Monday, 1 September 2008

നരസിംഹം...

മമ്മൂട്ടിയുടെ പുതിയ പടം പരുന്തിന്റെ റിലീസും അതുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുമൊക്കെ കേട്ടപ്പോ, ഇതുപോലെ റിലീസ്‌ പടങ്ങള്‍ കണ്ടു നടന്നിരുന്ന കാലം ഓര്‍മ്മ വരുന്നു. [ കാലം.. അതാണു കാലം...]

കോട്ടയം പട്ടണത്തില്‍ കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോയി തുടങ്ങിയതു ഏഴാം ക്ലാസ്സു മുതലാണു. സ്ഥിരമായി പോയി തുടങ്ങിയതു ഒമ്പതാം ക്ലാസ്സില്‍ വെച്ചും. വീട്ടില്‍ പറഞ്ഞും പറയാതെയും എത്രയെത്ര സിനിമകള്‍! കോട്ടയത്തെ [അനുപമ, അഭിലാഷ്‌,ആനന്ദ്‌, ആഷ, പിന്നെ വല്ലപോഴും അനശ്വര]തിയറ്ററുകളിലെ സീറ്റുകളില്‍ നിതംബക്ഷതങ്ങള്‍ മാറി മാറി ഏല്പ്പിച്ചിരുന്ന കാലം.

2000 ജനുവരി 26-നാണ്‌ നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയുമായി നരസിംഹം റിലീസായതു. 2 ദിവസം മുമ്പു തന്നെ കോട്ടയം പട്ടണവും പ്രാന്ത പ്രദേശങ്ങളും പോസ്റ്ററുകള്‍ കൊണ്ട്‌ നിറഞ്ഞു. കറുത്ത ഷര്‍ട്ടില്‍ ചെറിയ വെള്ള നക്ഷത്രങ്ങളുള്ള ഷര്‍ട്ടിട്ടു, കയ്യില്‍ മുനയുള്ള ഒരു ഇടിവളയൊക്കെ കേറ്റി ലാലേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു. റിലീസു ഷോ തന്നെ കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

അന്നു രാവിലെ തന്നെ പോയി ടിക്കറ്റിനായി ഗുസ്തി പിടിക്കണം എന്നൊക്കെ തീരുമാനിച്ചു ഇരിക്കുമ്പോഴാണു ഒരു ചെറിയ തടസ്സം നേരിട്ടതു. ജനുവരി ആദ്യ ആഴ്ച കോട്ടയത്തു വെച്ചു നടന്ന ഒരു ഉപന്യാസമല്‍സരത്തിനു എനിക്കും കിട്ടിയിരുന്നു ഒരു സമ്മാനം. അതിന്റെ കാശ് അവാര്‍ഡ്, റിപ്പബ്ലിക്കു ദിന പരേഡിന്റെ സമയത്തു അന്നത്തെ മന്ത്രി [പരേതനായ] സഖാവു്‌ ടി.കെ.രാമകൃഷണന്റെ കയ്യില്‍ നിന്നും കൈപ്പറ്റണം.

കുടുങ്ങി! പരേഡും കലാപരിപാടികളുമൊക്കെ കഴിഞ്ഞു കാശ്‌കയ്യില്‍ കിട്ടുമ്പോ സമയം പോകും. പോയില്ലെങ്കിലും കുഴപ്പമില്ല, കാശ്‌ സ്കൂളിലോട്ടു വന്നോളും എന്നു പറഞ്ഞെങ്കിലും അപ്പന്‍ സമ്മതിച്ചില്ല. ഞാന്‍ അവിടെപ്പോയി തന്നെ മേടിക്കണം, പോരാത്തതിനു പുള്ളിയും വരുന്നുണ്ടു, അപ്പോ എല്ലാം ഒത്തു!

ഒക്കെ ഞങ്ങളേറ്റു എന്നു പറഞ്ഞ സ്നേഹസ്തീര്‍ത്ഥ്യരില്‍ വിശ്വാസമര്‍പ്പിച്ചു രാവിലെ മേല്‍പ്പറഞ്ഞ ചടങ്ങിനു പോയി ഇടപാടെല്ലാം തീര്‍ത്തിട്ടു അഭിലാഷില്‍ എത്തിയപ്പോ ഗേറ്റ് തുറന്നിരുന്നു.ഫസ്റ്റ് ക്ളാസിന്റെ ക്യൂ നീണ്ട് നീണ്ട് കിടക്കുന്നു. കൂട്ടുകാരില്‍ ഒരുത്തനെപ്പോലും കാണാനില്ല. ക്യൂവിന്റെ മുന്‍ഭാഗം ഒരു ഇടനാഴിയിലാണ്‌ നിലയയുറപ്പിച്ചിരിക്കുന്നതു. അതില്‍ അവരുണ്ട്‌ എന്നു വിശ്വസിക്കാമെങ്കിലും, ടിക്കറ്റുമായി പുറത്തു വന്നാലേ അതുറപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടു എന്റെ വഴിക്കും ടിക്കറ്റിനായി ഒരു ശ്രമം നടത്താം എന്നു തീരുമാനിച്ചു, ഞാന്‍ ബാല്‍ക്കണി ക്യൂവിന്റെ ഇടയിലേയ്ക്കു കടന്നു. ടിക്കറ്റിനായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ആന്റിയോ ചേച്ചിയോ കനിയണം , എന്നാലേ രക്ഷയുള്ളൂ.

