[മുമ്പ് ഒരു റൗണ്ട് ഓടിയതാണെങ്കിലും, പുതിയതൊന്നും കയ്യിലില്ലാത്തതിനാലും, കുമാരനല്ലൂര് ഉത്സവം കൊടികേറിയതിനാലും ഒരിക്കല്‍ കൂടി ഇറക്കുന്നു. പ്രതിഷേധമുള്ളവര് , ഒരു കമന്റിട്ട് പ്രതിഷേധിച്ചാട്ടെ.]
1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.
ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ് അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.
ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്‍സവങ്ങള്‍ എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.
ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന്‍ വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.
ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.
ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ് സ്റ്റേജ്. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്‌പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്‍ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ് ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?
കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.
കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള്‍ ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും.
വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്‍ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്.
പൃഥ്വി രാജിനു ഒരു തുറന്ന കത്ത്...
13 years ago