ്, സി വി നിര്‍മ്മല ജോസി വാഗമറ്റമാണെന്നത് ഒരു ഞെട്ടലായി. അതോടോപ്പം ശ്രീയും നല്ലൊരു വാരിക വായനക്കാരനാണെന്നും തെളിയുന്നു.

Lathika subhash said...

വായിച്ചു മോനേ,
കൊള്ളാം.
ആശംസകള്‍!

Sarija NS said...

ഹ ഹ :) സത്യമാണട്ടോ. വായന തുടങ്ങുന്ന സമയത്ത് ഈ പൈങ്കിളികളാണ് മുന്നോട്ട് കൊണ്ട് പോയത്.

“കാണരുത്‌ എന്നു പറയുന്നതേ കാണൂ, ചെയ്യരുത്‌ എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ.

ദേ ഇതങ്ങ് വല്ലാണ്ട് ബോധിച്ചു. സത്യമാണോ മാഷെ? അതോ ചുമ്മാ നീലകണ്ഠന്‍ ഡയലോഗ് മാത്രെ ഉള്ളോ?

The Common Man | പ്രാരബ്ധം said...

ഉണ്ടാപ്രി,

നല്ല പേരു! ഒരു വാരിക വായിച്ചാല്‍ തെറിക്കണ മൂക്കാണേ അങ്ങു പോട്ടെന്നു വെയ്യളിയാ....അല്ല പിന്നെ!

അനൂപ്‌,
:-) :-)

ചേട്ടായീ,
:-)

ലതി ടീച്ചര്‍,

നന്ദി!

സരിജേ,
കമന്റിനു നന്ദി. പിന്നെ നീലകണ്ഠന്റെ കാര്യം, പറ്റുന്നപോലെയൊക്കെയല്ലേ അനുകരിക്കാന്‍ പറ്റൂ. അല്ലാതെ വഴിയേ പോണ മുണ്ടക്കല്‍ ശേഖരന്‍മാരെയൊക്കെ നമുക്കു പോയി തല്ലാന്‍ പറ്റ്വോ?

The Common Man | പ്രാരബ്ധം said...

കഴിഞ്ഞ ആഴ്ചയിലെ അപ്ഡേറ്റ്സ് :

അലീന മോളുടെ അപ്പന്‍ നല്ലവനാണോ?

തരക്കേടില്ല എന്ന തോന്നുന്നു. പക്ഷേ പുള്ളീടെ അപ്പന്‍ വന്നിട്ടുണ്ട്‌. എന്താകുമോ എന്തോ!

ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?

ഒന്നും പറയാറായിട്ടില്ല.

ആനിയുടെ ദാമ്പത്യം വിജയിക്കുമോ?

ബുദ്ധിമുട്ടാണ്!

ഹര്‍ഷനെ പോലീസ്‌ പിടിക്കുമോ?

പിടിച്ചാല്‍ കഥ കഴിഞ്ഞില്ലേ!

യമുനയുടെ കല്യാണം നടക്കുമോ?

സാധ്യത ഇല്ലാതില്ല..

..
..
..


ഇന്നു പുതിയ ലക്കം കയ്യില്‍ കിട്ടി. വായിച്ചിട്ടു പറയാം!

Kichu $ Chinnu | കിച്ചു $ ചിന്നു said...

a good one jose! :)
infact i too used to read it regularly, from 2nd Standard!!! :D

annokke "maanthrika novel"um "detective novel"um maathrame vaayichirunnulloo... oru 5lokke ethiyapozhekkum vijnaana sampaadanathinte bhaagamaayi oru maathiri ellaam vaayikkumaayirunnu :)

pinne ninnu poyi oru 9-10std kaalathileppozho....