"[വിനയത്തോടെ] ചേച്ചീ...[അതിവിനയത്തോടെ]..ഒരു ടിക്കറ്റെടുത്തു തരാവോ.."

എന്ന ചോദ്യത്തിന്‌...

"..ഇപ്പോ തന്നെ 4 എണ്ണമുണ്ട്‌ മോനേ... ഒരാള്‍ക്കു രണ്ടെണ്ണമേ തരത്തുള്ളൂ എന്നാ കേട്ടേ..."

എന്നു തുടങ്ങി

".. ആഹാ.. അതു കൊള്ളാല്ലോ... അപ്പോപിന്നെ ഈ ക്യൂ നിക്കുന്നവരെല്ലാം പൊട്ടന്‍മാരാണോ !.."

എന്നു വരെയുള്ള പതിവുമറുപടികള്‍ കേട്ടു തുടങ്ങി. പക്ഷേ അനുകൂലമായ ഒരുത്തരം നഹീ നഹീ.

ഇടിച്ചുതിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം പെട്ടെന്നു ഒന്നൊതുങ്ങുന്നതു കണ്ട ഞാന്‍ , സന്തോഷത്തോടെ മുന്നോട്ടു കേറി ഇരക്കാന്‍ തുടങ്ങിയതാരുന്നു.

എല്ലാം പെട്ടെന്നായിരുന്നു. "ഠപ്പേ!!" എന്നടി വീണതും " എന്റമ്മേ!!!" എന്നു ഞാന്‍ കരഞ്ഞതും എല്ലാം.

ലാത്തി പിടിച്ചു മടുത്ത ഒരു കാക്കി, ആ കാക്കിക്കുള്ളിലെ കലാഹൃദയം ഒരു ചൂരലിലൂടെ പുറത്തെടുത്തത്‌ എന്റെ തോളിലേയ്ക്ക്‌..

അടിയുടെ വേദനയില്‍ ചാടി മാറിയപ്പോ എന്റെ കയ്യിലിരുന്ന ബാഗ്‌ നിലത്തും വീണു. അതിനകത്താണ്‌ , ഒരല്‍പ്പം മുമ്പ്‌ കൈപറ്റിയ സപ്രിട്ടികറ്റ്‌.

ടിക്കറ്റ് കൌണ്ടറിന്റെ മുന്‍വശം പോലീസ്‌ കീഴടക്കി. ആ പ്രദേശത്തോട്ടു ചെല്ലുന്നവനു ചൂരല്‍ കഷായം. " സാറെ.. എന്റെ ബാഗൊന്നെടുക്കണം" എന്നു പറയാനുള്ള ഒരു സാവകാശം പുള്ളി തരുന്ന ലക്ഷണവുമില്ല. എന്തു ചെയ്യും! ആകെപാടെ കണ്‍ഫ്യൂഷന്‍.

എന്തു ചെയ്യും എന്നു വ്യാകുലപെട്ട്‌ ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ നിക്കുമ്പോ, പെട്ടെന്നാണു പിന്നില്‍ നിന്നും വന്ന ഒരു തള്ളലില്‍ ഞാന്‍ തെറിച്ചു മുന്നോട്ട്‌ വീണതു.

കോട്ടയം അഭിലാഷ്‌ തിയറ്റര്‍ അറിയാവുന്നവര്‍ക്കറിയാം, അതിന്റെ ബാല്‍ക്കണി കൌണ്ടര്‍ ഒരു ഓപ്പണ്‍-എയര്‍ തിയറ്റര്‍ പോലെയാണ്‌. ഉയര്‍ന്ന ഒരു പ്രതലത്തില്‍ നിന്നാണ്‌ ചുറ്റും നില്ക്കുന്ന പുരുഷാരം നോക്കുന്നതു.

ക്യൂവിലല്ലാത്ത ആരോ തന്റെ അധികാരപരിധിയിലേയ്ക്കു ചാടി എന്നു മനസ്സിലായ കാക്കി തിരിഞ്ഞു നോക്കിയപ്പോ , ദേണ്ടെ നിക്കുന്നു ഞാന്‍. മുഖം വലിഞ്ഞു മുറുകുന്നു, നടന്നടുക്കുന്നു, ചൂരല്‍ ഉയരുന്നു...

