
ധനുമാസക്കുളിരിൽ, പുതച്ചുമൂടി , ഹൈക്കമാന്റിൽ കൈയ്യും തിരുകി കിടന്നുറങ്ങിയിരുന്ന കുമാരനല്ലൂർവാസികളിൽ ചിലരെ, നട്ടപ്പാതിരായ്ക്കു വിളിച്ചുണർത്തി തെറി പറയിപ്പിച്ച, ചില അതിമനോഹരഗാനങ്ങളെപ്പറ്റിയാകട്ടെ ഈ എപ്പിഡോസ്.
പതിവു കരോൾഗാനങ്ങളായ “യഹൂദിയായിലേ” ,“പുല്ക്കുടിലിൽ”, “ദൈവം പിറക്കുന്നൂ” എന്നിവയൊക്കെ 1-2 കൊല്ലം കൊണ്ട് നമ്മുടെ പുള്ളേരൊക്കെ പഠിച്ചെടുത്തു. പിന്നെ ആണ്ടോടാണ്ടിറങ്ങുന്ന “ഏറ്റവും പുതിയ ക്രിസ്ത്മസ് ഗാനങ്ങൾ” എന്ന പാട്ട്പുസ്തകത്തിലെ പാരഡി ഗാനങ്ങളും, സാഹചര്യമനുസരിച്ച് ഉപയോഗിച്ചു പോന്നു.
ചെറുപ്പക്കാരും പിള്ളേരുമൊക്കെയുള്ള സദസ്സുകളിൽ പാരഡി ഗാനങ്ങൾക്കായിരുന്നു മാർക്കറ്റ്. അതുകൊണ്ടു പുസ്തകം വാങ്ങി , ഒരു 5-6 പാട്ടു പാടി സാധകമൊക്കെ ചെയ്താണ് ഞങ്ങൾ പോയിരുന്നത്.
ചില സാമ്പിൾസ് ഇങ്ങനെ :
താരകമൊന്നതുദിക്കുന്നു കിഴക്ക് പൊൻവാനിൽ,
പൊന്നോമലേശു പിറക്കുന്നു ബേത്ലഹെം നാട്ടിൽ,
പൊൻ പ്രഭവിടരുന്നൂ, ഭൂലോകം വാഴ്ത്തുന്നു,
മണ്ണിലും വിണ്ണിലും മാലാഖാവൃന്ദം വാഴ്ത്തിപ്പാടുന്നൂ വാഴ്ത്തിപ്പാടുന്നൂ...
( ചന്ദ്രലേഖയിലെ ‘ഒന്നാം വട്ടം കണ്ടപ്പം’ എന്ന രീതിയിൽ ഒന്നു കൂടി വായിച്കു നോക്കൂ )
കുളിരിൽ പൂത്തൊരു താരകമേ, കരളിൻ ചേതന നീയല്ലോ,
ശാന്തി സമാധാനം നല്കാൻ, വന്നുപിറന്നൂ ശ്രീയേശു,
മഞ്ഞുപൊഴിയുന്നു,കുളിരുന്നു, മാമരം കോച്ചുന്നു
സുന്ദരസുരഭിലമീരാത്രി...
( സോനാ കിത്നാ സോനാ ഹേ - ഹീറോ നമ്പർ 1)
പിന്നെ ദാലേർ മെഹന്തി മോഡലിൽ “ പാടാം ഹല്ലേലൂയ്യ..പാടാം ഹല്ലേലൂയ്യ..” എന്നൊക്കെയുള്ള അടിച്ചുപൊളികളും.