പിന്നെ ഒരലര്‍ച്ചയാണ്‌ അവിടെയെല്ലാവരും കേട്ടതു....

" അയ്യോ.. ഇനീം തല്ലല്ലേ സാറേ.... എന്റെ ബാഗെടുക്കാനാണേ......"

എങ്ങും ശശ്മാന മൂകത. എല്ലവരുടെയും നോട്ടം എന്റെ മുഖത്ത്‌. എന്റെ നോട്ടം പോലീസുകാരന്റെ മുഖത്തു.

നീണ്ട നിശബ്ദതയ്ക്കു ശേഷം പോലീസ്‌ ഉവാച: "എടുത്തോണ്ട്‌ പോടാ.."

ആകെ നാണക്കേടായി. വേറെയേതേലും പടമായിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോന്നേനേ. ലാലേട്ടനെയോര്‍ത്ത്‌ മാത്രം അവിടെ നിന്നു.

ടിക്കറ്റ്‌ കൊടുത്തുതുടങ്ങിയപ്പോ , എനിക്കുവേണ്ട ടിക്കറ്റുമായി മ്മടെ പിള്ളേരിറങ്ങി വന്നു.

പിന്നെയൊരു രണ്ടര-മൂന്ന്‌ മണിക്കൂര്‍ സമയത്തേയ്ക്കു, ആ അടിയുടെ വേദനയൊന്നും ഞാനറിഞ്ഞില്ല.

" ...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്‌, ഇപ്പോ പേരു നരസിംഹം എന്നാണ്‌. ദാ കാണ്‌!!!!......"

11 comments:

The Common Man | പ്രാരാബ്ദം said...

" അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്‌, ഇപ്പോ പേരു നരസിംഹം എന്നാണ്‌. ദാ കാണ്‌!!!!......"

മൈ ഓര്‍മ്മാസ്‌ ഓഫ്‌ ദ റിലീസ്‌ ഓഫ് ദ നരസിംഹം.

Devika said...

thallu vaangal athra puthiya karyam onnum allallo, alle??

again rasakaram :-)

Sarija N S said...

നന്നായിരിക്കുന്നു. :)

The Common Man | പ്രാരാബ്ദം said...

ദേവിക..

ലാലേട്ടന്‍ പറഞ്ഞതു കടമെടുത്താല്‍, 'തല്ല്ലെന്നു പറഞ്ഞാല്‍ കൊടുക്കുക-കൊള്ളുക-വീണ്ടും കൊടുക്കുക, അതാണതിന്റെ ഒരു ലൈന്‍'. പിന്നെന്റെ കാര്യത്തില്‍ ഇപ്പോ എല്ലാം മേടിച്ചുകൂട്ടുന്നു. ഒരു കരുതല്‍ നിക്ഷേപം.

സരിജ

ആക്കിയതല്ലല്ലോ അല്ലേ?

ശ്രീ said...

അതു സാരമില്ലെന്നേ... നരസിംഹം റിലീസിങ്ങിനു കാണാന്‍ വേണ്ടി ഒരടിയൊക്കെ സഹിയ്ക്കാം... ;)

കുറ്റ്യാടിക്കാരന്‍ said...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

അങ്ങനെ അതും സാധിച്ചല്ലേ ? :)

പിന്നെ ഒരു കാര്യം പറയണം എന്നെപ്പൊ കമന്റുമ്പഴും വിചാരിക്കുന്നതാ.. പിന്നെ മറന്ന് പോകും...
പ്രാരാബ്‌ധം എന്നല്ലേ ബ്ദം എന്നല്ല് ല്ലോ

The Layman said...

ഞാനും ഇങ്ങനെ അടി മേടിച്ചിട്ടുണ്ട്..പക്ഷെ ഏത് സിനിമയ്ക്കു വേണ്ടിയാ അടി മേടിച്ചേ എന്ന് ഓര്‍ക്കുമ്പോ കണ്ണ് നിറയും..
"സ്വപ്നകൂട്.."
:-(

അനൂപ് തിരുവല്ല said...

:)

Halod said...

Angane vendum oru kakiyude aakramanam.. enikitu kittiyathu ithu pole moonenam .. :)

The Common Man | പ്രാരാബ്ധം said...

.."എന്നെ പറ്റിച്ചു സിനിമയ്ക്കു പോയ നിന്നെ ലാത്തിക്കടിച്ച പോലീസുകാരനു ഒരു വിശിഷ്ട സേവാ അവാര്‍ഡ് കൊടുക്കണം. നിനക്കു അങ്ങനെതന്നെ വേണമെടാ തെമ്മാടീ..."

ഈ പോസ്റ്റ് വായിച്ചിട്ടു എന്റെയമ്മ എനിക്കയച്ച സന്ദേശം.