പക്ഷേ ഞങ്ങടെ മാസ്റ്റർ പീസുകളായി മാറിയ രണ്ട് പാട്ടുകളുണ്ട്. അവയുടെ കഥകൾ ഇങ്ങനെ :
ഒരു തവണ കുമരകത്ത്, എന്റെ തറവാട്ടിലുരുന്നു വല്ല്യപ്പനോട് കരോളിനു പോയ കാര്യമൊക്കെ പറഞ്ഞ കൂട്ടത്തിൽ, ചില വീട്ടുകാരൊന്നും വാതിലു പോലും തുറക്കില്ല എന്നു എന്റെ അനിയൻ പറഞ്ഞു. അന്നേരം അച്ചായൻ ഒരു പാട്ടു പറഞ്ഞു തന്നു - ഇങ്ങനെയുള്ള അവസരത്തിൽ ഉപയോഗിക്കാൻ.
ഐഡിയ ഇങ്ങനെയായിരുന്നു - എത്ര ബഹളം വെച്ചാലും , വാതിൽ തുറക്കാതെ വരുമ്പോ, കൊട്ടൊക്കെ നിറുത്തി ഇങ്ങനെ പാടുക
“ഞങ്ങളു വന്നല്ലോ, നിങ്ങറ്റെ മുറ്റത്തേ..
ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം
ചേട്ടോ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം
ചേച്ച്യേ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം”
പിറ്റേക്കൊല്ലം തന്നെ ഇതു ഞങ്ങൾ പ്രായോഗികമാക്കി. പടക്കം പൊട്ടിച്ചാൽ പോലും എഴുന്നേറ്റു വരാത്ത പാർട്ടീസൊക്കെ ചമ്മിയ ചിരിയോടെ വന്നു കാശു തരാനും തുടങ്ങി.
അടുത്തത്, ഒരല്പ്പം കോണ്ഡ്രവേഴ്സി ഉണ്ടാകിയ രചനയാണ്. ആര് എവിടുന്നു ഇതു പഠിച്ചെടുത്തു എന്നോർമ്മയില്ല. പക്ഷേ, പുള്ളേർക്കെല്ലാം പാട്ടു നന്നായി ഇഷ്ടപ്പെട്ടു. പാട്ട് പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നു ഇതു പാടിക്കേപ്പിച്ചപ്പോ മാഗിടീച്ചറിനു അത്ര ബോധിച്ചില്ല. എന്താ സംഗതി എന്നല്ലേ?
“നർത്തകീ..... ഉണരൂ.. മോഹിനി... ഉണരൂ” എന്നൊക്കെയുള്ള ഒരു പഴയ ഗാനമാണ് മൂലകൃതി. ഞങ്ങൾ പാടിയിരുന്നത്, അതിന്റെ പാരഡി. വരികൾ ഇങ്ങനെ :
“ യേശു ചറപറ ചറപറ കാലിട്ടടിച്ചൂ..
ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ...
യൗസേപ്പ് സന്തോഷത്താൽ തുള്ളിച്ചാടീ..
ഇടയർ ഉണ്ണ്യെത്തന്നെ നോക്കിയിരുന്നു...
ഉണ്ണിക്ക്...വിശന്നൂ...ഉടനേ ...കരഞ്ഞൂ...
അപ്പോൾ.. മറിയം.... കൊടുത്തു.. അമ്മിഞ്ഞ...”
ആ അവസാനവരിയാണ് പ്രശ്നം. പക്ഷേ എനിക്കു അതു വളരെ ഹൃദ്യമായാണ് തോന്നിയത്. ഒരു മാതൃ-പുത്ര ബന്ധത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലേ അത്.
എനിവേ, പിന്നീട് പോയ വീടുകളിൽ പലയിടത്തും ഞങ്ങളീ പാട്ടു പാടി. ആളും തരവുമൊക്കെ നോക്കി അവസാനവരി പാടും, ചിലയിടത്ത് അതങ്ങ് വിഴുങ്ങും.
(നേരം കിട്ടിയാൽ തുടരും..)
കരോൾ ഗാനങ്ങൾ : 3
NB : “ശാന്തരാത്രി.. ശിവരാത്രി” എന്നാണ് ചില മിടുക്കന്മാർ ആദ്യത്തെ 2-3 വീടുകളിൽ പാടിയത്!!